തിരുവനന്തപുരം: കാവിക്കൊടിയേന്തിയ സ്ത്രീയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ഐ.എസ്.ആര്‍.ഒ ജീവനക്കാരന്‍ ജി. പ്രമോദിന് സസ്പെന്‍ഷന്‍. സര്‍വീസ് ചട്ടലംഘനം ആരോപിച്ചാണ് സസ്‌പെന്റ് ചെയ്തത്. കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് സസ്‌പെന്‍ഷനിലുള്ള ജി. ആര്‍ പ്രമോദ്.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പുഷ്പാര്‍ച്ചന നടത്തിയ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ഫോട്ടോയ്ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് ജി. ആര്‍ പ്രമോദിന്റെ സസ്പെന്‍ഷന്‍. സംഭവത്തില്‍ സര്‍വീസ് ചട്ടലംഘനം ഉണ്ടായിട്ടില്ലന്നും ഏകപക്ഷീയമായ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എ. എ റഹീം എം.പി ഐ.എസ്.ആര്‍.ഒ ഡയറക്ടര്‍ക്ക് കത്ത് നല്‍കി.
ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്ന് ആദ്യം പ്രമോദിനെ ഐ.എസ്.ആര്‍.ഒയുടെ വലിയമല ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. വലിയമലയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴായിരുന്നു സസ്‌പെന്റ് ചെയ്തതായി അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. സര്‍വീസ് ചട്ടം ലംഘിക്കുന്ന ഒന്നും പോസ്റ്റില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രമോദ് ഐ.എസ്.ആര്‍.ഒ അധികൃതര്‍ക്ക് മറുപടി നല്‍കിയെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിനെതിരെയുള്ള നടപടി.
പ്രമോദിന്റെ സസ്പെന്‍ഷന്‍ ഏകപക്ഷീയമായ നടപടിയാണെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടവര്‍ ഇപ്പോഴും ജോലിയില്‍ തുടരുകയാണെന്നും എ.എ റഹീം പറഞ്ഞു. അധികൃതരുടെ സസ്പെന്‍ഷന്‍ നടപടിക്കെതിരെ പ്രതിഷേധിച്ച് ജീവനക്കാര്‍ ഐ.എസ്.ആര്‍.ഒ വേളി കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. എ. എ റഹീം എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ജീവനക്കാര്‍.