ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തിട്ട് ഇന്നേക്ക് പത്തുവര്‍ഷം; അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത് ഡോ. മന്‍മോഹന്‍ സിങ്
national news
ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തിട്ട് ഇന്നേക്ക് പത്തുവര്‍ഷം; അവസാനമായി വാര്‍ത്താസമ്മേളനം നടത്തിയത് ഡോ. മന്‍മോഹന്‍ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd January 2024, 10:56 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിട്ട് ഇന്നേക്ക് പത്ത് വര്‍ഷം തികയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണത്തിലെത്തുന്നതിന് മുമ്പാണ് അവസാനമായി രാജ്യത്ത് ഒരു പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം നടന്നിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകനായ പങ്കജ് പച്ചൗരി എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ഈ ഓര്‍മപ്പെടുത്തല്‍.

ഇന്ത്യന്‍ പ്രധാനമന്ത്രി ചോദ്യങ്ങളെ ഭയന്ന പത്തുവര്‍ഷമാണ് കടന്നുപോയതെന്ന് പങ്കജ് പച്ചൗരി കുറിച്ചു. അവസാനമായി ഇന്ത്യയില്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ ഭരണ സമയത്താണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മാധ്യമ പ്രവര്‍ത്തകരുമായി സംവദിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

പത്ത് വര്‍ഷം മുമ്പ് മന്‍മോഹന്‍ സിങ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ താന്‍ മാധ്യമങ്ങളെ ഭയപ്പെടുന്ന ആളല്ലെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ ഒരു വീഡിയോയും പങ്കജ് പച്ചൗരി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. അന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ സെന്‍സര്‍ ചെയ്യപ്പെടാത്ത ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയോട് ചോദിച്ചതെന്ന് പച്ചൗരി കുറിപ്പില്‍ പറയുന്നുണ്ട്.

മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി യു.പി.എ സര്‍ക്കാരിന്റെ നേട്ടങ്ങളും കുറവുകളും മന്‍മോഹന്‍ സിങ് തുറന്നുപറഞ്ഞിരുന്നതായും പച്ചൗരി കൂട്ടിച്ചേര്‍ത്തു.

അതേസമയം പങ്കജ് പച്ചൗരിയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് 2004 മുതല്‍ 2014 വരെ മന്‍മോഹന്‍ സിങ് മൊത്തത്തില്‍ 117 വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയിട്ടുണെന്ന് കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി ചൂണ്ടിക്കാട്ടി.

പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് നരേന്ദ്ര മോദി മാധ്യമങ്ങള്‍ക്ക് മുഖം നല്‍കുന്നതെന്നും പങ്കജ് പച്ചൗരി വിമര്‍ശിച്ചു. വാര്‍ത്താസമ്മേളനം നടത്തുന്നില്ലെന്ന് യു.പി.എ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയവര്‍ തന്നെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ മന്‍ കീ ബാത്തിലൂടെയും മറ്റു പൊതുവായ പ്രസംഗങ്ങളിലൂടെയുമാണ് നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Content Highlight: It has been 10 years since a Prime Minister in India faced the media