വാഷിങ്ടണ്: ഇസ്രഈലി ഡിജിറ്റല് പരസ്യ ഏജന്സിയായ ഡിസ്കവര്ടെക് ഓണ്ലൈന് പരസ്യങ്ങളുടെ സഹായത്താല് മാധ്യമസ്ഥാപനങ്ങളുടെ ഡിജിറ്റല് ഉപകരണങ്ങളില് സ്പൈവെയറുകള് ഇന്സ്റ്റാല് ചെയ്തതായി ഗവേഷണ സ്ഥാപനങ്ങളുടെ വെളിപ്പെടുത്തല്.
ഇസ്രഈലി സ്പൈവെയര് കമ്പനിയായ ‘കാന്ഡിരു’വിന് ഗൂഗിള്, കോംകാസ്റ്റ്, യാന്ഡെക്സ് എന്നിവയുടെ അഡ്വര്ടൈസിങ് പ്ലാറ്റ്ഫോമുകളിലേക്ക് നുഴഞ്ഞു കയറാന് അവസരം നല്കിക്കൊണ്ടാണ് ഡിസ്കവര്ടെക് ഈ സൈബര് ചാര പ്രവര്ത്തനം നടത്തിയതെന്നും കനേഡിയന് ഗവേഷണ സ്ഥാപനമായ സിറ്റിസണ് ലാബ്, ന്യൂയോര്ക്ക് ആസ്ഥാനമായ കോണ്ഫിയന്റ് എന്നീ ഗവേഷണ സ്ഥാപനങ്ങളുടെ പഠനങ്ങള് വ്യക്തമാക്കുന്നു.
ഡിസ്കവര്ടെക് ഓണ്ലൈന് പരസ്യങ്ങളുടെ ഒരു വലിയ ശൃംഖല ഉപയോഗിച്ച് ഇന്റര്നെറ്റ് ഉപയോക്താക്കളെ നിരീക്ഷിക്കുകയും അവരുടെ ഉപകരണങ്ങള് ഹാക്ക് ചെയ്യാന് സഹായിക്കുകയും ചെയ്തു. ഫോണുകള്, ഇയര്ബഡുകള് തുടങ്ങിയ സാധാരണ ഉല്പന്നങ്ങളുടെ പരസ്യങ്ങളെന്ന് തെറ്റിധരിപ്പിച്ചാണ് ഡിസ്കവര്ടെക് നല്കിയ മാല്വെയര് അടങ്ങിയ പരസ്യങ്ങള് വെബ്സൈറ്റുകളിലും ആപ്പുകളിലും പ്രത്യക്ഷപ്പെട്ടത്.
1,20,000-ത്തിലധികം വെബ്സൈറ്റുകളിലും 75,000-ത്തിലധികം ആപ്പുകളിലും ഗൂഗിളിന്റെയും യാന്ഡെക്സിന്റെയും അടക്കമുള്ള ആഡ് പ്ലാറ്റ്ഫോമുകള് വഴി ഡിസ്കവര്ടെക് ഇത്തരം പരസ്യങ്ങള് എത്തിച്ചതായി സിറ്റിസണ് ലാബ് അറിയിച്ചു.
ഈ മാല്വെയര് അടങ്ങിയ പരസ്യങ്ങളുള്ള വെബ്സൈറ്റുകള് സന്ദര്ശിക്കുകയോ ആപ്പുകള് ഉപയോഗിക്കുകയോ ചെയ്യുന്ന ഉപയോക്താക്കളെ ഡിസ്കവര്ടെകിന് തിരിച്ചറിയാനും നിരീക്ഷിക്കാനും സാധിക്കും. ചില സന്ദര്ഭങ്ങളില്, സ്മാര്ട്ട്ഫോണ് ഉപയോക്താക്കളുടെ ഫോണ് നമ്പറുകള് ചോര്ത്തിയെടുക്കാനും ഇവര് ശ്രമിച്ചിരുന്നതായി ഗവേഷകര് പറയുന്നു. ഒരു വെബ്സൈറ്റില് ഈ പരസ്യങ്ങള് ലോഡ് ആകുന്നതോടെ തന്നെ നിരീക്ഷണം ആരംഭിക്കുന്നുവെന്നും ഗവേഷണം കണ്ടെത്തി.
