ടെഹ്റാന്‍: ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷ്യനറി ഗാര്‍ഡ് കോര്‍പ്‌സ് മേധാവി കൊല്ലപ്പെട്ടു. മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിയാണ് മരിച്ചത്. ഐ.ആര്‍.ജി.സി ആസ്ഥാനത്തുണ്ടായ ആക്രമണത്തിലാണ് മേജര്‍ കൊല്ലപ്പട്ടത്.
ഇറാനില്‍ ഇസ്രഈല്‍ ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തങ്ങള്‍ പൂര്‍ണമായും സജ്ജരെന്ന് ഹൊസൈന്‍ സലാമി പ്രതികരിച്ചിരുന്നു. 1980ല്‍ ഇറാന്‍-ഇറാഖ് യുദ്ധ സമയത്താണ് സലാമി ഐ.ആര്‍.ജി.സിയില്‍ ചേരുന്നത്. 2024ല്‍ ഇസ്രാഈലിനെതിരെ ആക്രമണം നടത്തിയ ആദ്യഘട്ടം മുതല്‍ക്കേ സലാമിയായിരുന്നു റെവല്യൂഷണറി ഗാര്‍ഡിന്റെ മേധാവി.
ഹൊസൈന്‍ സലാമിയുടെ മരണത്തിന് പിന്നാലെ സയണിസ്റ്റ് ശത്രുവും അമേരിക്കയും വളരെ വലിയ വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ സേനയുടെ ജനറല്‍ സ്റ്റാഫിന്റെ വക്താവ് ജനറല്‍ ഷെകാര്‍ച്ചി പ്രതികരിച്ചു. സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഇറാന്‍ ശക്തമായ പ്രതിരോധം അഴിച്ചുവിടുമെന്നും ജനറല്‍ ഷെകാര്‍ച്ചി പറഞ്ഞു.
നിലവില്‍ ഇറാനിലെ മുഴുവന്‍ വ്യോമകേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. ഇസ്രഈല്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും ആവര്‍ത്തിച്ചു.
ഇതിനിടെ ഇറാനെതിരായ ഇസ്രഈല്‍ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു.
‘ഇസ്രഈല്‍ ഇന്ന് ഇറാനെതിരെ ഏകപക്ഷീയമായ നടപടി സ്വീകരിച്ചു. ഇറാനെതിരായ ആക്രമണങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കില്ല. മേഖലയിലെ അമേരിക്കന്‍ സേനയെ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. സൈനിക നടപടി തങ്ങളുടെ സ്വയം പ്രതിരോധത്തിന് ആവശ്യമാണെന്ന് ഇസ്രഈല്‍ ഞങ്ങളെ അറിയിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യു.എസ് സര്‍ക്കാരും നമ്മുടെ സേനയെ സംരക്ഷിക്കുന്നതിനും പ്രാദേശിക പങ്കാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഒരു കാര്യം കൂടി, ഇറാന്‍ യു.എസ് താല്‍പ്പര്യങ്ങളെയോ ഉദ്യോഗസ്ഥരെയോ ലക്ഷ്യം വെക്കരുത്,’ വൈറ്റ് ഹൗസ് പങ്കുവെച്ച മാര്‍ക്കോ റൂബിയോയുടെ പ്രസ്താവന.
ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തിയത്. നതാന്‍സ്, ഖോറമാബാദ്, ഖോണ്ടാബ് എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇറാന്റെ രണ്ട് മുതിര്‍ന്ന ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആണവ ശാസ്ത്രജ്ഞരായ മുഹമ്മദ്-മെഹ്ദി ടെഹ്റാഞ്ചി, ഫെറെയ്ഡൂണ്‍ അബ്ബാസി എന്നിവരാണ് കൊല്ലപ്പെട്ടത്.