'ഭീകരതയ്ക്ക്' വധശിക്ഷ നല്‍കുന്ന ബില്‍ പാസാക്കി ഇസ്രഈല്‍ പാര്‍ലമെന്റ്
ISREAL-PALESTINE
'ഭീകരതയ്ക്ക്' വധശിക്ഷ നല്‍കുന്ന ബില്‍ പാസാക്കി ഇസ്രഈല്‍ പാര്‍ലമെന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th November 2025, 3:08 pm

ടെല്‍ അവീവ്: ‘തീവ്രവാദത്തിന്’ വധശിക്ഷ നല്‍കുന്ന ബില്‍ പാസാക്കി ഇസ്രഈല്‍ പാര്‍ലമെന്റ്. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. 120 അംഗങ്ങളുള്ള സഭയില്‍ 39 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.

16 പേര്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ പ്രതിപക്ഷം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച ‘ഗസ സമാധാന പദ്ധതി’യുടെ അടിസ്ഥാനത്തില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് ഇസ്രഈല്‍ മന്ത്രി വധശിക്ഷാ ബില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ജൂത രാഷ്ട്രത്തെ ദ്രോഹിക്കാന്‍ പദ്ധതിയിടുന്നവരെ ലക്ഷ്യമിട്ടാണ് നിയമനിര്‍മാണമെന്ന് ബെന്‍ ഗ്വിറും അദ്ദേഹത്തിന്റെ ഒട്‌സ്മ യെഹൂദിത് പാര്‍ട്ടിയും പറഞ്ഞു. ബില്ലിന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേയും ലികുഡ് പാര്‍ട്ടിയുടെയും പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് ഘട്ടം കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ബില്‍ നിയമമാകുകയുള്ളു. നിലവില്‍ ബെന്‍ ഗ്വിര്‍ അവതരിപ്പിച്ച ബില്‍ നിയമനിര്‍മാണ സമിതിയുടെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ നിയമം വെസ്റ്റ് ബാങ്കിലെ സൈനിക കോടതികളില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലും വധശിക്ഷ വിധിക്കാന്‍ അനുവാദം നല്‍കുന്നു. കൂടാതെ പ്രദേശിക സൈനിക കമാന്‍ഡര്‍മാരുടെ അധികാരം ബില്‍ ഇല്ലാതാക്കുകയും ചെയ്യും.

ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് അന്താരാഷ്ട്ര തലത്തില്‍ ഉയരുന്നത്. ബെന്‍ ഗ്വിറിന്റേത് തീവ്രവാദികളെയല്ല ഫലസ്തീനികളെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഫലസ്തീനികളെ വംശഹത്യക്കിരയാക്കുന്ന തീവ്രവാദികളെയല്ല പുതിയ നിയമം ലക്ഷ്യമിടുന്നത്.

ഇസ്രഈല്‍ അധിനിവേശത്തിനെതിരെ നിലകൊള്ളുന്ന ഫലസ്തീനികള്‍ക്കാണ് പ്രായോഗികമായി വധശിക്ഷ ബാധകമാകുക എന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനായ ആംനസ്റ്റി ഇന്റര്‍നാഷണലും വിഷയത്തില്‍ പ്രതികരിച്ചു.

ബെന്‍ ഗ്വിറിന്റെ ബില്ലില്‍ യാതൊരു കഴമ്പുമില്ല. 39 അംഗങ്ങളുടെ പിന്തുണയോടെ ഫലസ്തീനികള്‍ക്കെതിരെ മാത്രം വധശിക്ഷ വിധിക്കാന്‍ കോടതികളെ നിര്‍ബന്ധിക്കുന്ന ഒരു ബില്ലിനാണ് ഇസ്രഈല്‍ ആദ്യഘട്ട അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍ഷണലിന്റെ സീനിയര്‍ ഡയറക്ടര്‍ എറിക്ക ഗുവേര റോസാസ് പറഞ്ഞു.

Content Highlight: Israeli parliament passes bill imposing death penalty for ‘terrorism’