ടെൽ അവീവ്: സ്ഡെ ടൈമാൻ ജയിലിൽ ഇസ്രഈൽ പട്ടാളക്കാർ ഫലസ്തീൻ മാധ്യമ പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചതായി പുതിയ റിപ്പോർട്ട്. പരിശീലനം ലഭിച്ച നായയെ ഉപയോഗിച്ച് അക്രമിച്ചതായും റിപ്പോർട്ടിലുണ്ട്.
ഏകദേശം അഞ്ച് മാസത്തിന് മുമ്പ് സ്ഡെ ടൈമാൻ തടങ്കൽ കേന്ദ്രത്തിൽ ഇസ്രഈൽ പട്ടാളക്കാർ ഫലസ്തീൻ തടവുകാരെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തത്തിലാണ് പുതിയ റിപ്പോർട്ട്.
ഇസ്രഈൽ ജയിലുകൾക്കുള്ളിൽ മാധ്യമപ്രവർത്തകർക്കെതിരെ രേഖപ്പെടുത്തിയ ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിലൊന്നാണിതെന്ന് ഫലസ്തീൻ സെന്റർ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ജേണലിസ്റ്റിന്റെ ഒരു റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിന് പിന്നാലെ മാധ്യമപ്രവർത്തകയ്ക്ക് കടുത്ത മാനസിക സമ്മർദം അനുഭവപ്പെട്ടതായും രണ്ട് മാസത്തിലേറെയായി അവർ
മാനസികമായ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ഫലസ്തീൻ പത്രപ്രവർത്തക സംരക്ഷണ കേന്ദ്രം പറഞ്ഞു.
മാധ്യമപ്രവർത്തകയ്ക്ക് അക്യൂട്ട് സ്ട്രെസ് ഡിസോഡറും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡറും ഉള്ളതായി പരിശോധിച്ച ശേഷം ഡോക്ടർമാരും മനുഷ്യാവകാശ വക്താക്കളും സ്ഥിരീകരിച്ചു.
ഈ വർഷം ജൂലൈയിലാണ് സംഭവം നടന്നത്. തന്നെയും മറ്റ് ഏഴ് തടവുകാരെയും ഇസ്രഈൽ പട്ടാളക്കാർ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോകുകയും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നും യഹ്യ എന്ന് വിളിക്കുന്ന മാധ്യമപ്രവർത്തക പറഞ്ഞു.
ആക്രമണങ്ങൾ ചിത്രീകരിച്ച് തങ്ങളെ പരിഹസിച്ചെന്നും കൈകളിൽ വിലങ്ങുവെക്കുകയും കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്‌തെന്നും അവർ പറഞ്ഞു. ഏകദേശം മൂന്ന് മിനിട്ടോളം അക്രമിച്ചെന്നും അവർ കൂട്ടിച്ചേർത്തു.
ഈ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് തടവുകാരെ മാനസികമായും ശാരീരികമായും തകർക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത പീഡന നയത്തിന്റെ ഭാഗമാമാണെന്ന് 20 മാസം ഇസ്രഈലി ജയിലുകളിൽ ചെലവഴിച്ച യഹ്യ പറഞ്ഞു.