സുന്നികളെയും ഷിയകളെയും പുറത്താക്കി സിറിയ കീഴടക്കാന്‍ ഇസ്രഈല്‍ കുടിയേറ്റക്കാര്‍: 'ഗ്രേറ്റര്‍ ഇസ്രഈല്‍' ലക്ഷ്യമിട്ട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍
World News
സുന്നികളെയും ഷിയകളെയും പുറത്താക്കി സിറിയ കീഴടക്കാന്‍ ഇസ്രഈല്‍ കുടിയേറ്റക്കാര്‍: 'ഗ്രേറ്റര്‍ ഇസ്രഈല്‍' ലക്ഷ്യമിട്ട് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍
ആദർശ് എം.കെ.
Friday, 3rd July 2026, 8:10 pm

ഡമാസ്‌കസ്: ദക്ഷിണ സിറിയയിലെ പ്രദേശങ്ങള്‍ കൈവശപ്പെടുത്തി പുതിയ കുടിയേറ്റ കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള നീക്കങ്ങള്‍ ഇസ്രഈല്‍ കുടിയേറ്റ ഗ്രൂപ്പുകള്‍ ശക്തമാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പയനീര്‍സ് ഓഫ് ബാഷന്‍ എന്ന സംഘടനയാണ് ഈ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സിറിയയിലെ ബാഷര്‍ അല്‍-അസദ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ഉണ്ടായ സുരക്ഷാ ശൂന്യത മുതലെടുത്ത്, 1974ലെ വെടിനിര്‍ത്തല്‍ രേഖ ലംഘിച്ച് മുന്നേറാനാണ് ഇവരുടെ ലക്ഷ്യം.

തുടക്കത്തില്‍ തീവ്രവാദ സ്വഭാവമുള്ള ചില ചെറിയ ഗ്രൂപ്പുകളുടെ നീക്കമായിട്ടാണ് ഇത് ആരംഭിച്ചതെങ്കിലും, നിലവില്‍ ഇസ്രഈല്‍ സര്‍ക്കാരിലെ ഉന്നത മന്ത്രിമാരില്‍ നിന്നും പാര്‍ലമെന്റായ നെസറ്റിലെ അംഗങ്ങളില്‍ നിന്നും ഇവര്‍ക്ക് വലിയ രീതിയിലുള്ള രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ഫണ്ട് ശേഖരണവും ആളുകളെ റിക്രൂട്ട് ചെയ്യലും ഇവര്‍ സജീവമാക്കിയിട്ടുണ്ട്. സിറിയയ്ക്ക് പുറമെ ലെബനന്‍, ഗസ തുടങ്ങിയ പ്രദേശങ്ങളും ലക്ഷ്യമിടുന്ന വിവിധ അധിനിവേശ സംഘടനകള്‍ ഇപ്പോള്‍ പരസ്പരം ഏകോപിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഗ്രേറ്റര്‍ ഇസ്രഈല്‍ എന്ന ആശയത്തിലൂന്നിയാണ് ഈ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. ബൈബിള്‍ പ്രകാരം സിറിയയുടെ ഭാഗമായ ‘ബാഷന്‍’ പ്രദേശം തങ്ങളുടെ പൂര്‍വിക ഭൂമിയാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഈ പ്രദേശത്തെ തങ്ങളുടേതാക്കി മാറ്റാന്‍ അവിടെയുള്ള സുന്നി, ഷിയാ മുസ്‌ലിങ്ങളെ പുറത്താക്കണമെന്നും നശിപ്പിക്കണമെന്നും ഇവര്‍ പരസ്യമായി ആഹ്വാനം ചെയ്യുന്നു.

സിറിയയുടെ തെക്കന്‍ പ്രവിശ്യയായ ദാരാ വരെ കുടിയേറ്റം വ്യാപിപ്പിക്കാനാണ് സംഘടനയുടെ മുഖ്യ വക്താവായ അമോസ് അസാരിയ ലക്ഷ്യമിടുന്നത്. ഭൂമിശാസ്ത്രപരമായ ഈ അധിനിവേശത്തെ ഒരു തന്ത്രപ്രധാനമായ സുരക്ഷാ ആവശ്യമായാണ് ഇവര്‍ ചിത്രീകരിക്കുന്നത്.

കുടുംബങ്ങളെയും കുട്ടികളെയും ഒപ്പം കൂട്ടുക വഴി ഇതൊരു മാനുഷികമായ സിവില്‍ നീക്കമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അതിര്‍ത്തി കടന്ന് ഇവര്‍ നടത്തുന്ന നീക്കങ്ങളെ തടയാന്‍ ഇസ്രഈല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ തന്ത്രങ്ങളോ നിയന്ത്രണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല.

ഇസ്രഈല്‍ സര്‍ക്കാരിലെ പ്രധാന മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും പിന്തുണ ഈ നീക്കത്തിനുണ്ട് എന്നത് അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു.

ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, പ്രവാസി കാര്യ മന്ത്രി അമിചായ് ചിക്ലി, കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഷ്‌ലോമോ കര്‍ഹി തുടങ്ങിയവര്‍ കുടിയേറ്റക്കാര്‍ക്ക് പരസ്യ പിന്തുണ നല്‍കുകയോ അവര്‍ക്കായി സൗകര്യങ്ങള്‍ ഒരുക്കാന്‍ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്.

കൂടാതെ ഇസ്രഈല്‍ പാര്‍ലമെന്റായ നെസെറ്റില്‍ ഈ സംഘടനയെ ഔദ്യോഗികമായി ആദരിക്കുന്ന ചടങ്ങുകളും സംഘടിപ്പിക്കപ്പെട്ടു.

2025 ഓഗസ്റ്റ് മുതല്‍ സിറിയന്‍ അതിര്‍ത്തി ലംഘിച്ച് കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ഈ ഗ്രൂപ്പ് നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി 2025 ഓഗസ്റ്റില്‍ സിറിയന്‍ മണ്ണില്‍ ‘ബാഷന്‍ ഒയാസിസ്’ (Bashan Oasis) എന്ന പേരില്‍ ആദ്യമായി കുടിയേറ്റത്തിനുള്ള നീക്കം അവര്‍ രേഖപ്പെടുത്തി.

തുടര്‍ന്ന് 2026 ഫെബ്രുവരിയില്‍, ‘ബാഷന്‍ നേച്ചര്‍ റിസര്‍വ്’ (Bashan Nature Reserve) എന്ന കുടിയേറ്റ കേന്ദ്രത്തിനായി സിറിയയില്‍ പ്രവേശിച്ച് തറക്കല്ലിടല്‍ ചടങ്ങും അവര്‍ സംഘടിപ്പിച്ചു. കൂടാതെ, 2026 മെയ് മാസത്തില്‍ മജ്ദല്‍ ഷംസ് അതിര്‍ത്തിയിലെ വേലിയില്‍ ചങ്ങലയിട്ട് ബന്ധിച്ചുകൊണ്ട് കുടിയേറ്റത്തിന് സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതി തേടി ഇവര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു.

 

Content Highlight: ‘Israeli settlers to conquer Syria by ousting Sunnis and Shiites’: Far-right groups aim for ‘Greater Israel’

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.