ഗസയിലേക്കുള്ള സഹായ സംഘങ്ങളെ നിരോധിക്കാനുള്ള ഇസ്രഈൽ നീക്കം അതിക്രൂരം: യു.എൻ
United Nations
ഗസയിലേക്കുള്ള സഹായ സംഘങ്ങളെ നിരോധിക്കാനുള്ള ഇസ്രഈൽ നീക്കം അതിക്രൂരം: യു.എൻ
ശ്രീലക്ഷ്മി എ.വി.
Wednesday, 31st December 2025, 10:28 pm

ന്യൂയോർക്ക്: ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്ന സംഘങ്ങളെ നിരോധിക്കാനുള്ള ഇസ്രഈലിന്റെ നീക്കത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ.

ഇസ്രഈലിന്റെ നീക്കം അതിക്രൂരമാണെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു.

ഇത്തരം ഏകപക്ഷീയമായ നിരോധനങ്ങൾ ഗസയിലെ ജനങ്ങൾക്ക് അസഹനീയ സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുന്ന പുതിയ മാർഗനിർദേശങ്ങൾ പാലിക്കാത്ത 37 സഹായ സംഘടനകളെ ജനുവരി ഒന്നുമുതൽ ഗസയിൽ നിന്നും നിരോധിക്കുമെന്ന് ഇസ്രഈൽ പറഞ്ഞതിന് പിന്നാലെയാണ് യു.എന്നിന്റെ പരാമർശം.

ഇസ്രഈൽ ഉടൻ തന്നെ മാനുഷിക സഹായങ്ങൾ തടസമില്ലാതെ ഗസയിലേക്ക് എത്തിക്കാൻ അനുവദിക്കണമെന്നും എല്ലാ രാജ്യങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വോൾക്കർ ടർക്ക് പറഞ്ഞു.

അന്താരാഷ്ട്ര മെഡിക്കൽ ചാരിറ്റിയായ ഡോക്‌ടേഴ്‌സ് വിത്ത്ഔട്ട് ബോർഡേഴ്സ് അടക്കം 37 സംഘടനകളെയാണ് ഇസ്രഈൽ നിരോധിക്കുന്നത്.

നോർവീജിയൻ റെഫ്യൂജി കൗൺസിൽ, വേൾഡ് വിഷൻ ഇന്റർനാഷണൽ, കെയർ, ഓക്സ്ഫാം എന്നിവയും ഉൾപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

പുതിയ മാർഗനിർദേശങ്ങൾ ഗസയിലെ സഹായവിതരണത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് നിരവധി സംഘടനകൾ എ.എഫ്.പിയോട് പറഞ്ഞു.

മേഖലയിലേക്ക് എത്തുന്ന സഹായങ്ങൾ അപര്യാപ്തമാണെന്നും മാനുഷിക സംഘടനകൾ പറയുന്നു.

Content Highlight: Israel’s move to block aid groups from entering Gaza is cruel: UN

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.