തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനും ആരോഗ്യവകുപ്പിനും എതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം.
അപൂര്‍വ്വരോഗമായിട്ടും ഇതിനെ ഫലപ്രദമായി തടയാന്‍ ആരോഗ്യവകുപ്പിന് സാധിച്ചില്ലെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ എം.എല്‍.എ എന്‍.ഷംസുദ്ദീന്‍ വിമര്‍ശിച്ചു.
ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു. കേരളത്തിലെ ആരോഗ്യരംഗം എഴുന്നേറ്റ് നില്‍ക്കാനാകാത്തവിധം തകര്‍ന്നുവീണു.
കപ്പിത്താന്‍ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പല്‍മുങ്ങിപ്പോയെന്നും എന്‍. ഷംസുദ്ദീന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ചുകൊണ്ട് പറഞ്ഞു.
ഈ കപ്പല്‍ പൊങ്ങാന്‍ കഴിയാത്തവിധത്തില്‍ മുങ്ങിപ്പോയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന സംഭവത്തിലും സര്‍ക്കാരിന് എതിരെ ഷംസുദ്ദീന്‍ പ്രതികരിച്ചു.
ലോകത്ത് ഏറ്റവും മുന്നില്‍ നിന്നിരുന്ന സംസ്ഥാനമായിരുന്നു കേരളം. ഇത് മാറി വന്ന എല്ലാ സര്‍ക്കാരുകളും ചേര്‍ന്ന് നേടിയെടുത്തതാണെന്നും പ്രതിപക്ഷം വിശദീകരിച്ചു.
പ്രതിസന്ധി വരുമ്പോള്‍ നമ്പര്‍ വണ്‍ കേരളം എന്ന് പറയുന്നതില്‍ കാര്യമില്ല. പണമുള്ളവരുടെ ഹൃദയം പണിമുടക്കിയാല്‍ മതിയെന്ന അവസ്ഥയാണ് നിലവിലുള്ളത്. സാധാരണക്കാരുടെ ജീവന്‍ വെച്ചാണ് സര്‍ക്കാര്‍ കളിക്കുന്നത്. ആരോഗ്യരംഗത്ത് 2000 കോടിയുടെ കുടിശികയാണ് ഉള്ളത്.