ക്വലാലംപൂര്‍: ഫലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള ഇസ്രഈലിന്റെ ക്രൂരത ലോക ചരി്രതത്തില്‍ രേഖപ്പെടുത്തുമെന്ന് വിമര്‍ശിച്ച് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ഗസയിലെ 66,000ലേറെ പേരെ കൊലപ്പെടുത്തിയ ഇസ്രഈലിന്റെ ക്രൂരത തലമുറകളോളം മറക്കില്ല, ചിലപ്പോള്‍ നൂറ്റാണ്ടുകളോളം ചര്‍ച്ച ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘ഗസയിലെ അവസ്ഥ ഭീകരമാണ്. അവര്‍ (ഇസ്രഈല്‍) ഗര്‍ഭിണികളായ സ്ത്രീകളെ കൊലപ്പെടുത്തുന്നു. നവജാത ശിശുക്കളെയും സ്ത്രീകളെയും പുരുഷന്മാരെയും യുവതീയുവാക്കളെയും ചെറിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും രോഗികളെയും പാവപ്പെട്ടവരെയുമെല്ലാം കൊന്നൊടുക്കുകയാണ്. ഇതെങ്ങനെ മറക്കാനാകും. നൂറ്റാണ്ടുകളോളം മറക്കില്ല’, മഹാതിര്‍ പറഞ്ഞു.
1990കളുടെ തുടക്കത്തില്‍ ബോസ്‌നിയയില്‍ നടന്ന മുസ്‌ലിം വംശഹത്യയ്ക്കും രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജര്‍മനിയില്‍ നടന്ന ജൂതവംശഹത്യക്കും തുല്യമാണ് ഇപ്പോള്‍ ഫലസ്തീനില്‍ നടക്കുന്ന വംശഹത്യയെന്നും മഹാതിര്‍ പറഞ്ഞു.
ഒരിക്കല്‍ വംശഹത്യയുടെ എല്ലാവേദനകളും അനുഭവിച്ചവര്‍ക്ക് എങ്ങനെയാണ് വംശഹത്യയ്ക്ക് നേതൃത്വം നല്‍കാനാകുന്നതെന്ന് മനസിലാകുന്നില്ലെന്നും മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി ഇസ്രഈലിലെ ജൂതഭരണകൂടത്തോട് ചോദിച്ചു.
തങ്ങള്‍ ഒരിക്കല്‍ അനുഭവിച്ച ദുരന്തം മറ്റാരും അനുഭവിക്കരുതെന്നായിരിക്കും എല്ലാവരും ചിന്തിക്കുക എന്നായിരുന്നു മുമ്പ് താന്‍ കരുതിയിരുന്നത്. എന്നാല്‍, ഇവിടെ ഒരിക്കല്‍ വംശഹത്യയുടെ ഇരകളായിരുന്ന ഇസ്രഈല്‍ തങ്ങളുടെ വിധി മറ്റുള്ളവരിലേക്ക് ചൊരിയുകയാണ്.
ഇത് തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹാതിര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
1980കളിലും 90കളിലും മലേഷ്യയുടെ അധികാരത്തിലിരുന്ന നേതാവാണ് മഹാതിര്‍ മുഹമ്മദ്. പാശ്ചാത്യ ആധിപത്യത്തിനെതിരായ അദ്ദേഹത്തിന്റെ നിലപാടുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. വികസ്വര രാജ്യങ്ങളെ ചൂഷണം ചെയ്യുന്ന യു.എസിനെയും യൂറോപ്യന്‍ രാജ്യങ്ങളെയും മഹാതിര്‍ ശക്തമായി എതിര്‍ത്തിരുന്നു.
അതേസമയം, ഇസ്രഈല്‍ ഗസയിലെ വംശഹത്യ തുടരുകയാണ്. ലോകരാജ്യങ്ങള്‍ ഗസയിലെ വംശഹത്യയെ ഐക്യരാഷ്ട്രസഭയിലടക്കം ചോദ്യം ചെയ്യുന്നതിനിടയിലും ആക്രമണത്തില്‍ നിന്നും പിന്മാറുന്നതിന്റെ ഒരു സൂചനയും ഇസ്രഈല്‍ നല്‍കിയിട്ടില്ല.