ഹിന്ദുവാകാന്‍ ക്ഷേത്രത്തില്‍ പോവണമെന്ന് നിര്‍ബന്ധമില്ല; വീട്ടില്‍ വിളക്ക് കൊളുത്തുന്നത് പോലും വിശ്വാസം തെളിയിക്കുന്നത്: സുപ്രീം കോടതി
India
ഹിന്ദുവാകാന്‍ ക്ഷേത്രത്തില്‍ പോവണമെന്ന് നിര്‍ബന്ധമില്ല; വീട്ടില്‍ വിളക്ക് കൊളുത്തുന്നത് പോലും വിശ്വാസം തെളിയിക്കുന്നത്: സുപ്രീം കോടതി
നിഷാന. വി.വി
Thursday, 14th May 2026, 8:06 am

ന്യൂദല്‍ഹി: ഹിന്ദുമതം ഒരു ജീവിത രീതിയാണെന്നും ഒരാള്‍ക്ക് ഹിന്ദുവായി തുടരാന്‍ ക്ഷേത്രത്തില്‍ പോവണമെന്നോ ആചാരങ്ങള്‍ അനുഷ്ടിക്കണമെന്നോ നിര്‍ബന്ധമില്ലെന്ന് സുപ്രീം കോടതി.

സ്വന്തം വീടിനുള്ളില്‍ ഒരു വിളക്ക് കൊളുത്തുന്നത് പോലും വിശ്വാസം തെളിയിക്കാന്‍ മതിയാവുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് നിരീക്ഷണം.

ശബരിമലയിലേതുള്‍പ്പെടെയുള്ള ആരാധനാ സവിശേഷതകളും ദാവൂദി ബോറ വിഭാഗമടക്കമുള്ള വിവിധ മതവിഭാഗങ്ങള്‍ പിന്തുടരുന്ന മതസ്വാതന്ത്ര്യത്തിന്റെ പരിധിയും സംബന്ധിച്ച ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

എല്ലാ ഹിന്ദുക്കളും വേദങ്ങളെ പരമോന്നതമായി കാണുന്നുണ്ടോയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രൊഫസര്‍ മോഹന്‍ ഗോപാല്‍ ചോദിച്ചു.

1966ല്‍ വേദങ്ങളെ പരമാധികാരമായി അംഗീകരിക്കുന്നവരാണ് ഹിന്ദുക്കള്‍ എന്ന് നിര്‍വചിക്കപ്പെട്ടതിനെ എതിര്‍ത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇല്ലെന്നും അതിനാലാണ് ഹിന്ദുമതത്തെ ഒരു ജീവിത രീതിയെന്ന് വിളിക്കുന്നതെന്നുമായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ മറുപടി.

ആര്‍ത്തവമുള്ള സ്ത്രീകളോട് വിവേചനം കാണിച്ചിരുന്ന രീതി നേപ്പാള്‍ നീക്കം ചെയ്തുവെന്ന് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ് പറഞ്ഞു.

എന്നാല്‍ ഒരു ആചാരം പിന്തിരിപ്പനാണോയെന്നത് ജുഡീഷ്യല്‍ കാഴ്ചപ്പാടില്‍ കോടതികള്‍ തീരുമാനിക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മനു സിങ്‌വി വാദിച്ചു.

കോടതിയില്‍ വ്യാഴാഴ്ചയും വാദം തുടരും. അമിക്യസ് ക്യൂറിയുടെ ഭാഗം കേട്ടതിന് ശേഷമായിരിക്കും കേസ് വിധി പറയാന്‍ മാറ്റുന്നത്.

Content Highlight: It is not mandatory to go to a temple to become a Hindu; even lighting a lamp at home proves one’s faith: Supreme Court

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.