ഇസ്രഈലിന്റെ വെടിനിർത്തൽ ലംഘനങ്ങൾ മധ്യസ്ഥരെ ലജ്ജാകരമായ അവസ്ഥയിലാക്കുന്നു: ഖത്തർ പ്രധാനമന്ത്രി
Gaza
ഇസ്രഈലിന്റെ വെടിനിർത്തൽ ലംഘനങ്ങൾ മധ്യസ്ഥരെ ലജ്ജാകരമായ അവസ്ഥയിലാക്കുന്നു: ഖത്തർ പ്രധാനമന്ത്രി
ശ്രീലക്ഷ്മി എ.വി.
Thursday, 18th December 2025, 7:10 am

ദോഹ: ഗസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ കരാർ ഇസ്രഈൽ തുടർച്ചയായി ലംഘിച്ചുകൊണ്ടിക്കുന്നത് കരാറിനായി മധ്യസ്ഥത വഹിക്കുന്നരെ ലജ്ജാകരമായ അവസ്ഥയിലാക്കുന്നുവെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്‌ദുൾറഹ്‌മാൻ അൽതാനി.

തുടർച്ചയായുള്ള വെടിനിർത്തൽ ലംഘനങ്ങൾ കരാറിന് ഭീഷണിയാകുമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. വെടിനിർത്തൽ കരാർ സംരക്ഷിക്കുന്നതിന് യു.എസുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പ്രതിബദ്ധതയും അബ്‌ദുൾറഹ്‌മാൻ അൽതാനി അറിയിച്ചു.

യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ ഗസയിലെ വെടിനിർത്തൽ ലംഘനത്തെ കുറിച്ചുള്ള വിഷയം ഉന്നയിച്ചതായും അദ്ദേഹം അൽജസീറയോട് പറഞ്ഞു.

ഗസയിൽ സമാധാനം നിലനിർത്താനുള്ള ശ്രമങ്ങളെയാണ് ഇസ്രഈൽ അപകടത്തിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗസയിൽ വിന്യസിക്കുന്ന അന്താരാഷ്ട്ര സ്ഥിര സേന ഒരു കക്ഷിയെ മറ്റൊരു കക്ഷിയുടെ ചെലവിൽ സംരക്ഷിക്കാൻ പാടില്ലെന്നും അത്തരത്തിലുള്ള സേനകൾ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വെടിനിർത്തൽ കരാർ രണ്ടാം ഘട്ടത്തിലെത്തിക്കാനായുള്ള ശ്രമങ്ങളോട് താൻ യോജിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തമായ ചട്ടക്കൂട് വികസിപ്പിക്കുന്നതിനായി മധ്യസ്ഥർ തമ്മിലുളള കൂടിക്കാഴ്ച വെള്ളിയാഴ്ച നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസയിലേക്കുള്ള മാനുഷിക സഹായം നിരുപാധികം പ്രവേശിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു.

‘ഗസയിലെ നിലവിലെ സാഹചര്യം കരാറിനെ ദിവസവും അപകടത്തിലാക്കുന്നു. തുടർച്ചയായ ലംഘനങ്ങൾ വെടിനിർത്തലിന് പൂർണമായും അട്ടിമറിക്കും,’ അൽതാനി പറഞ്ഞു.

ഇസ്രഈലിന്റെ ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങൾ ഗസയിൽ വീണ്ടും യുദ്ധം ആരംഭിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗസയിലെ ജനത അവരുടെ ഭൂമി വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനവരെ നിർബന്ധിക്കരുതെന്നും ഖത്തർ പ്രധാനമന്തി നേരത്തെ പറഞ്ഞിരുന്നു.

ഫലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ അജണ്ടയിൽ അന്താരാഷ്ട്ര സമൂഹത്തിന് ബന്ദികളാകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Israeli ceasefire violations embarrass mediators: Qatari PM

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.