ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രഈലിന് പ്രതിദിന നഷ്ടം 260 മില്യണ്‍ ഡോളര്‍ : മൂഡിസ്
World News
ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രഈലിന് പ്രതിദിന നഷ്ടം 260 മില്യണ്‍ ഡോളര്‍ : മൂഡിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th November 2023, 7:14 pm

ടെല്‍ അവീവ് : ഹമാസുമായുള്ള യുദ്ധം ഇസ്രഈലിന് പ്രതിദിനം കുറഞ്ഞത് 260 മില്യണ്‍ ഡോളിന്റെ നഷ്ടം വരുത്തുന്നുണ്ടെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് റിപ്പോര്‍ട്ട്. മുന്‍ സംഘര്‍ഷങ്ങളേക്കാള്‍ ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ബാധിക്കാമെന്നും ഇസ്രഈല്‍ ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ അടിസ്ഥാനമാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുദ്ധത്തിന്റെ മൊത്തത്തിലുള്ള ചെലവ് 200 ബില്യണ്‍ ഷെക്കല്‍ (53.5 ബില്യണ്‍ ഡോളര്‍), അഥവാ ജി.ഡി.പിയുടെ 10 ശതമാനം വരെ എത്താം. ഇത് ഇസ്രഈലിന്റെ ഭാവി സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാകും. ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ (ഐ.എന്‍.എസ്.എസ്) ഡാറ്റ ഉദ്ധരിച്ച് മൂഡിസ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

‘സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ഏതൊരു നാശത്തിന്റെയും തീവ്രത സൈനിക സംഘട്ടനത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കും, കൂടാതെ ഇസ്രഈലിന്റെ അഭ്യന്തര സുരക്ഷയുടെ ദീര്‍ഘകാല സാധ്യതകളെയും ഇതാശ്രയിക്കും,’ മൂഡിയുടെ സീനിയര്‍ വിപി കാതറിന്‍ മ്യൂല്‍ബ്രോണര്‍ പറഞ്ഞു.

നിക്ഷേപങ്ങളിലെ കുറവ്, തൊഴില്‍ മേഖലയിലെ തടസ്സങ്ങള്‍, ഉത്പാദനത്തിലെ ഇടിവ് എന്നിവയാണ് ഇസ്രഈലിന്റെ സാമ്പത്തിക ആഘാതത്തിന്റെ പ്രധാന കാരണങ്ങളെന്ന് സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.

‘മുന്‍പുണ്ടായ സൈനിക സംഘര്‍ഷങ്ങളേക്കാള്‍ നിലവിലെ സംഘര്‍ഷം സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു,’മ്യൂല്‍ബ്രോണര്‍ കൂട്ടിച്ചേര്‍ത്തു.

മൂഡിസിന്റെ കണക്കനുസരിച്ച് സംഘര്‍ഷം ഇസ്രഈല്‍ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത 2014ലെ പ്രൊട്ടക്റ്റീവ് എഡ്ജും 2006ലെ ലെബനന്‍ യുദ്ധവും പോലെയുള്ള മുന്‍ സൈനിക നടപടികളെ അപേക്ഷിച്ച് വളരെ കൂടുതലായിരിക്കും. 34 ദിവസം നീണ്ടുനിന്ന ലെബനന്‍ യുദ്ധത്തില്‍  ജി.ഡി.പിയുടെ 1.3 ശതമാനം അഥവാ 2.5 മില്യണ്‍ ഡോളര്‍ ചെലവ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

നിലവിലെ സ്ഥിതിഗതികള്‍ നേരത്തെ പ്രതീക്ഷിച്ചിരുന്ന ഇസ്രഈലിന്റെ സമ്പത്ത് വ്യവസ്ഥയുടെ 3 ശതമാനം വളര്‍ച്ച 2.4 ശതമാനമായി കുറച്ചു. 2024ല്‍ ജി.ഡി.പി 1.5 ശതമാനമായി ചുരുങ്ങുമെന്നും മുഡീസ് കരുതുന്നു.

Content highlight: Moody’s report said Israel’s war with Hamas costs $260 million per day