ഹിന്ദ് റജബിനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് ഇസ്രഈലി കമാൻഡർ: റിപ്പോർട്ട്
Trending
ഹിന്ദ് റജബിനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് ഇസ്രഈലി കമാൻഡർ: റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd October 2025, 8:56 pm

ഗസ: ആറ് വയസുള്ള ഫലസ്തീൻ പെൺകുട്ടി ഹിന്ദ് റജബും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനു നേരെ ആക്രമണം നടത്തുന്നതിന് ഉത്തരവിട്ടത് ഇസ്രഈലി സൈനിക കമാൻഡറാണെന്ന് റിപ്പോർട്ട്.

ഇസ്രഈൽ സൈന്യത്തിലെ കമാൻഡറായ മേജർ ഷോൺ ഗ്ലാസാണ് ഈ ഉത്തരവ് നൽകിയതെന്ന് ഹിന്ദ് റജബ് ഫൗണ്ടേഷനും അൽജസീറയും റിപ്പോർട്ട് ചെയ്തു. മാ ഖാഫിയാ ആദം (Tip of the Iceberg) എന്ന ഡോക്യുമെന്ററിയിലൂടെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

401ാമത്തെ ആംഡ് ബ്രിഗേഡിന്റെ 52ാമത്തെ ബറ്റാലിയനിലെ ‘വാമ്പയർ എംപയർ’ എന്ന കമ്പനിയുടെ കമാൻഡറാണ് ഷോൺ ഗ്ലാസ്. ഹിന്ദ് റജബും കുടുംബവും സഞ്ചരിക്കുന്ന വാഹനത്തിനുനേരെ ആക്രമണം നടത്തുമ്പോൾ ഷോൺ ഗ്ലാസ് ടാങ്കിനുള്ളിലുണ്ടായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

വാഹനത്തിനുനേരെയുണ്ടായ ആക്രമണത്തിൽ റജബിന്റെയും ആറംഗ കുടുംബത്തിന്റെയും കൊലപാതകത്തെ അന്താരാഷ്ട്ര തലത്തിൽ ലോകം അപലപിച്ചിരുന്നു.

ജീവൻ ബാക്കിയുണ്ടായിരുന്ന റജബിനെ രക്ഷിക്കാനായി ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി എത്തുന്നതിനു മുമ്പ് റജബിനെ ഇസ്രഈൽ സൈന്യം ക്രൂരമായി കൊലപ്പെടുത്തി. ഒപ്പം ഫലസ്തീൻ റെഡ് ക്രസന്റ് അംഗങ്ങളെയും ഇസ്രഈൽ കൊലപ്പെടുത്തിയിരുന്നു.

ആക്രമണത്തിന് ശേഷമുള്ള ഹിന്ദ് റജബിന്റെ അവസാന മണിക്കൂറുകളിൽ അവൾ സഹായത്തിനായി അപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

റജബിന്റെ കുടുംബം കൊല്ലപ്പെടുമ്പോൾ തങ്ങൾ
അവിടെയുണ്ടായിരുന്നില്ലെന്ന് ആക്രമണത്തിന്റെ നടപടികളെ ന്യായീകരിച്ചുകൊണ്ട് ഇസ്രഈൽ അവകാശപ്പെട്ടിരുന്നു.

ഡോക്യുമെന്ററി പുറത്തുവിട്ടതിന് പിന്നാലെ ഹിന്ദ് റജബ് ഫൗണ്ടേഷൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിൽ ഒരു ഫയൽ സമർപ്പിച്ചു.

ഹിന്ദ് റജബിന്റെയും കുടുംബത്തിലെ ആറ് അംഗങ്ങളുടെയും, അവരെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് റെഡ് ക്രസന്റ് പാരാമെഡിക്കുകളുടെയും കൊലപാതകത്തിന് ഉത്തരവാദികൾ 24 ഇസ്രഈലി സൈനികരും കമാൻഡറുമാണെന്ന് ഫൗണ്ടേഷന്റെ ഫയലിൽ പറയുന്നു.

ഫെബ്രുവരി 10നാണ് ഹിന്ദിന്റെയും ബന്ധുക്കളുടെയും മൃതദേഹങ്ങൾ കാറിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.  മീറ്ററുകൾ അകലെ കത്തിനശിച്ച ഒരു ആംബുലൻസിൽ നിന്നും റജബിനെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് പാരാമെഡിക്കുകളുടെ മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു.

ഇവർ ഇസ്രഈലിന്റെ ഗുരുതരമായ കുറ്റകൃത്യത്തിന്റെ ഇരകളായിരുന്നെന്ന് ജനീവ കൺവെൻഷനുകളും റോം സ്റ്റാറ്റിയൂട്ടും റിപ്പോർട്ട് ചെയ്തിരുന്നു. ഫോറൻസിക് ആർക്കിടെക്ചർ നടത്തിയ അന്വേഷണത്തിൽ കാറിൽ ആകെ 335 വെടിയുണ്ടകൾ ഉതിർത്തതായാണ് റിപ്പോർട്ട്.

Content Highlight: Israeli commander killed Hind Rajab and her family: Report