ടെല്‍അവീവ്: ഇസ്രഈല്‍ തടവറയില്‍ അനുഭവിച്ച ക്രൂരതകളെയും പീഡനങ്ങളെയും കുറിച്ച് തുറന്ന് പറഞ്ഞ് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ മുജാഹിദ് ബാനി മുഫ്‌ലെഹ്. ഇസ്രഈല്‍ തടങ്കല്‍ വിശപ്പിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് പഠിപ്പിച്ചുവെന്നും തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നും മുഫ്‌ലെഹ് പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ നബ്ലസിന് തെക്കുള്ള ബീറ്റ സ്വദേശിയായ അദ്ദേഹത്തെ 2025 ജൂണിലാണ് ഇസ്രഈല്‍ ഭരണകൂടം തടവിലാക്കിയത്. 14 മാസത്തെ തടങ്കലിന് ശേഷം 2026 ജനുവരിയില്‍ അദ്ദേഹം മോചിതനായി.
മോചിതനായ ശേഷമുള്ള തന്റെ ചികിത്സാ കാലയളവിനെക്കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം തന്റെ അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞത്. ജയിലില്‍ കടുത്ത പട്ടിണിയും അപമാനവും നിരന്തരമായ വേദനയുമാണ് താന്‍ അനുഭവിച്ചതെന്ന് അദ്ദേഹം കുറിച്ചു. തടവിനും മുമ്പും ശേഷവുമുള്ള തന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഭക്ഷണം, വെള്ളം, നല്ല ആരോഗ്യം, സ്വാതന്ത്ര്യം തുടങ്ങിയ ചെറിയ അനുഗ്രഹങ്ങളുടെ മൂല്യം മനസിലാക്കാന്‍ ഈ അനുഭവം കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം, മോചിതനായി രണ്ട് ദിവസത്തിന് ശേഷം മുജാഹിദ് ബാനിക്ക് തലച്ചോറില്‍ കടുത്ത രക്തസ്രാവം ഉണ്ടായി. തുടര്‍ന്ന് അദ്ദേഹത്തിന് നിരവധി ശസ്ത്രക്രിയകള്‍ നടത്തേണ്ടി വന്നു, ഇപ്പോഴും ദീര്‍ഘകാലമായി ചികിത്സയിലാണ്.
തടവറയില്‍ വെച്ചുണ്ടായ ശാരീരിക-മാനസിക പീഡനങ്ങള്‍, പട്ടിണി, വൈദ്യസഹായം നിഷേധിക്കല്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നും സംഘടന പറഞ്ഞു. ഇസ്രഈല്‍ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീന്‍ തടവുകാര്‍ നേരിടുന്ന ക്രൂരതയുടെ ഒരു ഉദാഹരണം മാത്രമാണിതെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബറില്‍ ഗസയ്‌ക്കെതിരായ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ 245 ലധികം ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരെ ഇസ്രഈല്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പി.പി.എസ് വ്യക്തമാക്കി.
എന്നാല്‍, സുരക്ഷാ കാരണങ്ങളാലാണ് തടങ്കല്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും തടവറകളില്‍ വ്യവസ്ഥാപിതമായ പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു ഇസ്രഈലിന്റെ വാദം.
Content Highlight: Israeli prison taught me the true meaning of hunger; Palestinian journalist shares before and after release photo
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.