വെസ്റ്റ് ബാങ്ക് ഭൂമി മോഷ്ടിക്കാനുള്ള ശ്രമം; ഇസ്രഈലിന്റെ രജിസ്‌ട്രേഷന്‍ നീക്കത്തെ എതിര്‍ത്ത് ഹമാസ്
Israel Occupation
വെസ്റ്റ് ബാങ്ക് ഭൂമി മോഷ്ടിക്കാനുള്ള ശ്രമം; ഇസ്രഈലിന്റെ രജിസ്‌ട്രേഷന്‍ നീക്കത്തെ എതിര്‍ത്ത് ഹമാസ്
അനിത സി
Sunday, 15th February 2026, 10:50 pm

ഗസ: അധിനിവേശത്തിലൂടെ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ ഇസ്രഈലിന്റേതായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തെ എതിര്‍ത്ത് ഹമാസ്. ഭൂമി മോഷ്ടിക്കാനും ജൂതവത്കരിക്കാനുമാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്ന് ഫലസ്തീന്‍ ഗ്രൂപ്പായ ഹമാസ് അപലപിച്ചു.

നിയമവിരുദ്ധമായ അധിനിവേശ ശക്തിയുടെ അസാധുവായ തീരുമാനമെന്നാണ് ഇതിനെ ഹമാസ് വിശേഷിപ്പിച്ചത്.

‘അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണിത്. വെസ്റ്റ് ബാങ്കില്‍ കുടിയേറ്റവും ജൂതവത്കരണവും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ഇസ്രഈല്‍’, ഹമാസ് പ്രസ്താവനയില്‍ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ് ബാങ്കിലെ വലിയ പ്രദേശങ്ങള്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിന് ഇസ്രഈല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായുള്ള റിപ്പോര്‍ട്ടുകള്‍ ഞായറാഴ്ചയാണ് പുറത്തുവന്നത്.

ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്മോട്രിച്ച്, നീതിന്യായ മന്ത്രി യാരിവ് ലെവിന്‍, പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്സ് എന്നിവര്‍ സമര്‍പ്പിച്ച നിര്‍ദേശത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെ.എ.എന്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

1967ന് ശേഷം ആദ്യമായാണ് ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രഈല്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അനധികൃതമായി ഭൂമി പിടിച്ചെടുക്കുന്ന ഈ നടപടിയിലൂടെ വെസ്റ്റ് ബാങ്കിലെ ഭൂമിയില്‍ സ്ഥിരമായ ഉടമസ്ഥാവകാശം ഇസ്രഈലിന് ലഭിക്കും.

അതേസമയം, അന്താരാഷ്ട്ര നിയമം അനുസരിച്ച് അധിനിവേശ ശക്തികള്‍ക്ക് അധിനിവേശ പ്രദേശങ്ങളിലെ ഭൂമി സ്വന്തമാക്കാന്‍ സാധിക്കില്ല.

1967ന് ശേഷം ഇസ്രഈല്‍ ഫലസ്തീനിലെ പല പ്രദേശങ്ങളും നിയമപരമായ പ്രശ്നങ്ങള്‍ ഔദ്യോഗികമായ രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

അതേസമയം, ഇസ്രഈല്‍ സര്‍ക്കാര്‍ നീക്കത്തെ ഫലസ്തീന്‍ ഭരണകൂടവും അപലപിച്ചിരുന്നു. ഇത് ഗുരുതരമായ കടന്നുകയറ്റമാണ്.

ഇസ്രഈല്‍ ഒപ്പുവെച്ച പല അന്താരാഷ്ട്ര കരാറുകളെ അസാധുവാക്കുന്ന നടപടിയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി പ്രതികരിച്ചതായി വഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Hamas opposes Israel’s registration move, says it is an attempt to steal West Bank land

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