നെതന്യാഹു - ട്രംപ് ചർച്ച ഫലം കണ്ടില്ല; ഗസയിൽ ആക്രമണം തുടർന്ന് ഇസ്രഈൽ
World News
നെതന്യാഹു - ട്രംപ് ചർച്ച ഫലം കണ്ടില്ല; ഗസയിൽ ആക്രമണം തുടർന്ന് ഇസ്രഈൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th July 2025, 2:48 pm

ഗസ: ഗസ വിഷയത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള കൂടിക്കാഴ്ച ഫലം കണ്ടില്ല. ചർച്ചക്ക് ശേഷവും ഗസയിൽ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രഈൽ. ചൊവ്വാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ ചർച്ചയിൽ കാര്യമായ വഴിത്തിരുവുകളൊന്നും തന്നെ ഉണ്ടായില്ല.

ചർച്ചക്ക് ശേഷം ഗസ മുനമ്പിൽ ഇസ്രഈൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 40 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഒരു കുടുംബത്തിലെ പത്ത് പേരുൾപ്പെടെ ബുധനാഴ്ച്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യുദ്ധം അവസാനിപ്പിക്കാനും ഇസ്രഈലി ബന്ദികളെ മോചിപ്പിക്കാനും സാധ്യതയുള്ള വെടിനിർത്തലിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് ആക്രമണങ്ങൾ നടന്നത്.

ഹമാസ് നശിപ്പിക്കപ്പെടുന്നതുവരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പറഞ്ഞു. അതേസമയം വെടിനിർത്തൽ നടപ്പിലാക്കി ഇസ്രഈൽ ഗാസയിൽ നിന്ന് പിന്മാറിയതിന് ശേഷമെ ബാക്കിയുള്ള ബന്ദികളെ വിട്ടയക്കുവെന്ന് ഹമാസ് പറഞ്ഞെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ 17 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടെ കൊല്ലപ്പെട്ടെന്ന് തെക്കൻ ഗസ നഗരമായ ഖാൻ യൂനിസിലെ നാസർ ആശുപത്രി അധികൃതർ അറിയിച്ചു. നൂറിലധികം ഇടങ്ങൾ കഴിഞ്ഞ ദിവസം മാത്രം അക്രമിച്ചിട്ടുണ്ടെന്ന് ഇസ്രഈൽ സൈന്യം അറിയിച്ചു. സാധാരണക്കാർക്കിടയിൽ ഹമാസ് ആയുധങ്ങളും പോരാളികളെയും ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇസ്രഈൽ സൈന്യം ആരോപിക്കുന്നുണ്ട്.

ഇസ്രഈലിലെ നിയന്ത്രണങ്ങളും ക്രമസമാധാന പാലനത്തിലെ തകർച്ചയും മാനുഷിക സഹായം എത്തിക്കുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാക്കിയിട്ടുണ്ടെന്നും ഇത് വ്യാപകമായ പട്ടിണിക്കും ക്ഷാമത്തിനും കാരണമാകുന്നുണ്ടെന്നും സഹായ സംഘങ്ങൾ പറയുന്നു.

വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടതിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ ടെന്റുകളിലാണ് ഇപ്പോൾ താമസിക്കുന്നത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ഇത്തരം സ്ഥലങ്ങളിലും നിരന്തരമായ ബോംബാക്രമണ ഭീഷണിയുണ്ട്. ഇത്തരത്തിൽ ടെന്റിൽ കഴിയുന്ന അബീർ അൽ-നജ്ജാർ എന്ന വ്യക്തി തന്റെ കുടുംബത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാൻ താൻ പാടുപെടുകയാണെന്ന് പറഞ്ഞു. വേനൽക്കാലത്ത് ജീവിതം വളരെ ദുഷ്‌കരമാണെന്നും കുടിവെള്ളം പോലും ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Israeli strikes kill 40 in Gaza