ഈ റിപ്പോര്‍ട്ടിന് പിന്നാലെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനെതിരെ കടുത്ത വിമര്‍ശനവുമായി ഇസ്രഈല്‍ രംഗത്തെത്തി. അദ്ദേഹത്തിന്റെ ഓഫീസുമായുള്ള എല്ലാ ഔദ്യോഗിക ബന്ധങ്ങളും വിച്ഛേദിക്കുന്നതായും ഇസ്രഈല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തടവുകാരെയും കസ്റ്റഡിയിലുള്ളവരെയും ആസൂത്രിതമായി ബലാത്സംഗം ചെയ്യുന്ന രാജ്യങ്ങളുടെയും സായുധ ഗ്രൂപ്പുകളുടെയും കരിമ്പട്ടികയിലാണ് യു.എന്‍ ഇസ്രഈലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അന്വേഷണത്തിനായി എത്തുന്ന യു.എന്‍ പ്രതിനിധികള്‍ക്ക് രാജ്യത്തേക്ക് മതിയായ പ്രവേശനം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ഗുട്ടെറസ് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
2023 മുതലുള്ള കേസുകള്‍ പരിശോധിച്ചാണ് യു.എന്‍ ഈ ലൈംഗിക അതിക്രമ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ സൈന്യം നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ പീഡനമുറയായി ഉപയോഗിച്ചതിന് 31 സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി ഉദ്ധരിക്കുന്നുണ്ട്.
ഇവയില്‍ ഭൂരിഭാഗവും തടങ്കല്‍ പാളയങ്ങളിലാണ് നടന്നത്. ഇരയാക്കപ്പെട്ടവരില്‍ പത്തുപേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായിരുന്നു എന്നുള്ളത് സംഭവത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ബലാത്സംഗം, കൂട്ടബലാത്സംഗം, ബലാത്സംഗ ശ്രമങ്ങള്‍, ജനനേന്ദ്രിയങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും ജനനേന്ദ്രിയം ലക്ഷ്യം വച്ചുള്ള വെടിവെയ്പ്പുകളും, സ്തനങ്ങളിലും ജനനേന്ദ്രിയങ്ങളിലും അനുവാദമില്ലാതെ സ്പര്‍ശിക്കല്‍, സുരക്ഷാ ന്യായീകരണങ്ങളൊന്നുമില്ലാതെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായി ഉരിഞ്ഞുമാറ്റിയുള്ള പരിശോധനകള്‍, നിരന്തരമായ ബലാത്സംഗ ഭീഷണികള്‍ തുടങ്ങി കടുത്ത രീതിയിലുള്ള അതിക്രമങ്ങളാണ് ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ നടത്തിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഇസ്രഈല്‍ സൈനിക സേന, ഇസ്രഈല്‍ ജയില്‍ സര്‍വീസ്, കെറ്റര്‍ പ്രത്യേക സേന, പൊലീസ് കൗണ്ടര്‍-ടെററിസം യൂണിറ്റ് തുടങ്ങിയ ഇസ്രഈലി സുരക്ഷാ സംവിധാനങ്ങളുടെ വിവിധ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗസ്ഥരാണ് ഈ കുറ്റകൃത്യങ്ങള്‍ ചെയ്തതെന്ന് യു.എന്‍ കണ്ടെത്തിയിട്ടുണ്ട്.
സ്ഡെ ടീമാന്‍, എറ്റ്സിയോണ്‍, മജ്നുന തുടങ്ങിയ സൈനിക ക്യാമ്പുകളിലും, തിരിച്ചറിയപ്പെടാത്ത മറ്റൊരു താവളത്തിലും വെച്ചാണ് തടവുകാരെ ലൈംഗികമായി പീഡിപ്പിച്ചത്. കൂടാതെ മെഗിദ്ദോ, ഓഫര്‍, റംല, ഹഷാരോണ്‍, ഷട്ട, നഫ്ഹ, ഡാമണ്‍ എന്നീ ഇസ്രഈലി ജയിലുകളിലും ഗുഷ് എറ്റ്സിയോണ്‍ പൊലീസ് സ്റ്റേഷനിലും ഇത്തരം അതിക്രമങ്ങള്‍ നടന്നു. പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായവരില്‍ ഉള്‍പ്പെടുന്നു.
