ഗസ സമാധാന കരാർ ലംഘിച്ച് ആക്രമണം തുടർന്ന് ഇസ്രഈൽ; അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
Trending
ഗസ സമാധാന കരാർ ലംഘിച്ച് ആക്രമണം തുടർന്ന് ഇസ്രഈൽ; അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 7:56 pm

ഗസ: സമാധാന പദ്ധതിയിൽ ലോക രാജ്യങ്ങൾ ഒപ്പുവെച്ചതിന് പിന്നാലെ ഗസ നഗരത്തിൽ ആക്രമണം തുടർന്ന് ഇസ്രഈൽ. നഗരത്തിലെ ഷുജായയിൽ ഇസ്രഈൽ സൈന്യം അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.

ഇന്ന് (ചൊവ്വ) ഈജിപ്തിലെ ഷാം എൽ ഷെയ്‌ഖിൽ ഗസ വെടിനിർത്തൽ കരാറിൽ
ലോക രാജ്യങ്ങൾ ഒപ്പുവെച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം വാഗ്ദാനം ചെയ്തതിന് ശേഷവും ഇസ്രഈൽ ആക്രമണം തുടരുകയാണ്.

ഖാൻ യൂനിസിൽ ഇസ്രഈൽ ഡ്രോൺ ആക്രമണം നടത്തിയെന്നും ആളപായമുണ്ടെന്നും തെക്കൻ ഗാസയിലെ മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഗസയുടെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ഇസ്രഈൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നും ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു.

‘ഇസ്രഈൽ അധിനിവേശ സൈന്യം ഇന്നും ഗസയിൽ ആക്രമണം നടത്തി. നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാറിന്റെ ലംഘനമാണ് ഇസ്രഈൽ നടത്തുന്നത്,’ ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്കിനോട് അദ്ദേഹം പറഞ്ഞു.

ജബാലിയ, അൽ തരൻസ്, ഖാൻ യൂനിസിലെ അൽ തഹ്‌ലിയ എന്നീ പ്രദേശങ്ങളിലും
ഇസ്രഈൽ ആക്രമണം നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞദിവസം 20 ഇസ്രഈൽ തടവുകാരെ ഹമാസ് കൈമാറിയതിന് പിന്നാലെ 2000 ത്തോളം ഫലസ്തീൻ തടവുകാരെ ഇസ്രഈലും കൈമാറിയിരുന്നു.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്‌ദുൾ ഫത്താഹ് എൽ- സിസിയുടെയും നേതൃത്വത്തിലാണ് ഗസ സമാധാന ഉച്ചകോടി നടന്നത്. 20 ലധികം രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു.

ഗസയിലെ യുദ്ധം അവസാനിച്ചുവെന്നും വെടിനിർത്തൽ നിലനിൽക്കുമെന്നും ട്രംപ് അവകാശപ്പെടുന്ന അതേസമയം തന്നെയാണ് ഇസ്രഈൽ ആക്രമണം തുടരുന്നത്.

Content Highlight: Israel violates Gaza peace deal, attacks continue; five Palestinians killed, report says