ബെംഗളൂരു: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനായ കെ. കസ്തൂരി രംഗന്‍ (85) അന്തരിച്ചു. ബെംഗളൂരുവിലെ സ്വവസതിയില്‍ വെച്ചായിരുന്നു മരണം. വര്‍ഷങ്ങളായി ഐ.എസ്.ആര്‍.ഒയുടെ സ്‌പേസ് കമ്മീഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് എന്നിവയുടെ തലവനായിരുന്നു ഇദ്ദേഹം. 2003 ഓഗസ്റ്റ് 27 നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
ഐ.എസ്.ആര്‍.ഒ പുറത്തുവിട്ട പ്രസ്താവന പ്രകാരം രാവിലെ 10.43നായിരുന്നു കസ്തൂരി രംഗന്റെ മരണം. ദേശീയ വിദ്യാഭ്യാസ നയത്തിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്ക് പിന്നിലെ പ്രധാന വ്യക്തിയും ഇദ്ദേഹമായിരുന്നു.
പശ്ചിമഘട്ട സംരക്ഷണം മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കസ്തൂരി രംഗന്‍ കമ്മിറ്റിയുടെയും തലവനായിരുന്നു അദ്ദേഹം. ഈ കമ്മിറ്റി റിപ്പോര്‍ട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ചാന്‍സലറായും കര്‍ണാടക നോളജ് കമ്മീഷന്‍ ചെയര്‍മാനായും കസ്തൂരി രംഗന്‍ സേവനമനുഷ്ഠിച്ചു. 2003 മുതല്‍ 2009 വരെ രാജ്യസഭാംഗമായും അന്നത്തെ ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ആദ്യത്തെ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ഭാസ്‌കര I, II എന്നിവയുടെ പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം. PSLV, GSLV വിക്ഷേപണങ്ങള്‍ പോലുള്ള പ്രധാന നാഴികക്കല്ലുകള്‍ക്കും നേതൃത്വം നല്‍കി. ഇദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.