റോം: ഇസ്രഈല്‍ സൈന്യം ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുതിന് ശേഷം പെരുമാറിയത് അതിക്രൂരമായെന്ന് വെളിപ്പെടുത്തലുകള്‍. ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളുമായി പോയ ആക്ടിവിസ്റ്റുകള്‍ക്ക് വൃത്തിയുള്ള ഭക്ഷണമോ വെള്ളമോ ലഭിച്ചില്ലെന്നും വൃത്തിഹീനമായ ചുറ്റുപാടിലാണ് താമസിപ്പിച്ചതെന്നും മുമ്പ് തുര്‍ക്കിയിലേക്ക് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് റോമില്‍ തിരിച്ചെത്തിയ ഇറ്റാലിയന്‍ പൗരന്മാര്‍ തങ്ങള്‍ നേരിട്ട ക്രൂരതകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇസംതാംബുളിലേക്ക് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റുകളില്‍ പലരും ഇറ്റലിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
‘ഇസ്രഈല്‍ സേന വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങളെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ഉപദ്രവിച്ചു’, ഇറ്റാലിയന്‍ ആക്ടിവിസ്റ്റായ സീസര്‍ ടൊഫാനി പറഞ്ഞതായി എ.എന്‍.എസ്.എ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

‘അക്രമാസക്തരായാണ് ഇസ്രഈല്‍ സേന ഞങ്ങളെ നേരിട്ടത്. ഞങ്ങള്‍ക്ക് നേരെ തോക്കുചൂണ്ടി. ഇതൊരിക്കലും അംഗീകരിക്കാനാവുന്നതല്ല. ജനാധിപത്യരാജ്യമെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അമ്പരപ്പിച്ചു’,ഇറ്റലിയിലെ യൂണിയന്‍ ഇസ്‌ലാമിക് കമ്മ്യൂണിറ്റീസ് പ്രസിഡന്റായ യാസിന്‍ ലഫ്രാം പറഞ്ഞു. ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ യാത്രികരായിരുന്ന ഇവരെ ഇസ്രഈല്‍ ശനിയാഴ്ചയാണ് നാടുകടത്തിയത്.
ഇസ്രഈല്‍ സൈനികര്‍ മരുന്നുകള്‍ പിടിച്ചെടുക്കുകയും കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകളെ കുരങ്ങുകളെ പോലെയാണ് കൈകാര്യം ചെയ്തതെന്നും ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുായ സാവേരിയോ ടൊമാസി പറഞ്ഞു.
സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബര്‍ഗിനെയും നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനായ മണ്ട്‌ല മണ്ടേലയും ഉള്‍പ്പടെയുള്ള ആക്ടിവിസ്റ്റുകളെ ഇസ്രഈല്‍ സൈനികര്‍ പരിഹസിച്ചിരുന്നു. പലപ്പോഴും തരംതാണരീതിയിലാണ് സംസാരിച്ചത്. ചിരിക്കാനുള്ള സാഹചര്യങ്ങള്‍ അല്ലാതിരുന്നിട്ടുകൂടി വെറുതെ കളിയാക്കി ചിരിക്കുകയും ചെയ്‌തെന്നും ടൊമാസി മാധ്യമങ്ങളോട് വെളിപ്പെടുത്തി.




