ഗസയുടെ പൂര്‍ണ സൈനിക നിയന്ത്രണത്തിന് ഇസ്രഈല്‍ മന്ത്രിസഭയുടെ അംഗീകാരം
Trending
ഗസയുടെ പൂര്‍ണ സൈനിക നിയന്ത്രണത്തിന് ഇസ്രഈല്‍ മന്ത്രിസഭയുടെ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th August 2025, 10:48 am

ടെല്‍ അവീവ്: ഗസ മുനമ്പിലെ മുഴുവന്‍ സൈനിക അധിനിവേശവും പിടിച്ചെടുക്കാന്‍ പദ്ധതിയിട്ട് ഇസ്രഈല്‍. സൈനിക അധിനിവേശത്തിനായുള്ള ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ മന്ത്രിസഭ ഇന്ന് (വെള്ളി) പുലര്‍ച്ചെ ഇസ്രഈല്‍ അംഗീകാരം നല്‍കി. വ്യാഴാഴ്ച രാത്രി ആരംഭിച്ച ചര്‍ച്ച പത്ത് മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് വെളുപ്പിനാണ് അവസാനിച്ചത്.

ഇസ്രഈല്‍ സൈന്യം ഗസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും യുദ്ധ മേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് മാനുഷിക സഹായം നല്‍കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രഈലി ബന്ദികളെ ഹമാസ് തടവില്‍ വെച്ചിരിക്കുന്നുവെന്ന് കരുതുന്ന എന്‍ക്ലേവിന്റെ മധ്യഭാഗങ്ങളിലേക്ക് സൈന്യം ആക്രമണം കടുപ്പിക്കുമെന്നാണ് കരുതുന്നതെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിനെ നിരായുധീകരിക്കുക, 20 പേര്‍ ജീവനോടെയുണ്ടെന്ന് കരുതപ്പെടുന്ന 50 ബന്ദികളുടെ തിരിച്ചുവരവ്, ഗസയിലെ സൈനികവല്‍ക്കരണം, എന്‍ക്ലേവിന് മേലുള്ള ഇസ്രഈല്‍ സുരക്ഷാ നിയന്ത്രണം, അധിനിവേശ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളില്‍ പരിമിതമായ നിയന്ത്രണം കയ്യാളുന്ന ഹമാസോ പാശ്ചാത്യ പിന്തുണയുള്ളതുമായ ഫലസ്തീന്‍ അതോറിറ്റിയോ ഉള്‍പ്പെടാത്ത ഒരു ബദല്‍ സിവിലിയന്‍ ഭരണകൂടം സ്ഥാപിക്കുക എന്നിവയുള്‍പ്പെടെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അഞ്ച് തത്വങ്ങളും മന്ത്രിസഭ അംഗീകരിച്ചു.

ഗസയുടെ 75 ശതമാനത്തോളം ഇതിനകം കീഴടക്കിയതായി ഇസ്രഈല്‍ സൈന്യം അറിയിച്ചു. വടക്ക് ഗസ സിറ്റി മുതല്‍ തെക്ക് ഖാന്‍ യൂനിസ് വരെ വ്യാപിച്ചുകിടക്കുന്ന തീരദേശ പ്രദേശമാണ് ഇസ്രഈലിന്റെ നിയന്ത്രണത്തിന് പുറത്തുള്ള പ്രധാന പ്രദേശം.

സുരക്ഷാ മന്ത്രിസഭയുടെ ഏതൊരു പ്രമേയവും ഇനി മുതല്‍ സര്‍ക്കാര്‍ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും അംഗീകരിക്കേണ്ടതുണ്ടെന്നും ഞായറാഴ്ച വരെ മന്ത്രിസഭ യോഗം ചേര്‍ന്നേക്കില്ലെന്നും ഇസ്രഈല്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഗസ പിടിച്ചെടുക്കുന്നതിലൂടെ ഫലസ്തീനെതിരായ ഇസ്രഈലിന്റെ യുദ്ധം വീണ്ടും കടുക്കും. ഇസ്രഈല്‍, പ്രദേശത്തേക്കുള്ള മാനുഷിക സഹായം എത്തുന്നത് തടയുന്നതുകൊണ്ടുതന്നെ ക്ഷാമത്തിലും പട്ടിണിയിലും കഴിയുന്ന പതിനായിരക്കണക്കിന് വരുന്ന ഫലസ്തീനികള്‍ നിര്‍ബന്ധിതമായി പലായനം ചെയ്യാന്‍ ഇത് കാരണമാകുമെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ ഏഴിനകം ഗസ സിറ്റിയില്‍ നിന്ന് എല്ലാ ഫലസ്തീന്‍ സിവിലിയന്മാരെയും കേന്ദ്ര ക്യാമ്പുകളിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കുമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഇസ്രഈലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പദ്ധതി ആദ്യം റിപ്പോര്‍ട്ട് ചെയ്ത ആക്‌സിയോസ് വാര്‍ത്താ റിപ്പോര്‍ട്ടര്‍ ബരാക് റാവിദ് പറഞ്ഞു. ഗസ സിറ്റിയില്‍ തുടരുന്ന ഹമാസിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ഗസയില്‍ കരമാര്‍ഗമുള്ള ആക്രമണം ഇടത്തുമെന്നും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗസയുടെയും മുഴുവന്‍ നിയന്ത്രണം ഏറ്റെടുക്കുമെന്ന് സുരക്ഷാ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി നെതന്യാഹു പറഞ്ഞിരുന്നു.

Content Highlight: Israeli cabinet approves full military control of Gaza