'അപകീര്‍ത്തി' കുറ്റകരമല്ലാതാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ദി വയറിനെതിരായ കേസില്‍ സുപ്രീം കോടതി
India
'അപകീര്‍ത്തി' കുറ്റകരമല്ലാതാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ദി വയറിനെതിരായ കേസില്‍ സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd September 2025, 9:31 pm

ന്യൂദൽഹി: അപകീർത്തി കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്ന്  സുപ്രീം കോടതി. ഓൺലൈൻ പ്രസിദ്ധീകരണമായ ദി വയറിനെതിരെ ജവർഹലാൽ നെഹ്‌റു സർവകലാശാലയിലെ മുൻ പ്രൊഫസർ അമിത സിങ് നൽകിയ മാനനഷ്ട കേസിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എം.എം സുന്ദരേഷ്, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

2016 ൽ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ടാണ് ദി വയറിനെതിരെ അമിത സിങ് കേസ് നൽകിയത്. ജെ.എൻ.യുവിനെ ‘സംഘടിത ലൈംഗിക റാക്കറ്റിന്റെ ഗുഹ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ജെ.എൻ.യു അധ്യാപകരുടെ സംഘം ഒരു രേഖ തയ്യാറാക്കിയെന്നും അതിന്റെ നേതാവായിരുന്നു പ്രൊഫസർ അമിത സിങ് എന്നും പറഞ്ഞുകൊണ്ടുള്ള ലേഖനമായിരുന്നു ദി വയർ പ്രസിദ്ധീകരിച്ചത്.

തുടർന്ന് ജെ.എൻ.യു മുൻ പ്രൊഫസർ ദി വയറിനെതിരെയും റിപ്പോർട്ടർക്കെതിരെയും മാനനഷ്ടത്തിന് കേസ് നൽകുകയായിരുന്നു.

ഇതിനെതിരെ ദി വയർ സമർപ്പിച്ച ഹരജിയിൽ അമിത സിങ്ങിന് കോടതി നോട്ടീസ് അയച്ചു. ‘എത്രകാലം ഇത് വലിച്ചിഴച്ചു കൊണ്ടുപോകും. ഇതെല്ലാം കുറ്റകരമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു,’ എന്ന് ജസ്റ്റിസ് സുന്ദരേഷ് പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.

കോടതിയുടെ പരാമർശത്തോട് ദി വയറിന്റെ അഭിഭാഷകൻ കപിൽ സിബൽ യോജിച്ചു. ഇന്ത്യയടക്കം ചുരുക്കം ചില രാജ്യങ്ങളാണ് അപകീർത്തിപ്പെടുത്തലിനെ ക്രിമിനൽ കുറ്റമായി കാണുന്നുള്ളൂ.  ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 356 പ്രകാരം ഇന്ത്യയിൽ അപകീർത്തിപ്പെടുത്തൽ ക്രിമിനൽ കുറ്റമാണ്.

Conent Highlight: It is high time to decriminalize ‘defamation’: Supreme Court in case against The Wire