അടുത്ത ലക്ഷ്യം തുര്‍ക്കിയും ഈജിപ്തും; പരസ്യ പ്രതികരണവുമായി ഇസ്രഈല്‍ ചാരന്‍
Trending
അടുത്ത ലക്ഷ്യം തുര്‍ക്കിയും ഈജിപ്തും; പരസ്യ പ്രതികരണവുമായി ഇസ്രഈല്‍ ചാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th May 2026, 8:58 am

ടെല്‍അവീവ്: ഇസ്രഈല്‍ സമീപ ഭാവിയില്‍ ഈജിപ്തിനേയും തുര്‍ക്കിയേയും ആക്രമിച്ചേക്കാമെന്ന സൂചനകളുമായി ഇസ്രഈല്‍ ചാരനായ ജൊനാതന്‍ പൊള്ളാര്‍ഡിന്റെ പരാമര്‍ശം. ഇറാന് ശേഷം പശ്ചിമേഷ്യയില്‍ കുടുതല്‍ യുദ്ധങ്ങള്‍ക്കായി ഇസ്രഈല്‍ സജ്ജമാകണമെന്ന് ജൊനാതന്‍ പൊള്ളാഡ് ഇസ്രഈല്‍ നാഷനല്‍ ന്യൂസ് ചാനലിലെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

തുര്‍ക്കിയുമായി യുദ്ധമുണ്ടായാല്‍ ആ സാഹചര്യം അത്ര എളുപ്പമായിരിക്കില്ല എന്നും നാറ്റോ അംഗരാജ്യമാണ് തുര്‍ക്കി എന്നും പൊള്ളാര്‍ഡ് ചൂണ്ടിക്കാട്ടുന്നു. ഒരു കൊടുങ്കാറ്റ് വരികയാണ് എന്നാണ് ഭാവിയിലെ സാഹചര്യങ്ങളെ ഇസ്രഈല്‍ ചാരന്‍ വിശേഷിപ്പിച്ചത്.

‘തുര്‍ക്കിയുമായി എളുപ്പത്തിലുള്ള ഒരു സമയമമാണോ നമുക്ക് ഉണ്ടാവുക എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. ഇറാനുമായുള്ളത് അപേക്ഷിച്ച് അത് കടുപ്പമായിരിക്കും. തുര്‍ക്കി സൈനിക ചട്ടങ്ങള്‍ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്,’ പൊള്ളാഡ് പറഞ്ഞു.

തുര്‍ക്കി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈന്യമല്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരു കൊടുങ്കാറ്റ് വരികയാണ് എന്ന് പൊള്ളാഡ് മറുപടി നല്‍കി. നാറ്റോ അംഗരാജ്യമാണ് തുര്‍ക്കി എന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നുവെന്നും പൊള്ളാഡ് പറഞ്ഞു.

‘ഇറാന്‍ തീര്‍ച്ചയായും തീര്‍ക്കേണ്ട പ്രശ്‌നമായിരുന്നു. നമ്മള്‍ ഇപ്പോള്‍ അടുത്ത യുദ്ധത്തിന് സജ്ജമാകേണ്ടതുണ്ട്. അത് തുര്‍ക്കിയുമായോ ഈജിപ്തുനായോ ആയിരിക്കും,’ പൊള്ളാഡ് പറഞ്ഞു.

യു.എസിലെ ടെക്‌സസില്‍ ജനിച്ച പൊള്ളാഡ് ഇസ്രഈലിന് വേണ്ടി ചാരവൃത്തി നടത്തിയതിന് 30 വര്‍ഷം തടവില്‍ കഴിഞ്ഞിരുന്നു. 1984ല്‍ ഇയാള്‍ യു.എസ് രഹസ്യരേഖകള്‍ ഇസ്രഈലിന് വിറ്റതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ശിക്ഷിക്കപ്പെട്ടത്. പിന്നീട് 30 വര്‍ഷം യു.എസ് തടവില്‍ കഴിഞ്ഞ പൊള്ളാഡ് 2015ല്‍ ജയില്‍മോചിതനായി.

തടവില്‍ കഴിയവേ തന്നെ 1995ല്‍ പൊള്ളാഡ് ഇസ്രഈല്‍ പൗരത്വത്തിന് അപേക്ഷിച്ചിരുന്നു. ജയില്‍ മോചിതനായ ശേഷം ഇയാള്‍ യു.എസില്‍ നിന്ന് ഇസ്രഈലിലേക്ക് കുടിയേറുകയും ചെയ്തു.

ഇസ്രഈലിലെ തീവ്ര വലതുപക്ഷ നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ഗ്വിറിനെ പൊള്ളാര്‍ഡ് ദീര്‍ഘകാലമായി പിന്തുണയ്ക്കുന്നുണ്ട്. ഫലസ്തീനില്‍ വംശീയ ഉന്മൂലനം നടത്തണമെന്ന ബെന്‍ ഗ്വിറിന്റെ പ്രസ്താവനയെ ഇയാള്‍ പിന്തുണച്ചിരുന്നു.

Content Highlight: Israeli spy Jonathan Pollard suggests Egypt and Turkey are next targets for war