ടെല്‍ അവീവ്: ഗസയിലേക്ക് സഹായങ്ങളുമയി പുറപ്പെട്ട ഗ്രെറ്റ തെന്‍ബര്‍ഗ് അടക്കമുള്ള ആക്ടിവിസ്റ്റുകളെ നാടുകടത്താനൊരുങ്ങി ഇസ്രഈല്‍. ഇവരെ നാടുകടത്താനായി ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിച്ചതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലില്‍ നിന്ന് തിരിച്ച് പോകാന്‍ വിസമ്മതിക്കുന്ന ആളുകളെ ജുഡീഷ്യല്‍ അതോറിറ്റിയുടെ മുന്നില്‍ ഹാജരാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗസയിലേക്കുള്ള സഹായഹസ്തവുമായി മാഡ്‌ലിന്‍ എന്ന കപ്പലിലാണ് 12 അംഗ സംഘം എത്തിയത്. എന്നാല്‍ ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം പങ്കുവെച്ച എക്‌സ് പോസ്റ്റില്‍ പരിഹാസരൂപേണ ‘സെല്‍ഫി യാട്ട്’ എന്നാണ് ഇവരുടെ കപ്പലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, സ്പെയിന്‍, സ്വീഡന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് കപ്പലിലുണ്ടായിരുന്നത്. അവരില്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഫ്രഞ്ച് അംഗം റിമ ഹസന്‍, അല്‍ ജസീറയിലെ ഫ്രഞ്ച് പത്രപ്രവര്‍ത്തകന്‍ ഒമര്‍ ഫയാദ് എന്നിവരും ഉള്‍പ്പെടുന്നു.
ഗസയിലെ സാഹചര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സഹായം എത്തിക്കുന്നതിനുമായി ജൂണ്‍ ഒന്നിനാണ് ഇറ്റാലിയന്‍ ദ്വീപായ സിസിലിയില്‍ നിന്ന് ഗസയിലേക്കുള്ള സഹായഹസ്തവുമായി ഫ്രീഡം ഫ്‌ലോട്ടില്ലയുടെ മാഡ്‌ലിന്‍ എന്ന കപ്പല്‍ പുറപ്പെട്ടത്. ബേബി ഫുഡ്, അരി, ഡയപ്പറുകള്‍, സാനിറ്ററി നാപ്കിനുകള്‍, മെഡിസിനുകള്‍ തുടങ്ങിയവയാണ് കപ്പലിലുള്ളത്. എന്നാല്‍ ഇവരെ ഇസ്രഈല്‍ സൈന്യം കസ്റ്റഡിയിലെടുത്തു.
ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ ഗ്രെറ്റ പുറത്ത് വിട്ട വീഡിയോയില്‍ തങ്ങളെ ഇസ്രഈല്‍ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തിയിരുന്നു. ആ വീഡിയോ കാണുന്ന തന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഖാക്കളോടും തന്റെയും മറ്റുള്ളവരുടേയും മോചനത്തിനായി സ്വീഡിഷ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും ഗ്രെറ്റ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം, അതായത് മെയ്യില്‍ ഫ്രീഡം ഫ്‌ലോട്ടില്ല കോയലിഷന്‍ (എഫ്.എഫ്.സി)ന്റെ നേതൃത്വത്തിലുള്ള മറ്റൊരു കപ്പലായ കോണ്‍സൈന്‍സ് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിച്ചിരുന്നു. ഗസയില്‍ തുടരുന്ന ഇസ്രഈലിന്റെ നിയമവിരുദ്ധ ഉപരോധത്തിന്റെ മനുഷ്യത്വമില്ലായ്മ ഉയര്‍ത്തിക്കാട്ടുന്ന ഒരു ആഗോള സഖ്യമാണ് ഫ്രീഡം ഫ്ലോട്ടില്ല.