ടെല്‍ അവീവ്: ഇസ്രഈലില്‍ അല്‍ ജസീറ ചാനല്‍ കാണുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമിര്‍ ബെന്‍ഗ്വിര്‍. ചാനലിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ ഇത് കാണുന്നവര്‍ക്കെതിര കര്‍ശനമായ നടപടി സ്വീകരിക്കണമെന്നുമാണ് തീവ്ര വലതുപക്ഷ മന്ത്രിയായ ബെന്‍ഗ്വിര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ടെലിവിഷന്‍ പ്രസ്താവനയിലൂടെയാണ് ബെന്‍-ഗ്വിര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രഈലിലെ അല്‍ ജസീറയുടെ സാന്നിധ്യം നിയന്ത്രിക്കണമെന്ന് ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ ഇതാദ്യമായല്ല ആവശ്യപ്പെടുന്നത്. 2024 മെയില്‍, കിഴക്കന്‍ ജറുസലേമിലെ അല്‍ ജസീറയുടെ ഓഫീസ് ഇസ്രഈല്‍ സൈന്യം റെയ്ഡ് നടത്തി ഉപകരണങ്ങള്‍ കണ്ടുകെട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് രാജ്യത്ത് അല്‍ ജസീറയെ ഇസ്രഈല്‍ നിരോധിക്കുകയും ചെയ്തിരുന്നു. അന്ന് ഇസ്രഈലിന്റെ നീക്കം മാധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണെന്ന് അന്താരാഷ്ട്ര സംഘടനകള്‍ പറഞ്ഞിരുന്നു.
അല്‍ ജസീറ റിപ്പോര്‍ട്ടര്‍മാരെ ‘ഗസ തീവ്രവാദികള്‍’ എന്നും ഇസ്രഈല്‍ മുമ്പ് അധിക്ഷേപിച്ചിരുന്നു. ഗസ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ ജസീറയുടെ ആറ് മാധ്യമപ്രവര്‍ത്തകര്‍ ഫലസ്തീന്‍ ഗ്രൂപ്പായ ഹമാസിലും ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദിലും (പി.ഐ.ജെ) അംഗങ്ങളാണെന്നും ഇസ്രഈല്‍ സൈന്യം ആരോപിക്കുകയുണ്ടായി. എന്നാല്‍ ഇസ്രഈലിന്റെ ഈ അവകാശവാദം അല്‍ ജസീറ ശക്തമായി തള്ളിയിരുന്നു.
അല്‍ ജസീറ ഹമാസ് മുഖപത്രമാണെന്നും ഇസ്രഈല്‍ ദീര്‍ഘകാലമായി ആരോപിക്കുന്നുണ്ട്. ഇസ്രഈലിന് പുറമെ അധിനിവേശ വെസ്റ്റ്ബാങ്കിലെ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും ഉത്തരവിട്ടിരുന്നു. ഫലസ്തീന്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്.
ഗസയിലേയും വെസ്റ്റ്ബാങ്കിലേയും മനുഷ്യര്‍ നേരിടുന്ന ക്രൂരതകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന അറബ് മാധ്യമമാണ് അല്‍ ജസീറ.