ജെറുസലേം: ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിറിന്റെ അധികാരങ്ങള്‍ താത്ക്കാലികമായി വെട്ടിച്ചുരുക്കി ഹൈക്കോടതി. പൊലീസ് സേനയുടെ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി അനാവശ്യമായി ഇടപെടുന്നുവെന്നും അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള ഹരജികളിലാണ് കോടതിയുടെ സുപ്രധാന ഇടപെടല്‍.
പബ്ലിക് ബ്രോഡ്കാസ്റ്ററായ കെ.എ.എന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, പൊലീസ് സേനയിലെ നിയമനങ്ങള്‍, ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം, സേനയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ എന്നീ കാര്യങ്ങളിലാണ് കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജസ്റ്റിസ് ഐസക് എമിറ്റ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ചാണ് ഹരജികളില്‍ വാദം കേട്ടത്.
പൊലീസ് കമ്മീഷണറുടെ ശുപാര്‍ശയില്ലാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിയമനങ്ങളുമായി മുന്നോട്ട് പോകാന്‍ ഇനി ബെന്‍ ഗ്വിറിന് കഴിയില്ല. കൂടാതെ, ഇത്തരം നിയമനങ്ങളെക്കുറിച്ച് ഗവണ്‍മെന്റിന്റെ നിയമ ഉപദേഷ്ടാവായ അറ്റോര്‍ണി ജനറല്‍ ഗാലി ബഹരവ്-മിയാരയെ മുന്‍കൂട്ടി അറിയിക്കേണ്ടതുണ്ട്.
അതുപോലെ അന്വേഷണങ്ങള്‍, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വീടുകളില്‍ നടത്തുന്ന റെയ്ഡുകള്‍ പോലുള്ള പ്രവര്‍ത്തനങ്ങളിലും ബെന്‍ ഗ്വിര്‍ ഇടപെടുന്നത് കോടതി തടഞ്ഞു.
ജറുസലേമിലെ ഹൈക്കോടതിക്ക് പുറത്ത് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറിനെ പിന്തുണക്കുന്നവര്‍ നടത്തിയ പ്രകടനം
പൊലീസ് കമ്മീഷണര്‍ ഡാനി ലെവിയുടെ സാന്നിധ്യമില്ലാതെ ഉദ്യോഗസ്ഥരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനും ബെന്‍ ഗ്വിറിന് നിയന്ത്രണമുണ്ട്.
ഏകദേശം 10 മണിക്കൂര്‍ നീണ്ടുനിന്ന വാദം കേള്‍ക്കല്‍ അത്യന്തം നാടകീയമായിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ‘ഒട്സ്മ യെഹൂദിറ്റി’ന്റെ നേതാവായ ബെന്‍-ഗ്വിറിനെ പിന്തുണച്ച് നിരവധി അനുയായികളും ജനപ്രതിനിധികളും കോടതി പരിസരത്ത് തടിച്ചുകൂടി. ജുഡീഷ്യറിയുടെ നടപടി ‘സ്വേച്ഛാധിപത്യം’ എന്ന് വിശേഷിപ്പിച്ച പ്രതിഷേധക്കാര്‍ ജഡ്ജിമാര്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി.
കോടതി നടപടികള്‍ക്കിടെ ജഡ്ജിമാരെ ശകാരിച്ച തീവ്ര വലതുപക്ഷ എം.പിമാരായ ടാലി ഗോട്‌ലിവ്, മേ ഗോളന്‍ തുടങ്ങിയവരെ ചീഫ് ജസ്റ്റിസ് കോടതിമുറിയില്‍ നിന്ന് പുറത്താക്കി. താന്‍ ഭരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്നും നിയമവ്യവസ്ഥയുടെ ‘പാവയല്ലെന്നും’ ബെന്‍-ഗ്വിര്‍ കോടതിക്ക് പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ബെന്‍-ഗ്വിറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയമപാലകരുടെ സ്വതന്ത്ര സ്വഭാവത്തെ തകര്‍ക്കുന്നുവെന്നായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കാനുള്ള ശ്രമമാണിതെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ ഡേവിഡ് പീറ്റര്‍ ആരോപിച്ചു.
എന്നാല്‍ ബെന്‍ ഗ്വിറിന്റെ ഇരട്ട നിലപാടുകളെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിഷേധക്കാരെ മര്‍ദിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും അറബ് വംശജര്‍ക്കുമെതിരെ നടപടിയെടുക്കുന്നവര്‍ക്ക് മന്ത്രി പരസ്യ പിന്തുണ നല്‍കുമ്പോള്‍, ഹരേദിം വിഭാഗക്കാരെ മര്‍ദ്ദിക്കുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് കോടതി നിരീക്ഷിച്ചു.
സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ ബെന്‍ഗ്വിര്‍ നിയോഗിച്ച പ്രത്യേക വിഭാഗത്തെ ‘സോവിയറ്റ് യൂണിയനിലെ സമാന്തര സ്ഥാപനങ്ങളോടാണ്’ ജസ്റ്റിസ് അലക്‌സ് സ്റ്റെയിന്‍ ഉപമിച്ചത്.
ബെന്‍-ഗ്വിറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും, അത്തരമൊരു കടുത്ത നടപടി സ്വീകരിക്കാന്‍ കോടതി തത്ക്കാലം തയ്യാറായില്ല.
‘ഒരു മന്ത്രിയെ പുറത്താക്കുന്നത് ലോകത്തെവിടെയും ഏറ്റവും തീവ്രമായ നടപടിയാണെന്ന്’ ജസ്റ്റിസ് സ്റ്റെയിന്‍ ഓര്‍മ്മിപ്പിച്ചു. പകരം, മന്ത്രിയുടെ അധികാരങ്ങള്‍ നിയന്ത്രിക്കാന്‍ അറ്റോര്‍ണി ജനറലുമായി ചേര്‍ന്ന് ഒരു പുതിയ ഒത്തുതീര്‍പ്പ് കരാറിലെത്താന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
ഇസ്രഈല്‍ നീതിന്യായ മന്ത്രി യാരിവ് ലെവിന്‍ കോടതിയുടെ ഈ ഇടപെടലുകളെ ശക്തമായി എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ടുപോകാനാണ് സാധ്യത.
Content Highlight: Israeli High Court ‘temporarily’ restricts powers of National Security Minister Ben-Gvir