അല്ജസീറ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളുടെയും അവയിലെ ജീവനക്കാരുടെയും ഡിജിറ്റല് ഉപകരണങ്ങള് ഇത്തരത്തില് ഡിസ്കവര്ടെക് നിരീക്ഷിച്ചു. തങ്ങളുടെ ജീവനക്കാര്ക്ക് നേരെ നടന്ന സ്പൈവെയര് ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും, ജീവനക്കാരെയും സംവിധാനങ്ങളെയും സംരക്ഷിക്കുന്നത് തുടരുമെന്നും സൈബര് നിരീക്ഷണത്തെക്കുറിച്ച് അല് ജസീറ മീഡിയ നെറ്റ് വര്ക്ക് വ്യാഴാഴ്ച അറിയിച്ചു.
മാധ്യമപ്രവര്ത്തകരെ ലക്ഷ്യമിടുന്നത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും അല്ജസീറ അഭിപ്രായപ്പെട്ടു. ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും അല്ജസീറ ആവശ്യപ്പെട്ടു. ഈ വിഷയത്തില് അല് ജസീറ നടത്തിയ ആന്തരിക അന്വേഷണത്തെത്തുടര്ന്ന് സിറ്റിസണ് ലാബ് അന്വേഷണം നടത്തിയത്.
2024ലും 2025ലും അല്ജസീറയിലെ മാധ്യമ പ്രവര്ത്തകര് ഉപയോഗിച്ചിരുന്ന ഫോണുകളും കംപ്യൂട്ടറുകളും അടക്കമുള്ള ഡിജിറ്റല് ഉപകരണങ്ങളില് അസാധാരണ പ്രവര്ത്തനങ്ങള് സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന് പിന്നില് സ്പൈവെയര് ആണെന്ന സംശയത്തെത്തുടര്ന്ന്, കൂടുതല് വിശദമായ അന്വേഷണത്തിനായി അല് ജസീറ ‘സിറ്റിസണ് ലാബി’നെ സമീപിക്കുകയായിരുന്നു.
2021-ല് യു.എസ് സര്ക്കാര് കരിമ്പട്ടികയില്പ്പെടുത്തിയ കമ്പനിയാണ് കാന്ഡിരു. സീറോ-ക്ലിക്ക്’ (ക്ലിക്ക് ചെയ്തില്ലെങ്കിലും ബാധിക്കുന്ന) ടാര്ഗെറ്റഡ് പരസ്യങ്ങള് ഉപയോഗിച്ചാണ് കാന്ഡിരു അവരുടെ സ്പൈവെയര് ഡിജിറ്റല് ഉപകരണങ്ങളില് എത്തിച്ചത്. ഒരു ഫോണിലോ ലാപ്ടോപ്പിലോ ഏതെങ്കിലും വെബ്സൈറ്റോ ആപ്പിലോ ഈ പരസ്യം പ്രത്യക്ഷപ്പെട്ടാല് തന്നെ ആ ഫോണോ ലാപ്ടോപ്പോ വൈറസ് ബാധിതമാവും. ആ ഫോണിലോ ലാപ്ടോപ്പിലോ ഉള്ള എല്ലാ ഡാറ്റയും ചോര്ത്തപ്പെടുകയും ഡാറ്റ മോഷ്ടിക്കുന്നവരുടെ കൈകളിലെത്തുകയും ചെയ്യും.
ഫയലുകള്, ഡോക്യുമെന്റുകള്, സേവ് ചെയ്ത പാസ് വേഡുകള് അടക്കമുള്ള ബ്രൗസര് ഡാറ്റ തുടങ്ങി അതീവ പ്രധാനപ്പെട്ട പലതരം വിവരങ്ങളും ശേഖരിക്കാന് ഈ സോഫ്റ്റ്വെയറിന് കഴിയും. കൂടാതെ, കീബോര്ഡില് ടൈപ്പ് ചെയ്യുന്ന കാര്യങ്ങള് നിരീക്ഷിക്കാനും, സ്ക്രീന്ഷോട്ടുകള് എടുക്കാനും, മൈക്രോഫോണ്, വെബ്ക്യാം എന്നിവയിലൂടെ വിവരങ്ങള് റെക്കോര്ഡ് ചെയ്യാനും, വിവിധ മെയില്, മെസഞ്ചര് പ്ലാറ്റ്ഫോമുകളില് നിന്നുള്ള ഇമെയിലുകളും സന്ദേശങ്ങളും ചോര്ത്താനും ഇതിന് സാധിക്കുമെന്നും കാന്ഡിരുവിന്റെ പ്രവര്ത്തനത്തെക്കുറിച്ച് സിറ്റിസണ് ലാബ് വിശദീകരിച്ചു.
