കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഫലസ്തീനായി തെരുവിലറങ്ങി ഇസ്രഈല്‍ ജനത: ലോകം ഉറ്റുനോക്കുന്ന ജനകീയ പ്രക്ഷോഭത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
ന്യൂസ് ഡെസ്‌ക്

‘ഞങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കല്‍ വേണ്ട, അധിനിവേശവും വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് സമാധാനവും ജനാധിപത്യവുമാണ്’ കഴിഞ്ഞ ദിവസം ഫലസ്തീന് പിന്തുണയുമായി തെരുവിലറങ്ങിയ ഇസ്രഈല്‍ ജനത വിളിച്ച മുദ്രാവാക്യമാണിത്.

ജോര്‍ദാന്‍ താഴ്വരയും വെസറ്റ് ബാങ്കിന്റെ ഭാഗങ്ങളും പിടിച്ചെടുക്കാനുള്ള ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തെ എതിര്‍ത്തു കൊണ്ട് ആയിരക്കണക്കിന് ഇസ്രാഈലിക്കാരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടക്കമുള്ള ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തിലാണ് ജനകീയപ്രതിഷേധം നടന്നത്.

പ്രതിഷേധം അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ശനിയാഴ്ച 6000ത്തില്‍ അധികം ആളുകളാണ് തെരുവിലിറങ്ങിയത്. ഇക്കൂട്ടത്തില്‍ ഫലസ്തീന് പിന്തുണയുമായി ഫലസ്തീന്‍ പതാക വരെ കൈകളിലേന്തിയാണ് ജനങ്ങള്‍ എത്തിയത്.

വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് ഇടതുപാര്‍ട്ടിയായ മെറെറ്റ്‌സിന്റെ തലവന്‍ നിറ്റ്‌സാന്‍ ഹൊറോവിറ്റ്‌സ് പറഞ്ഞു.

‘പിടിച്ചെടുക്കല്‍ ഒരു യുദ്ധക്കുറ്റമാണ്, അത് സമാധനത്തിനെതിരെയുള്ള കുറ്റമാണ്, മനുഷ്യത്വത്തിനെതിരെയുള്ള കുറ്റമാണ്. രക്തച്ചൊരിച്ചിലിനുള്ള വഴിയൊരുക്കലാണിത്,” എന്നാണ് നിറ്റ്സന്‍ പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയും അഴിമതി വിചാരണയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മറ്റൊരാളും തമ്മിലുള്ള ശപിക്കപ്പെട്ട ഇടപാടാണാണ് ട്രംപിന്റെ സമാധാന പദ്ധതി എന്നാണ് മെറെറ്റ്‌സ് നേതാവ് തമര്‍ സാന്‍ഡ്ബെര്‍ഗ് പ്രതികരിച്ചത്.

” ട്രംപ് ഇസ്രഈലിന്റെ സൂഹൃത്തല്ല. നെതന്യാഹു ഇസ്രഈലിന് നല്ലതൊന്നും ചെയ്യില്ല. പശ്ചിമേഷ്യയില്‍ ജീവിക്കുന്ന ഇസ്രഈലി ജനതയ്ക്കും ഫലസ്തീന്‍ ജനതയ്ക്കും ഈ ഇടപാട് നല്ലതൊന്നും ഉണ്ടാക്കില്ല,” എന്നും അവര്‍ പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച അമേരിക്കന്‍ സെനറ്റര്‍ ബേര്‍ണി സാന്റേഴ്‌സിന്റെ വീഡിയോ സന്ദേശവും പ്രക്ഷോഭകാരികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ജൂലൈ 1 മുതല്‍ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങള്‍ കൂടുതലായി പിടിച്ചെടുക്കാന്‍ തുടങ്ങുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നീക്കത്തിനെതിരെ ഇസ്രഈലിയന്‍ ജനത തന്നെ രംഗത്തെത്തിയത്.

1967ലെ യുദ്ധത്തില്‍ ഇസ്രഈല്‍ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും ഗാസ മുനമ്പിലെയും പ്രദേശങ്ങള്‍ ഇസ്രഈലില്‍ നിന്നും സ്വതന്ത്രമാക്കണമെന്നാണ് കാലങ്ങളായി ഫലസ്തീന്‍ ജനത ഉയര്‍ത്തുന്ന ആവശ്യം. ഈ ആവശ്യത്തിന് പിന്തുണയുമായാണ് ഇപ്പോള്‍ ഇസ്രഈല്‍ ജനത തെരുവിലറിങ്ങിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2005ല്‍ ഇസ്രഈല്‍ ഗാസയില്‍ നിന്നും ഔദ്യോഗികമായി സേനയെ പിന്‍വലിച്ചതായി പ്രഖ്യാപിച്ചെങ്കിലും കര്‍ശനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും കര-കടല്‍ അതിര്‍ത്തികള്‍ അടക്കുകയുമായിരുന്നു. ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലെന്നായിരുന്നു ഈ വെസ്റ്റ് ബാങ്ക് പ്രദേശത്തെ ഐക്യരാഷ്ട്ര സംഘടന പോലും വിളിച്ചത്.

ഈ വര്‍ഷം ജനുവരിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രഈല്‍- ഫലസ്തീന്‍ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പശ്ചിമേഷ്യന്‍ സമാധാന പദ്ധതി അവതരിപ്പിച്ചത്. 1967ലെ യുദ്ധത്തിലൂടെ പിടിച്ചെടുത്ത പ്രദേശങ്ങള്‍ക്ക് മേല്‍ ഇസ്രഈലിന് സര്‍വ്വാധികാരവും നല്‍കുന്നതായിരുന്നു ഈ പുതിയ കരാര്‍. മാത്രമല്ല ഫലസ്തീനില്‍ നിന്നുള്ള ഒരു പ്രതിനിധിയെ പോലും ഈ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുപ്പിച്ചുമില്ല.

ട്രംപിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഫലസ്തീന്‍ പൂര്‍ണ്ണമായും ഈ പദ്ധതിയെ നിഷേധിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയും നിരവധി ലോകരാഷ്ട്രങ്ങളും പദ്ധതിയോടുള്ള എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തു.

ഇപ്പോള്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് നെതന്യാഹു പ്രസ്താവിച്ചതാണ് ജനരോഷത്തിന് കാരണമായതും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നതും.

കൊവിഡ് 19 പ്രതിസന്ധിക്കിടെ ഏറ്റവും വലിയ ജനകീയ പ്രതിഷേധത്തിനാണ് ഇസ്രാഈല്‍ ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മാസ്‌കുകള്‍ ധരിച്ച് സാമൂഹിക അകലം പാലിച്ചുകൊണ്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്, സമാധാനത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക