ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകളെ തീവ്രവാദികളെ പോലെ പരിഗണിച്ചതിൽ ഞാൻ അഭിമാനിക്കുന്നു: ബെൻ ഗ്വിർ
World
ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകളെ തീവ്രവാദികളെ പോലെ പരിഗണിച്ചതിൽ ഞാൻ അഭിമാനിക്കുന്നു: ബെൻ ഗ്വിർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th October 2025, 9:58 am

ടെൽ അവീവ്: ഗസയിലേക്ക് മാനുഷിക സഹായവുമായി പോയ സുമുദ് ഫ്‌ളോട്ടില്ലയിലെ ആക്ടിവിസ്റ്റുകളെ തീവ്രവാദികളെ പോലെ പരിഗണിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് ഇസ്രഈൽ ദേശസുരക്ഷാമന്ത്രിയും തീവ്രവലതുപക്ഷക്കാരനുമായ ഇതാമർ ബെൻ ഗ്വിർ. ആക്ടിവിസ്റ്റുകൾക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കിയെന്നും ഇസ്രഈലിലേക്ക് വീണ്ടും വരുന്നതിന് മുമ്പ് അവർ രണ്ടുതവണ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഫ്‌ളോട്ടില്ല ആക്ടിവിസ്റ്റുകളെ തീവ്രവാദികളെ പോലെ പരിഗണിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഇതാണ് എന്റെ നയം. കെറ്റ്സിയോട്ട് ജയിലിലെ അവസ്ഥ അവർ മനസിലാക്കണം. ഇസ്രഈലിനെ വീണ്ടും സമീപിക്കുന്നതിന് മുമ്പ് അവർ രണ്ട് തവണ ചിന്തിക്കണം. കമ്മീഷണർ കോബി യാക്കോബിയും ഞാനും നിശ്ചയിച്ച നയത്തിന് അനുസൃതമായി പ്രവർത്തിച്ച ഇസ്രഈൽ ജയിൽ ജീവനക്കാരെ ഓർത്തും ഞാൻ അഭിമാനിക്കുന്നു,’ ബെൻ ഗ്വിർ പറഞ്ഞു.

താൻ ജയിൽ സന്ദർശിച്ചതായും യാതൊരുവിധ മാനുഷിക സഹായമോ അനുകമ്പയോ കണ്ടില്ലെന്നും ബെൻ ഗ്വിർ പറഞ്ഞു. ആക്ടിവിസ്റ്റുകളെ ഇവിടെ റെഡ് കാർപ്പറ്റിൽ സ്വീകരിക്കുമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റി. ഭീകരതയെ പിന്തുണക്കുന്ന ഏതൊരാളും തീവ്രവാദിയാണെന്നും തീവ്രവാദികൾക്ക് ബാധകമായ അതേ വ്യവസ്ഥകൾ അവർക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിൽ മോശം പെരുമാറ്റവും മനുഷ്വത്വരഹിതമായ സാഹചര്യങ്ങളും അനുഭവിച്ചതായി സുമുദ് ഫ്‌ളോട്ടില്ല ആക്ടിവിസിറ്റുകൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബെൻ ഗ്വിർ തീവ്രവാദികൾ എന്ന വിളിച്ചതിനെ തുടർന്ന് ആക്ടിവിസ്റ്റുകൾ നിരാഹാരസമരം ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച ഗസ സമാധാന പദ്ധതിയെ ബെൻ ഗ്വിറും ഇസ്രഈൽ ധനമന്ത്രി ബെസലേൽ സ്ലോട്രിച്ചും എതിർത്തു. ബന്ദികളുടെ മോചനത്തിന് ശേഷവും ഹമാസ് നിലനിൽക്കുകയാണെങ്കിൽ താനും തന്റെ പാർട്ടി ഒട്സ്മ യെഹൂദിതും നെതന്യാഹു സർക്കാരിൽ നിന്ന് രാജിവെക്കുമെന്നാണ് ഗ്വിർ ഭീഷണി മുഴക്കിയത്. തന്റെ പാർട്ടി ഒരു ദേശീയ പരാജയത്തിന്റെയും ശാശ്വത അപമാനത്തിന്റെയും ഭാഗമാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ബന്ദികൾ തിരികെയെത്തുന്നതിൽ എല്ലാവരെയും പോലെ എന്റെ പാർട്ടിയും സന്തോഷിക്കും. പക്ഷേ, ഇസ്രഈലിന് ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തം വരുത്തിയ സംഘടനയുടെ ഉയർത്തെഴുന്നേൽപ്പിന് വഴിയൊരുക്കുന്ന സാഹചര്യത്തോട് ഒരു തരത്തിലും യോജിക്കാൻ എന്റെ പാർട്ടിക്ക് കഴിയില്ല,’ ബെൻ ഗ്വിർ പറഞ്ഞു.

എന്നാൽ, ബെസലേൽ സ്ലോട്രിച്ച് നേരിട്ട് താൻ നെതന്യാഹു സർക്കാരിൽ നിന്ന് രാജിവെക്കുമെന്ന് പറഞ്ഞില്ലെങ്കിലും ഈ സമാധാന പദ്ധതി ഇസ്രഈൽ അംഗീകരിച്ചതും ചർച്ചകൾ നടത്താൻ തയ്യാറായതും വലിയ തെറ്റാണെന്ന് പറഞ്ഞു. പദ്ധതിയിലെ വ്യവസ്ഥകൾ ഹമാസിന് കാര്യങ്ങൾ വൈകിപ്പിക്കാൻ സമയം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Israel’s Ben-Gvir says he is proud in treat Global Sumud Flotilla as terrorists