ടെല്‍ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈലി കുടിയേറ്റ കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ സുരക്ഷാ ആസ്തികളാണെന്ന് ഇസ്രഈലി സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ അവി ബ്ലൂത്ത്.
ഫലസ്തീനികളെ അവരുടെ സ്വന്തം മണ്ണില്‍ നിന്ന് വംശീയമായി ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിടുന്നതാണ് ഇത്തരം കേന്ദ്രങ്ങളെന്ന ആഗോളതലത്തിലുള്ള വിമര്‍ശനങ്ങള്‍ക്കിടെയാണ് സൈനിക മേധാവിയുടെ ഈ പരസ്യ പിന്തുണ.
തീവ്രനിലപാടുകാരായ കുടിയേറ്റക്കാര്‍ വെറുമൊരു ചെറിയ ശതമാനം മാത്രമാണെന്ന രാജ്യാന്തര സമൂഹത്തിന് മുന്നിലെ ഔദ്യോഗിക ഇസ്രഈല്‍ വാദങ്ങളെ പൂര്‍ണമായി തള്ളിക്കളയുന്നതാണ് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥന്റെ ഈ വെളിപ്പെടുത്തല്‍.
ഒരു ഫാം യൂണിയന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഇസ്രഈലിന്റെ സെന്‍ട്രല്‍ കമാന്‍ഡ് തലവനായ അവി ബ്ലൂത്ത് ഈ വിവാദ പ്രസ്താവന നടത്തിയത്. ഇത്തരം ഔട്ട്പോസ്റ്റുകള്‍ ഇസ്രഈലിന്റെ സൈനിക തന്ത്രങ്ങളുമായും സുരക്ഷാ സങ്കല്‍പ്പങ്ങളുമായും കൃത്യമായി ഒത്തുപോകുന്നതാണെന്ന് അയാള്‍ പറഞ്ഞു.
സ്വയം ഒരു കുടിയേറ്റക്കാരന്‍ കൂടിയായ ബ്ലൂത്ത്, ഈ കേന്ദ്രങ്ങളിലുള്ളവരോട് തനിക്ക് വലിയ ബഹുമാനമാണെന്നും അവര്‍ ചെയ്യുന്നത് വലിയ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. സൈനിക തന്ത്രങ്ങളും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളുടെ വളര്‍ച്ചയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണ് ഇത് വ്യക്തമാക്കുന്നത്.
അന്താരാഷ്ട്ര നിയമപ്രകാരവും ഇസ്രഈലിന്റെ സ്വന്തം നിയമപ്രകാരവും ഈ ഔട്ട്പോസ്റ്റുകള്‍ നിയമവിരുദ്ധമാണ്.
സൈന്യത്തിന് നേരിട്ട് നിയന്ത്രിക്കാന്‍ കഴിയാത്ത തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ കൈക്കലാക്കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ ഉപയോഗിക്കപ്പെടുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഒറി ഗോള്‍ഡ്‌ബെര്‍ഗ് ചൂണ്ടിക്കാട്ടി. ഫലസ്തീനികള്‍ക്കെതിരായ അക്രമങ്ങള്‍ക്കും വംശീയ ഉന്മൂലനത്തിനും ഇത്തരം കേന്ദ്രങ്ങള്‍ നേതൃത്വം നല്‍കുന്നതായും അദ്ദേഹം ആരോപിച്ചു.
‘കാര്‍ഷിക ഔട്ട്പോസ്റ്റുകള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഇവ വഴി ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുകയും കന്നുകാലി മേയ്ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് തദ്ദേശീയരെ ഭീഷണിപ്പെടുത്തി തുരത്തുകയും ചെയ്യുന്നു.
2023 ഒക്ടോബറിന് ശേഷം മാത്രം ഇത്തരത്തിലുള്ള 120 കേന്ദ്രങ്ങള്‍ വഴിയുണ്ടായ അക്രമങ്ങളെത്തുടര്‍ന്ന് 118 പലസ്തീന്‍ സമൂഹങ്ങള്‍ കുടിയൊഴിപ്പിക്കപ്പെട്ടതായി ‘പീസ് നൗ’ (Peace Now), ‘കെറെം നാവോട്ട്’ (Kerem Navot) എന്നീ സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കുടിയേറ്റ കേന്ദ്രങ്ങളിലെ അക്രമികള്‍ വെറും ന്യൂനപക്ഷം മാത്രമാണെന്ന് വിദേശ രാജ്യങ്ങളില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെടുമ്പോഴും, ആഭ്യന്തരമായി ഈ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ഉപകരണങ്ങളും കന്നുകാലി സബ്സിഡികളും സൈനിക സംരക്ഷണവും നല്‍കുന്നുണ്ട്.
ഇസ്രഈല്‍ ഭരണകൂടത്തിന്റെ നേരിട്ടുള്ള പിന്തുണയോടെ നടക്കുന്ന വംശീയ ഉന്മൂലനവും ഫലസ്തീന്‍ ജനതയെ കുടിയൊഴിപ്പിക്കലുമാണ് വെസ്റ്റ് ബാങ്കിലേതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളും വിശകലന വിദഗ്ധരും കുറ്റപ്പെടുത്തി.
ഫലസ്തീന്‍ ജനതയെ അവരുടെ മണ്ണില്‍ നിന്ന് പുറത്താക്കാനും ഭൂമി പിടിച്ചെടുക്കാനുമുള്ള തന്ത്രപ്രധാനമായ ആയുധമായാണ് ഈ കാര്‍ഷിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആംനസ്റ്റി വ്യക്തമാക്കി.
Content Highlight: Israeli general claims illegal settlements in Palestine are security assets; critics allege state support for ethnic cleansing.