ടെൽ അവീവ്: ഗസക്കെതിരായ യുദ്ധം അവസാനിപ്പിക്കണമെന്നും തടവിലാക്കപ്പെട്ട ഇസ്രഈലി ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ടെൽ അവീവിൽ റാലി നടത്തി ആയിരക്കണക്കിന് ഇസ്രഈലികൾ.
ഇസ്രഈലി ഗ്രൂപ്പായ ഹോസ്റ്റേജസ് ആൻഡ് മിസ്സിങ് ഫാമിലീസ് ഫോറമാണ് പ്രതിഷേധ റാലി നടത്തിയത്. അതേസമയം ഇസ്രഈലി സൈനിക ആസ്ഥാനത്തിന് പുറത്ത് തടവിലാക്കപ്പെട്ടവരുടെ കുടുംബങ്ങളുടെ മറ്റൊരു പ്രകടനം നടന്നു. കൂടാതെ ടെൽ അവീവിലെ ഹബീമ സ്ക്വയറിൽ മറ്റൊരു സർക്കാർ വിരുദ്ധ പ്രതിഷേധവും നടന്നു.
ഇസ്രഈലിന്റെ യഥാർത്ഥ ശത്രു ഹമാസല്ല, മറിച്ച് ജൂത, ജനാധിപത്യ രാഷ്ട്രമായ ഇസ്രഈലിനെ നശിപ്പിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണെന്ന് ഹബീമ സ്ക്വയറിൽ നടന്ന പ്രതിഷേധത്തിൽ പ്രതിഷേധക്കാർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നെതന്യാഹു ഇപ്പോഴും വ്യക്തിപരവും രാഷ്ട്രീയവുമായ നേട്ടങ്ങൾക്കായി യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്നും, ഏതെങ്കിലും തരത്തിലുള്ള വെടിനിർത്തൽ കരാറിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്ത ആളാണ് അദ്ദേഹം എന്നും ഗസയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന ഇസ്രഈലി തടവുകാരുടെ കുടുംബാംഗങ്ങൾ പറയുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
‘ഗസയിൽ ഇപ്പോഴും 59 പേർ തടവിലുണ്ട്. അവരിൽ 35 പേർ മരിച്ചതായി സ്ഥിരീകരിച്ചതായി ഇസ്രഈലി ഉദ്യോഗസ്ഥർ പറയുന്നു. 21 പേർ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു, മൂന്ന് പേരുടെ കാര്യം ഇപ്പോഴും അജ്ഞാതമാണ്. ഗസയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പോകുകയാണെന്നും ഒരു തരത്തിലുള്ള വെടിനിർത്തൽ കരാറിലേക്കും ഇപ്പോൾ നീങ്ങുന്നില്ലെന്നും ഇസ്രഈൽ ഉദ്യോഗസ്ഥർ പറയുന്നു. ആ തടവുകാരെ മോചിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം സൈനിക മാർഗങ്ങളാണെന്നും അവർ പറയുന്നു. തടവുകാരുടെ കുടുംബാംഗങ്ങളും ഇസ്രഈൽ സമൂഹത്തിലെ വലിയൊരു വിഭാഗവും ഇതിനോട് യോജിക്കുന്നില്ല,’ പ്രതിഷേധക്കാർ പറഞ്ഞു.
തിങ്കളാഴ്ച ഗസയിൽ നെതന്യാഹു വിപുലമായ ആക്രമണം പ്രഖ്യാപിച്ചതിന് ശേഷം ബന്ദികളാക്കിയവരുടെയും കാണാതായവരുടെയും കുടുംബങ്ങളുടെ ഫോറം ഒരു പ്രസ്താവനയിൽ ഈ നീക്കത്തെ വിമർശിച്ചിരുന്നു.
പിന്നാലെ പ്രതിഷേധക്കാർ ജറുസലേം, ഹൈഫ, ബീർഷെബ എന്നിവയുൾപ്പെടെ മറ്റ് നഗരങ്ങളിലും ഇസ്രഈലിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഇസ്രഈലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം രണ്ട് ഇസ്രഈലി ബന്ദികളെ ജീവനോടെ കാണിക്കുന്ന ഒരു വീഡിയോ ഹമാസിന്റെ സായുധ വിഭാഗം ശനിയാഴ്ച പുറത്തിറക്കിയിരുന്നു. അവരിൽ ഒരാൾ 19 മാസമായി നീണ്ടുനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് കാണാം.