വനിതാ തടവുകാര്‍ക്കെതിരെ പ്രധാനമായും ബലാത്സംഗ ഭീഷണികളും വസ്ത്രം ഉരിഞ്ഞുള്ള പരിശോധനകളുമാണ് നടന്നതെങ്കില്‍, പുരുഷന്മാരെയും ആണ്‍കുട്ടികളെയും നേരിട്ടുള്ള ബലാത്സംഗത്തിനും ജനനേന്ദ്രിയത്തിലെ കടുത്ത പീഡനങ്ങള്‍ക്കുമാണ് ഇരയാക്കിയത്. ഇതിന്റെ ഫലമായി അഞ്ച് പുരുഷന്മാര്‍ക്ക് ദിവസങ്ങളോളവും ആഴ്ചകളോളവും നീണ്ടുനില്‍ക്കുന്ന കടുത്ത മലാശയ രക്തസ്രാവവും വീക്കവും അനുഭവപ്പെട്ടതായും, ഇവര്‍ക്ക് പലപ്പോഴും കൃത്യമായ വൈദ്യസഹായം പോലും നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ ആഴ്ച ആദ്യം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കണ്ടതിന് പിന്നാലെ തന്നെ ഇസ്രഈല്‍ യു.എന്നിനെതിരെ രംഗത്തുവന്നിരുന്നു. യു.എന്നിലെ ഇസ്രഈല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍, ഗുട്ടെറസിനെ ഫോണില്‍ വിളിച്ച് കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു.
ഒക്ടോബര്‍ 7-ലെ ഭീകരാക്രമണം നടത്തിയ ഹമാസ് ഭീകരരുടെ അതേ പട്ടികയില്‍ തങ്ങളുടെ സൈനികരെയും മക്കളെയും ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നാണ് ഡാനോണ്‍ ഇസ്രഈലി വാര്‍ത്താ ചാനലിനോട് പറഞ്ഞത്.
യു.എന്‍ റിപ്പോര്‍ട്ട് ‘ലജ്ജാകരവും അസംബന്ധവുമാണ്’ എന്ന് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതും അഴിമതി നിറഞ്ഞതുമായ ഒരു സംഘടനയായി മാറിയെന്നും, അതിന്റെ യഥാര്‍ത്ഥ തത്വങ്ങള്‍ കൈവിട്ട് ഇസ്രഈലിനെ ലക്ഷ്യം വയ്ക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.
നിലവിലെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി വരുന്ന ഡിസംബര്‍ 31-നാണ് അവസാനിക്കുക. അതുവരെ ഈ ബഹിഷ്‌കരണം തുടരുമെന്നും പുതിയ സെക്രട്ടറി ജനറല്‍ ചുമതലയേല്‍ക്കുന്നത് വരെ കാത്തിരിക്കുമെന്നുമാണ് ഇസ്രഈലിന്റെ നിലപാട്.
എന്നാല്‍ ഇസ്രഈലിന്റെ കടുത്ത പ്രതിഷേധങ്ങള്‍ക്കും ബഹിഷ്‌കരണത്തിനും വഴങ്ങില്ലെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. സെക്രട്ടറി ജനറല്‍ തന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇനി യാതൊരു മാറ്റവും വരുത്തില്ലെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം നടത്തുന്നതിന് ഇസ്രഈല്‍ സര്‍ക്കാര്‍ യു.എന്‍ സംവിധാനങ്ങള്‍ക്ക് ഇപ്പോഴും പ്രവേശനം നിഷേധിക്കുകയാണെന്ന് സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. ഫലസ്തീനികളെ ലൈംഗികമായി പീഡിപ്പിച്ച ഇസ്രഈല്‍ സൈനികര്‍ക്കെതിരെ രാജ്യത്ത് ഒരു കുറ്റപത്രം പോലും നിലവിലില്ലെന്ന കാര്യവും ഗുട്ടെറസ് ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇസ്രഈല്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാര്‍ അനുഭവിക്കുന്ന ദയനീയ അവസ്ഥ പരിശോധിക്കാന്‍ അന്താരാഷ്ട്ര റെഡ് ക്രോസ് പ്രതിനിധികളെപ്പോലും ഇസ്രഈല്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഗസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന
ലൈംഗിക അതിക്രമങ്ങളെ കുറിച്ച് 2025 മാര്‍ച്ചിലും, ജൂലൈയിലും യു.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ വിഷയത്തില്‍ അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രശസ്ത കോളമിസ്റ്റ് നിക്കോളാസ് ക്രിസ്റ്റോഫ് എഴുതിയ ലേഖനം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഫലസ്തീന്‍ തടവുകാര്‍ക്കെതിരെ ഇസ്രഈല്‍ ജയിലുകളില്‍ നടക്കുന്ന ക്രൂരതകളും (നായ്ക്കളെ കയറ്റിവിടുക, ബാറ്റണുകള്‍ ഉപയോഗിച്ച് മലാശയം തകര്‍ക്കുക തുടങ്ങിയവ) അദ്ദേഹം ലേഖനത്തിലൂടെ തുറന്നുകാട്ടിയിരുന്നു. അമേരിക്കന്‍ നികുതിപ്പണം ഇസ്രഈലി സുരക്ഷാ ഏജന്‍സികള്‍ക്ക് സബ്സിഡിയായി നല്‍കുന്നതിനാല്‍ ഈ ലൈംഗികാതിക്രമങ്ങളില്‍ അമേരിക്കയ്ക്കും പങ്കുണ്ടെന്ന് ക്രിസ്റ്റോഫ് ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: Israel says it will sever all ties to UN’s Guterres after inclusion in sexual violence report