യുദ്ധം ഇസ്രഈലിനെ ദുർബലപ്പെടുത്തുന്നു; രാജ്യത്തിന്റെ ക്രെഡിറ്റ്‌ സ്കോർ വെട്ടിക്കുറച്ച് അന്താരാഷ്ട്ര റേറ്റിങ് ഏജൻസി
World News
യുദ്ധം ഇസ്രഈലിനെ ദുർബലപ്പെടുത്തുന്നു; രാജ്യത്തിന്റെ ക്രെഡിറ്റ്‌ സ്കോർ വെട്ടിക്കുറച്ച് അന്താരാഷ്ട്ര റേറ്റിങ് ഏജൻസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th February 2024, 8:09 am

ടെൽ അവീവ്: ഇസ്രഈലിന്റെ ക്രെഡിറ്റ്‌ റേറ്റിങ് വെട്ടിക്കുറച്ചതായി അന്താരാഷ്ട്ര റേറ്റിങ്‌സ് ഏജൻസി മൂഡീസ്. ഹമാസുമായി നടത്തുന്ന യുദ്ധത്തിലെ രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികളാണ് സ്കോർ വെട്ടിക്കുറച്ചതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

ഇതാദ്യമായാണ് കമ്പനി ഇസ്രഈലിന്റെ ക്രെഡിറ്റ്‌ ഇത്രയും കുറക്കുന്നത്.

നിക്ഷേപ റാങ്കിങ്ങിൽ ആറാമത്തെ സ്കോറായ എ2വിലേക്കാണ് മൂഡീസ് ഇസ്രഈലിനെ വെട്ടിക്കുറച്ചത്. നിരക്ക് കൂടുതൽ താഴുവാനും സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്.

‘ഹമാസുമായുള്ള സംഘർഷവും അതിനെ തുടർന്നുള്ള പ്രത്യാഘാതങ്ങളും രാഷ്ട്രീയ വെല്ലുവിളികൾ ഉയർത്തുന്നു. മാത്രമല്ല ഇസ്രഈലിന്റെ നിയമനിർമാണ സ്ഥാപനങ്ങളെയും സാമ്പത്തിക കരുത്തിനെ ദുർബലപ്പെടുത്തുന്നു,’ ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഗസയിലെ ആക്രമണങ്ങളുടെ തോത് ഒരുപക്ഷേ കുറഞ്ഞേക്കാമെന്നും എന്നാൽ നിലവിൽ യുദ്ധം അവസാനിപ്പിച്ച് ഇസ്രഈൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും പദ്ധതികളുമൊന്നുമില്ലെന്നും കമ്പനി പറഞ്ഞു.

അതേസമയം യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് കണക്കാക്കിയതിനേക്കാൾ വളരെ കൂടുതലായിരിക്കും ഇസ്രഈലിന്റെ കടക്കെണിയെന്നും മൂഡീസ് പറയുന്നു.

ഒക്ടോബറിൽ ഹമാസുമായി ഇസ്രഈൽ യുദ്ധം പ്രഖ്യാപിച്ച് രണ്ടാഴ്ചക്കകം തന്നെ മൂഡീസ് ഇസ്രഈലിന്റെ ക്രെഡിറ്റ്‌ സ്കോർ റിവ്യൂവിൽ വെച്ചിരുന്നു. മൂഡീസിന് പുറമെ എസ്&പി, ഫിച്ച് എന്നീ കമ്പനികളും ഇസ്രഈലിനെ നെഗറ്റീവ് റേറ്റിങ്ങിൽ നിരീക്ഷണത്തിൽ വെച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ സ്കോർ തരംതാഴ്ത്തിയിട്ടില്ല.

യുദ്ധം ഇറാൻ, ലെബനൻ പോലുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചാൽ ക്രെഡിറ്റ്‌ വെട്ടിക്കുറക്കുമെന്ന് എസ്&പി മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ക്രെഡിറ്റ്‌ സ്കോർ വെട്ടിച്ചുരുക്കിയത് രാജ്യത്തിന്റെ സമ്പദ്ഘടനയെയല്ല പ്രതിഫലിപ്പിക്കുന്നതെന്നും അത് തങ്ങൾ യുദ്ധത്തിലായത് കൊണ്ടാണെന്നും ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുദ്ധം വിജയിച്ചയുടൻ സ്കോർ പഴയത് പോലെയാകുമെന്നും നെതന്യാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

Content highlight: Israel’s credit rating downgraded on war risks