ജെറുസലേം: അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ സൈന്യത്തെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഒരു സംഘം കുടിയേറ്റക്കാര്‍ ചേര്‍ന്നാണ് സൈനികരെ ആക്രമിച്ചത്. വെസ്റ്റ് ബാങ്കിലെ റാമല്ലയുടെ വടക്കുകിഴക്കായി കാഫര്‍ മാലിക്കിനടുത്തുള്ള ഒരു ഔട്ട്പോസ്റ്റിന് സമീപത്തായാണ് സംഭവം.
കഴിഞ്ഞ ദിവസം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ള സൈനിക മേഖല വിട്ടുപോകണമെന്ന സൈനിക ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്ന് ആറ് കുടിയേറ്റക്കാരെ സൈന്യം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സൈന്യവും കുടിയേറ്റക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലിനിടെ ഒരു പതിനാല് വയസുകാരന് വെടിയേറ്റതായും തോളിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനുപിന്നാലെയാണ് കുടിയേറ്റക്കാര്‍ സൈന്യത്തെ ആക്രമിച്ചത്. സൈനികര്‍ക്ക് നേരെ കുടിയേറ്റക്കാര്‍ കല്ലെറിഞ്ഞുവെന്നും ചിലര്‍ സൈനികരെ ശ്വാസം മുട്ടിച്ച് മര്‍ദിച്ചതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
മുഖംമൂടി ധരിച്ച കുറച്ച് പേര്‍ ചേര്‍ന്ന് സൈനികവ്യൂഹത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് സൈനികര്‍ പറയുന്നത്. കല്ലേറുണ്ടായ ഉടന്‍ കുടിയേറ്റക്കാര്‍ക്ക് നേരെ ഫലസ്തീനികളെന്ന് കരുതി സൈനികര്‍ വെടിയുതിര്‍ക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ഇത്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാകരുതെന്ന് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് എക്സില്‍ കുറിച്ചു. സ്‌മോട്രിച്ചാണ് വെസ്റ്റ് ബാങ്കിലെ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ കൈകാര്യം ചെയ്യുന്നത്. കുടിയേറ്റക്കാര്‍ക്ക് നേരെയുള്ള വെടിവെപ്പില്‍ ഇസ്രഈല്‍ നെസറ്റിലെ കുടിയേറ്റ നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു സ്‌മോട്രിച്ചിന്റെ പ്രതികരണം. ജൂതന്മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത് നിഷിദ്ധവും അപകടകരവുമാണെന്നാണ് ധനമന്ത്രി പറഞ്ഞത്.
ഇതിനിടെ വിഷയത്തില്‍ ഇസ്രഈല്‍ സൈന്യത്തിനുള്ളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി തോന്നുന്നുവെന്ന് നെസെറ്റ് അംഗം ലിമോര്‍ സോണ്‍ ഹാര്‍ മെലെക് എക്സില്‍ എഴുതി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ ജൂത പവര്‍ പാര്‍ട്ടിയിലെ അംഗമാണ് ലിമോര്‍ സോണ്‍ ഹാര്‍ മെലെക്.