പരസ്യം വഴി സ്പൈവയര് ഇന്സ്റ്റാള് ചെയ്യിപ്പിക്കുന്ന സാങ്കേതികവിദ്യക്ക് ദശലക്ഷക്കണക്കിന് ഡോളര് ചെലവ് വന്നിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. ആധുനിക സുരക്ഷാ സംവിധാനങ്ങളെ മറികടക്കാന് കഴിയുന്ന തരത്തിലാണ് കാന്ഡിരുവിന്റെ പ്രവര്ത്തനം. കാന്ഡിരുവിന്റെ സ്പൈവെയറുകള് അടങ്ങിയ പരസ്യങ്ങള് ഡിസ്കവര്ടെക് വാങ്ങുകയും പരസ്യ പ്ലാറ്റ്ഫോമുകളിലൂടെ അത് വിവിധ ഉപകരണങ്ങളില് എത്തിക്കുകയുമായിരുന്നെന്ന് സിറ്റിസണ് ലാബ് അറിയിച്ചു.
ഇന്നത്തെ ഓണ്ലൈന് പരസ്യ സംവിധാനം ഒരു വലിയ സുരക്ഷാ ഭീഷണിയാണെന്ന് സിറ്റിസണ് ലാബിലെ സീനിയര് ഗവേഷകനായ വോള്ഫി ക്രിസ്റ്റലിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. രാജ്യങ്ങള്ക്കും, സ്വകാര്യ മേഖലയ്ക്കും, സിവില് സമൂഹത്തിനും, അങ്ങനെ എല്ലാവര്ക്കും ഇത് ഒരുപോലെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഡിസ്കവര്ടെകിന്റെ ഇത്തരം പരസ്യങ്ങള് പെന്റഗണ്, ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര ആണവോര്ജ്ജ ഏജന്സി, അന്താരാഷ്ട്ര ക്രിമിനല് കോടതി എന്നിവ ഉപയോഗിക്കുന്ന സുപ്രധാന നെറ്റ്വര്ക്കുകളിലും പ്രത്യക്ഷപ്പെട്ടതായി കോണ്ഫിയന്റ് നടത്തിയ പഠനത്തില് പറയുന്നു. എന്നാല് കാന്ഡിരു സ്പൈവെയറുള്ള പരസ്യങ്ങള് ഡിസ്കവര്ടെക് കൈകാര്യം ചെയ്യുന്ന മൊത്തം പരസ്യങ്ങളുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണെന്നും കോണ്ഫിയന്റ് വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിലായി കുറഞ്ഞത് മാധ്യമപ്രവര്ത്തകര്, ഭരണകൂട വിമര്ശകര്, മറ്റ് വ്യക്തികള് എന്നിവരെ നിരീക്ഷിക്കുന്നതിനായി ‘കാന്ഡിരു’ എന്ന കമ്പനിയുടെ സ്പൈവെയര് മുന്പും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ലോകമെമ്പാടുമായി ദിവസവും കുറഞ്ഞത് ഒരു കോടി പരസ്യങ്ങള് ഡിസ്കവര്ടെക് പുറത്തിറക്കുന്നുണ്ടെന്ന് കോണ്ഫിയന്റ് സഹസ്ഥാപകന് ജെറോം ഡാംഗുവിനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്ട്ട് ചെയ്തു. കുക്കി മാച്ചിങ് എന്നറിയപ്പെടുന്ന ഡാറ്റാ ഷെയറിങ് സംവിധാനത്തിലൂടെ തങ്ങളുടെ പരസ്യങ്ങള് കാണാത്ത ഇടങ്ങളില് പോലും ആളുകളെ ട്രാക്ക് ചെയ്യാന് ഇവര്ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുപക്ഷേ കോടിക്കണക്കിന് ആളുകള് ഡിസ്കവര്-ടെക്കിന്റെ പ്രവര്ത്തനപരിധിയില് വന്നിട്ടുണ്ടാകാമെന്ന് ഡാംഗു പറഞ്ഞു.
ഫലസ്തീന് പ്രദേശങ്ങള് പോലുള്ള ചിലയിടങ്ങളില് ഈ ഇസ്രഈലി കമ്പനിയുടെ പരസ്യങ്ങള് വ്യാപകമായി കാണപ്പെടുന്നുണ്ട്. ഫലസ്തീനിലെ ഏത് വെബ്സൈറ്റ് എടുത്താലും അവിടെ ഡിസ്കവര്-ടെക്കിന്റെ പരസ്യം കാണാം. ഒരു രാജ്യത്തെ മുഴുവന് ജനങ്ങളുടെയും ഡിജിറ്റല് പ്രവര്ത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാന് ഇത് അവരെ സഹായിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Israeli ad-tech firm helped place spyware on Al Jazeera devices
