'ഇറാനിലെ ഇസ്രഈല്‍ ആക്രമണം പാശ്ചാത്യ ലോകത്തിന്റെ പിന്തുണയോടെ'; യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ യോഗത്തില്‍ റഷ്യ
World News
'ഇറാനിലെ ഇസ്രഈല്‍ ആക്രമണം പാശ്ചാത്യ ലോകത്തിന്റെ പിന്തുണയോടെ'; യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ യോഗത്തില്‍ റഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th June 2025, 12:53 pm

വാഷിങ്ടണ്‍: ഇറാനെതിരായ ഇസ്രഈല്‍ ആക്രമണങ്ങള്‍ പാശ്ചാത്യ ലോകത്തിന്റെ പിന്തുണയോടെയെന്ന് റഷ്യ. ഒരു രീതിയിലുമുള്ള പ്രകോപനവും കൂടാതെയുള്ള അതിക്രമങ്ങളാണ് ഇറാനില്‍ നടക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ പ്രതിനിധി വാസിലി നെബെന്‍സിയ പറഞ്ഞു. വെള്ളിയാഴ്ച യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തിര യോഗത്തിലാണ് നെബെന്‍സിയയുടെ പ്രസ്താവന.

ഇസ്രഈല്‍ തുടരുന്ന സൈനിക നടപടി യു.എന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും കടുത്ത ലംഘനമെന്നും നെബെന്‍സിയ പറഞ്ഞു. ഇറാനെതിരായ നടപടികളുടെ മുഴുവന്‍ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം പൂര്‍ണമായും ഇസ്രഈലിനും അവരെ അനുകൂലിക്കുന്നവരിലുമായിരിക്കുമെന്നും നെബെന്‍സിയ ചൂണ്ടിക്കാട്ടി.

സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇറാനുണ്ടെന്ന് പറഞ്ഞ റഷ്യന്‍ പ്രതിനിധി, യു.എസും അവരുടെ സഖ്യകക്ഷികളും സംഘര്‍ഷത്തിന്റെ തീവ്രത വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രതികരിച്ചു. സത്യത്തില്‍ അവര്‍ അത് ചെയ്തുവെന്ന് തന്നെ പറയാമെന്നും നെബെന്‍സിയ കൂട്ടിച്ചേര്‍ത്തു.

ഈ ശ്രമങ്ങള്‍ ഇറാനെ തലങ്ങും വിലങ്ങും ആക്രമിക്കാന്‍ ഇസ്രഈലിനെ പ്രേരിപ്പിച്ചുവെന്നും നെബെന്‍സിയ പറഞ്ഞു.

2015ല്‍ ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ പ്രാബല്യത്തില്‍ വന്ന കരാറിനോട് ഇറാന്‍ കാണിച്ച പ്രതിബദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇപ്പോള്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തിയിരിക്കുകയാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ നിന്ന് റേഡിയേഷന്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം കാണാന്‍ ഒരു സൈനിക നടപടിക്കും സാധിക്കില്ലെന്നും നെബെന്‍സിയ പറഞ്ഞു. ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2015ലെ ആണവ കരാര്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവില്‍ യു.എസ് ഉപേക്ഷിച്ചുവെന്നും റഷ്യന്‍ പ്രതിനിധി പറഞ്ഞു. തുടര്‍ന്ന് ഇറാന്‍ രഹസ്യമായി ആണവ കരാര്‍ ലംഘിച്ചുവെന്ന ആരോപണങ്ങളും ഉയര്‍ത്തി. എന്നാല്‍ ഇറാന്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നുവെന്നും നെബെന്‍സിയ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ ഇറാനെതിരായ ഇസ്രഈല്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ഏതാനും യു.എസ് എം.പിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ യു.എസിന് പങ്കില്ലെന്ന് സെനറ്റര്‍ റാന്‍ഡ് പോള്‍ പറഞ്ഞു. സൈനിക ഏറ്റുമുട്ടലിനെക്കാള്‍ നയതന്ത്രത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് റാന്‍ഡ് പോള്‍ നിര്‍ദേശിച്ചു. ഇറാനിലെ ഇസ്രഈല്‍ ആക്രമണത്തെ കോണ്‍ഗ്രസ് അംഗം ചുയ് ഗാര്‍സിയയും അപലപിച്ചു.


പുതിയ കണക്കുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മരണം ഇസ്രഈലില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ 70ലധികം മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlight: ‘Israeli attack on Iran supported by the Western world’; Russia at UN Security Council meeting