ഇസ്രഈൽ ഉപരോധം; 235,000 ഫലസ്തീനകളുടെ ജീവിതം ശൈത്യകാല പ്രതിസന്ധിയിൽ: യു.എൻ
World
ഇസ്രഈൽ ഉപരോധം; 235,000 ഫലസ്തീനകളുടെ ജീവിതം ശൈത്യകാല പ്രതിസന്ധിയിൽ: യു.എൻ
ശ്രീലക്ഷ്മി എ.വി.
Monday, 29th December 2025, 7:20 pm

ഗസ: ഗസയിൽ ഇസ്രഈൽ തുടരുന്ന ആക്രമണങ്ങളും മാനുഷിക സഹായങ്ങൾക്ക് മേലുള്ള നിയന്ത്രണങ്ങളും ഗസയിലെ ലക്ഷകണക്കിന് ഫലസ്തീനികളെ കഠിനമായ അവസ്ഥയിലേക്ക് തള്ളിവിടുകയാണെന്ന് ഐക്യരാഷ്ട്ര സഭ.

ഇസ്രഈലിന്റെ ഉപരോധത്തെ തുടർന്ന് 235,000 ഫലസ്തീനികളുടെ ജീവിതത്തിൽ മനുഷ്യനിർമിത ശൈത്യകാല പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.

ഇസ്രഈൽ ഗസയിൽ നടത്തുന്ന ആക്രമണങ്ങളും കൂട്ട കുടിയിറക്കവും അടിസ്ഥാന സൗകര്യങ്ങളുടെ നാശം എന്നിവയാണ് മനുഷ്യ നിർമിത ശൈത്യകാല പ്രതിസന്ധി(man-made winter crisis)ക്ക് കാരണമെന്നും യു.എൻ കൂട്ടിച്ചേർത്തു.

‘മാസങ്ങളോളം നീണ്ടുനിന്ന യുദ്ധവും കുടിയിറക്കവും ഗസയിലെ ജനങ്ങളെ തകർന്നുവീഴുന്ന അവശിഷ്ടങ്ങൾക്കിടയിലും താത്കാലിക ഷെൽട്ടറുകൾക്കിടയിലും കൂടാരങ്ങളിലും കഴിയേണ്ടിവരുന്ന അവസ്ഥയിലെത്തിച്ചു,’ UNRWA ( United Nations Relief and Works Agency for Palestine Refugees) കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി എക്സിൽ പറഞ്ഞു.

കുറഞ്ഞത് 235,000 ആളുകളെയെങ്കിലും ഇത് ബാധിച്ചെന്ന് ഗാസയിലെ ഷെൽട്ടർ ക്ലസ്റ്ററിന്റെ ഡാറ്റ ഉദ്ധരിച്ച് ലസാരിനി പറഞ്ഞു.

ഡിസംബർ 10 നും 17 നും ഉണ്ടായ കനത്ത മഴയിലും ശക്തമായ കാറ്റിലും 17 കെട്ടിടങ്ങൾ തകർന്നിരുന്നു. 42,000-ത്തിലധികം ടെന്റുകൾക്കും ​​താൽക്കാലിക ഷെൽട്ടറുകൾക്കും ​​കേടുപാടുകളുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വർഷത്തിലേറെയായി തുടരുന്ന ഇസ്രഈൽ യുദ്ധത്തിനിടയിലും ഗസയിലെ കഠിനമായ ശൈത്യകാല പ്രതിസന്ധി സാധാരണക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്നുണ്ടെന്ന് നേരത്തെ യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു.

മാനുഷിക സഹായങ്ങൾ മേഖലയിലേക്ക് എത്തിക്കുന്നതിലുള്ള നിയന്ത്രണം ഇസ്രഈൽ അവസാനിപ്പിക്കണമെന്നും അവശ്യസഹായങ്ങൾ കൃത്യമായി ഗസയിലേക്ക് എത്തിക്കണമെന്നും യു.എൻ പറഞ്ഞിരുന്നു.

Content Highlight: Israeli blockade; 235,000 Palestinians in winter crisis: UN

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.