ടെല്‍ അവീവ്: ഫലസ്തീന്‍ ബാലന്റെ സ്വപ്നങ്ങളെ ആസ്പദമാക്കി നിര്‍മിച്ച സിനിമയ്ക്ക് പുരസ്‌കാരം ലഭിച്ചതോടെ ഫിലിം അക്കാദമിക്കുള്ള ധനസഹായം വെട്ടിക്കുറച്ച് ഇസ്രഈല്‍ സാംസ്‌കാരിക മന്ത്രി മിക്കി സോഹാര്‍. അവാര്‍ഡ് ദാന ചടങ്ങിനുള്ള ധനസഹായം ഉള്‍പ്പെടെയാണ് വെട്ടിക്കുറച്ചത്.
Miki Zohar
ഫലസ്തീന്‍ അനുകൂലതയുണ്ടെന്നും ഇസ്രഈല്‍ സൈനികരെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ഷാജി കാര്‍മെലി പൊള്ളാക്കിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ദി സീ’ എന്ന ഫീച്ചര്‍ സിനിമയാണ് പുരസ്‌കാരം നേടിയത്. ബഹെര്‍ അഗ്ബരിയയാണ് സിനിമ നിര്‍മിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ നിന്നുള്ള ഒരു 12 വയസുകാരന്‍ കടല്‍ കാണാന്‍ ആഗ്രഹിച്ച് യാത്രതിരിക്കുന്നതാണ് സിനിമയുടെ കഥ.
ടെല്‍ അവീവിലേക്കുള്ള യാത്രക്കിടെ ഇസ്രഈല്‍ സേനയുടെ ചെക്ക് പോസ്റ്റില്‍ വെച്ച് പ്രവേശനം നിഷേധിക്കപ്പെടുന്നതോടെ, രഹസ്യമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന ഖാലിദ് എന്ന 12 വയസുകാരനും മകനെ തിരക്കിയിറങ്ങുന്ന അച്ഛനുമാണ് ‘ദി സീ’യിലെ മുഖ്യകഥാപാത്രങ്ങള്‍.
സിനിമയിലെ ഖാലിദ് കഥാപാത്രത്തെ അവതരിപ്പിച്ചത് മുഹമ്മദ് ഗസാവി എന്ന ബാലനാണ്. ദി സീയിലൂടെ ഗസാവിയും പുരസ്‌കാരം കരസ്ഥമാക്കി. മികച്ച നടനുള്ള പുരസ്‌കാരമാണ് ഗസാവി സ്വന്തമാക്കിയത്. ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവ് കൂടിയാണ് ഗസാവി.
‘ഇസ്രഈല്‍ ഓസ്‌കര്‍’ എന്നറിയപ്പെടുന്ന ഓഫിര്‍ അവാര്‍ഡുകളിലാണ് ദി സീ ഇടംപിടിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമാണ് സിനിമ നേടിയത്. ഒപ്പം അടുത്ത വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രിയുമാണ് ഈ സിനിമ. അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലായിരിക്കും ദി സീ മത്സരിക്കുക.
എന്നാല്‍ ‘ഇസ്രഈല്‍ സൈനികര്‍ക്ക് നേരെ തുപ്പുന്ന അപമാനകരമായ ചടങ്ങിന് ഇസ്രഈല്‍ പൗരന്മാര്‍ അവരുടെ പോക്കറ്റില്‍ നിന്ന് പണം ചെലവഴിക്കില്ല,’ എന്നാണ് സാംസ്‌കാരിക മന്ത്രി മിക്കി സോഹാര്‍ പറഞ്ഞത്.
അതേസമയം ദി സീ ഓരോ കുട്ടിയുടെയും സമാധാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ഈ സിനിമ തങ്ങള്‍ ഉപേക്ഷിക്കില്ല, അതിന് തങ്ങള്‍ക്ക് കഴിയില്ലെന്നും നിര്‍മാതാവായ ബഹെര്‍ അഗ്ബരിയ പറഞ്ഞു.
അടുത്തിടെ ഇസ്രഈലുമായി ബന്ധമുള്ള ചലച്ചിത്ര സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ആയിരത്തിലധികം സിനിമാ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇസ്രഈല്‍ ഫിലിം അക്കാദമിയില്‍ നിന്ന് സുപ്രധാനമായ ഒരു തീരുമാനമുണ്ടാകുന്നത്.
ദി സീയ്ക്കുള്ള പുരസ്‌കാരം ഏറ്റവും ശക്തവും നിര്‍ണായകവുമായ പ്രതികരണമാണെന്ന് ഇസ്രഈല്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ചെയര്‍മാനായ അസാഫ് അമീര്‍ പറഞ്ഞു.
Content Highlight: Israeli culture minister defunds prestigious film awards