ലെബനനില്‍ യേശു പ്രതിമ തകര്‍ത്ത് ഇസ്രഈല്‍ സൈനികന്‍: അമേരിക്കയിലെ തീവ്ര വലതുപക്ഷത്തില്‍ നിന്നടക്കം കടുത്ത പ്രതിഷേധം
World News
ലെബനനില്‍ യേശു പ്രതിമ തകര്‍ത്ത് ഇസ്രഈല്‍ സൈനികന്‍: അമേരിക്കയിലെ തീവ്ര വലതുപക്ഷത്തില്‍ നിന്നടക്കം കടുത്ത പ്രതിഷേധം
ആദര്‍ശ് എം.കെ.
Monday, 20th April 2026, 7:36 am

ബെയ്‌റൂട്ട്: : തെക്കന്‍ ലബനനിലെ ഒരു ഗ്രാമത്തില്‍ യേശുവിന്റെ പ്രതിമ തകര്‍ക്കുന്ന ഇസ്രഈല്‍ സൈനികന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ ലോകമെങ്ങും വ്യാപക പ്രതിഷേധം. ഇസ്രാഈല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഡെബെല്‍ എന്ന മരോണൈറ്റ് ക്രിസ്ത്യന്‍ ഗ്രാമത്തിലാണ് സംഭവം.

ഒരു ജാക്ക്ഹാമര്‍ ഉപയോഗിച്ച് സൈനികന്‍ യേശു പ്രതിമ തകര്‍ക്കുന്ന ചിത്രമാണ് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ യൂനിസ് തിരവി എക്‌സിലൂടെ പങ്കുവെച്ചത്. മാര്‍ച്ച് രണ്ടിന് ലബനനില്‍ ആരംഭിച്ച യുദ്ധത്തിന് ശേഷം ഗ്രാമത്തിന്റെ നിയന്ത്രണം ഇസ്രഈല്‍ സൈന്യത്തിന്റെ പക്കലായിരുന്നു

ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇസ്രഈലിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കളില്‍ നിന്നുപോലും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം മര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ ഈ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു. ഓരോ വര്‍ഷവും കോടിക്കണക്കിന് ഡോളര്‍ നികുതിപ്പണവും ആയുധങ്ങളും നല്‍കുന്ന ‘നമ്മുടെ പ്രധാന സഖ്യകക്ഷി’ ചെയ്യുന്ന കാര്യമാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി.

മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം മാറ്റ് ഗെയ്റ്റ്സ് ഈ ദൃശ്യങ്ങളെ ‘ഭീകരം’ എന്നാണ് വിശേഷിപ്പിച്ചത്.

ഇസ്രഈലിന്റെ പിന്തുണയ്ക്കുന്ന മറ്റൊരു പ്രബല വിഭാഗമായ അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികള്‍ക്കിടയിലും ഈ സംഭവം വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്

പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പിന്തുണ വര്‍ധിപ്പിക്കാനായി ഇസ്രഈല്‍ സാധാരണയായി ഉപയോഗിക്കാറുള്ള ‘ജൂഡിയോ-ക്രിസ്ത്യന്‍ മൂല്യങ്ങള്‍’ (Judeo-Christian values) എന്ന പ്രയോഗത്തെ പരിഹസിച്ചുകൊണ്ട് പ്രാദേശിക വിശകലന വിദഗ്ധനായ മുഹമ്മദ് ഷെഹാദയും രംഗത്തെത്തി.

ഇസ്രഈലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കും അവരുടെ വിശുദ്ധ സ്ഥലങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുരോഹിതര്‍ക്ക് നേരെയുള്ള ശാരീരിക ആക്രമണങ്ങളും അവഹേളനങ്ങളും വര്‍ധിച്ചിട്ടുണ്ട്. തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്മാരും കുടിയേറ്റക്കാരുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ആരോപണമുണ്ട്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇസ്രഈല്‍ പൊലീസ് പലപ്പോഴും തയ്യാറാകുന്നില്ലെന്ന ആരോപണവുമുണ്ട്.

അതേസമയം, സൈനികന്റെ നടപടിയില്‍ ഇസ്രഈല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐ.ഡി.എഫ്) അനേവേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

സൈനികന്റെ ഈ പ്രവര്‍ത്തി സൈന്യത്തിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ഇസ്രഈല്‍ സൈനിക വക്താവ് പ്രസ്താവിച്ചു. ചിത്രം ആധികാരികമാണോ എന്ന് പരിശോധിച്ചുവരികയാണെന്ന് ആദ്യം അറിയിച്ചെങ്കിലും, പ്രാഥമിക പരിശോധനയില്‍ ചിത്രം യഥാര്‍ത്ഥമാണെന്ന് വ്യക്തമായതായി ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു

മാര്‍ച്ച് 2-ന് ആരംഭിച്ച യുദ്ധത്തിന് ശേഷം വെള്ളിയാഴ്ച നിലവില്‍ വന്ന വെടിനിര്‍ത്തലിന് പിന്നാലെയാണ് ഈ ദൃശ്യം പുറത്തുവന്നത്.

നേരത്തെ, ജെറുസലേമില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ തടഞ്ഞ ഇസ്രഈല്‍ നടപടിക്കെതിരെയും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ജെറുസലേമിലെ സെപ്പല്‍ക്കര്‍ പള്ളിയില്‍ (Church of the Holy Sepulcher) ഓശാന ഞായര്‍ ശുശ്രൂഷകള്‍ നടത്തുന്നതില്‍ നിന്ന് ഫലസ്തീനി ക്രിസ്ത്യാനികളെ ഇസ്രഈല്‍ അധികൃതര്‍ തടഞ്ഞത്.

ഘോഷയാത്രകള്‍ ഒഴിവാക്കി പള്ളിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച വൈദികരെ പള്ളിക്കുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്ന് സഭാ വൃത്തങ്ങള്‍ അറിയിച്ചു. ദശലക്ഷക്കണക്കിന് ക്രൈസ്തവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നീക്കമാണിതെന്ന് ലാറ്റിന്‍ പാത്രിയര്‍ക്കേറ്റും വ്യക്തമാക്കി.

വിഷയത്തില്‍ ഹമാസ് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

വിശുദ്ധ നഗരത്തെ ‘ജൂതവത്കരിക്കാനുള്ള’ (Judaizing) ഇസ്രഈലിന്റെ പ്രായോഗിക നയങ്ങളുടെ ഭാഗമാണിതെന്ന് ഹമാസ് പറഞ്ഞു.

നഗരത്തിന്റെ ഇസ്‌ലാമിക-ക്രൈസ്തവ സ്വത്വം തകര്‍ക്കാനും ചരിത്രപരമായ അടയാളങ്ങള്‍ ഇല്ലാതാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ഹമാസ് കുറ്റപ്പെടുത്തി.

Content Highlight:  Israeli soldier destroys Jesus statue in Lebanon: Strong protests around the world

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.