ഗസയില്‍ ആക്രമണം ശക്തമാക്കി ഇസ്രഈല്‍; രണ്ടാമത്തെ ബഹുനിലക്കെട്ടിടവും തകര്‍ത്തു
World News
ഗസയില്‍ ആക്രമണം ശക്തമാക്കി ഇസ്രഈല്‍; രണ്ടാമത്തെ ബഹുനിലക്കെട്ടിടവും തകര്‍ത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th September 2025, 7:22 am

ജെറുസലേം: ഗസ സിറ്റിയിലെ രണ്ടാമത്തെ ബഹുനില കെട്ടിടവും തകര്‍ത്ത് ഇസ്രഈല്‍ സൈന്യം. ഇസ്രഈല്‍ പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സാണ് ഗസയില്‍ കെട്ടിടം തകരുന്നതിന്റെ വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തത്. ‘ഞങ്ങള്‍ തുടരുകയാണ്’ എന്ന കുറിപ്പോടെയായിരുന്നു ഇസ്രഈല്‍ കാറ്റ്‌സിന്റെ പോസ്റ്റ്.

ഇസ്രഈല്‍ തകര്‍ത്ത സുസി ടവര്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നാണ് ഐ.ഡി.എഫ് അവകാശപ്പെടുന്നത്. ഹമാസ് ഈ അവകാശവാദം നിഷേധിച്ചു. ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തോട് ഗസ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ടെല്‍ അവീവിലെ പ്രതിരോധ സേന (ഐ.ഡി.എഫ്) കടുത്ത ആക്രമണമാണ് നഗരത്തിന്റെ വടക്കുഭാഗത്ത് നടത്തുന്നത്.

ഗസയില്‍ ആക്രമണം ശക്തമാക്കുന്ന ഇസ്രഈല്‍ സൈന്യം ഫലസ്തീന്‍ നിവാസികളോട് തെക്കന്‍ പ്രദേശത്തേക്ക് പോകാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കഴിഞ്ഞദിവസം (ശനി) ആക്രമണത്തിന് മുന്നോടിയായി ഇസ്രഈല്‍ ഫലസ്തീനികള്‍ തെക്കന്‍ പ്രദേശത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്ത് ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഈ പ്രദേശത്തെ സൈന്യം മാനുഷിക മേഖല എന്നാണ് വിളിച്ചത്.

ഗസ നഗരം ഹമാസിന്റെ കേന്ദ്രമാണെന്നും 2023 ഒക്ടോബറില്‍ ടെല്‍ അവീവില്‍ നടന്ന ആക്രമണമാണ് മേഖലയില്‍ യുദ്ധത്തിന് കാരണമായ തെന്നും, പലസ്തീനികളെ പരാജയപ്പെടുത്താന്‍ ഗസ പിടിച്ചടക്കേണ്ടതുണ്ടെന്നുമാണ് നെതന്യാഹു വിശ്വസിക്കുന്നത്.

ഖാന്‍ യൂനിസിനും തീരപ്രദേശത്തിനും ഇടയിലുള്ള അല്‍-മവാസിയിലേക്ക് ഫലസ്തീനികളോട് മാറാന്‍ ഐ.ഡി.എഫ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പ്രദേശത്തെ ടെന്റുകളും ക്യാമ്പുകളും തിരക്കേറിയതും സുരക്ഷിതമല്ലാത്തതുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല അവിടെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ഖസാ സിറ്റി വിട്ട് തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസ് പ്രദേശമായ അല്‍-മവാസിയിലേക്ക് പ്രദേശവാസികള്‍ പോകണമെന്ന് ഇസ്രഈല്‍ സൈന്യത്തിന്റെ വക്താവ് അദ്രെയ് എക്‌സില്‍ കുറിച്ചിരുന്നു. അല്‍-മവാസിയിലേക്ക് മാറുന്നവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും പാര്‍പ്പിടവും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ചൊവ്വാഴ്ച അല്‍-മവാസയില്‍ വെള്ളത്തിനായി ക്യൂ നില്‍ക്കുന്നതിനിടെ അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.

Content Highlight: Israeli forces have demolished a second high-rise building in Gaza City