ഫലസ്തീനികളെ ബലമായി തെക്കന്‍ ഗസയിലേക്ക് മാറ്റാനൊരുങ്ങി ഇസ്രഈല്‍
World
ഫലസ്തീനികളെ ബലമായി തെക്കന്‍ ഗസയിലേക്ക് മാറ്റാനൊരുങ്ങി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th August 2025, 6:48 am

നഹരിയ: ഫലസ്തീനികളെ ബലമായി തെക്കന്‍ ഗസയിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രഈല്‍. ഗസയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചില പ്രദേശങ്ങളില്‍ സൈനിക ആക്രമണത്തിനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഇസ്രഈലിന്റെ ഈ നീക്കം.

പത്ത് ലക്ഷത്തോളം വരുന്ന ആളുകളെയാണ് തെക്കന്‍ ഗസയിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. ഈജിപ്തിന്റെ അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്താകും അവരെ മാറ്റിപാര്‍പ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി ആക്രമണം പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതായി ഇസ്രഈല്‍ പ്രഖ്യാപിച്ചത്.

ഹമാസിന്റെ ശേഷിക്കുന്ന രണ്ട് ശക്തികേന്ദ്രങ്ങളായ വടക്കന്‍ ഗസയും തെക്ക് അല്‍-മവാസിയും തകര്‍ക്കാന്‍ സൈന്യത്തിന് അനുമതി ലഭിച്ചതായി നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു.

അതേസമയം ഗസയിലേക്കുള്ള മാനുഷിക സഹായത്തിന്റെ ചുമതലയുള്ള ഇസ്രഈല്‍ സൈനിക സംഘടന പ്രദേശത്ത് ടെന്റുകള്‍ വിതരണം ചെയ്യുന്നത് ഇന്ന് (ഞായറാഴ്ച) പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇസ്രഈല്‍ – ഫലസ്തീന്‍ യുദ്ധത്തില്‍ തങ്ങളുടെ വര്‍ധിച്ചു വരുന്ന നിരാശ പ്രകടിപ്പിക്കുന്നതിനായി ഇസ്രഈല്‍ ബന്ദികളുടെ ബന്ധുക്കള്‍ ഇന്ന് ഇസ്രഈലില്‍ രാജ്യവ്യാപക പണിമുടക്ക് ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

വരാനിരിക്കുന്ന ആക്രമണങ്ങള്‍ ഗസയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കാന്‍ കാരണമാകുമെന്നാണ് അവരുടെ കുടുംബങ്ങള്‍ ഭയപ്പെടുന്നത്. ഗസയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 50 ബന്ദികളാണ്.

എന്നാല്‍ അതില്‍ 20 പേര്‍ മാത്രമേ ഇപ്പോഴും ജീവനോടെയുള്ളു എന്നാണ് കരുതുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിനായി ബന്ദികളുടെ കുടുംബങ്ങളും അവരെ പിന്തുണക്കുന്നവരും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

Content Highlight: Israel prepares to forcibly transfer Palestinians to southern Gaza