സമാധാന ചര്‍ച്ചകള്‍ക്കിടെ ഗസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാനൊരുങ്ങി ഇസ്രഈല്‍
World News
സമാധാന ചര്‍ച്ചകള്‍ക്കിടെ ഗസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാനൊരുങ്ങി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th March 2025, 10:04 pm

ഗസ: ഇസ്രഈലും ഹമാസും തമ്മിലുള്ള രണ്ടാംഘട്ട വെടിനിര്‍ത്തല്‍ കരാറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവെ ഗസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാനൊരുങ്ങി ഇസ്രഈല്‍. ഗസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുകയാണെന്ന് ഇസ്രഈല്‍ അറിയിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ദിവസങ്ങള്‍ക്ക് മുമ്പ് 20 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന മുനമ്പിലേക്കുള്ള എല്ലാ സാധനങ്ങളുടെയും വിതരണം ഇസ്രഈല്‍ നിര്‍ത്തിവെച്ചിരുന്നു. ഇത് കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് പുതിയ പ്രഖ്യാപനം വരുന്നത്. നിരോധനത്തിലൂടെ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെ സമ്മര്‍ദത്തിലാക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നത്.

ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്നതിനിടെ, ഞായറാഴ്ച വടക്കന്‍ ഗസയില്‍ ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ പ്രദേശത്തേക്ക് മാനുഷിക സഹായം പുനരാരംഭിക്കേണ്ടതിന്റെ ആവശ്യകത ഹമാസ് മധ്യസ്ഥരെ അറിയിച്ചിരുന്നു.

ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുകയും രണ്ടാംഘട്ട കരാറിന് ധാരണയിലെത്താതെയും വന്നതോടെ ഗസയിലേക്കുള്ള മുഴുവന്‍ മാനുഷിക സഹായങ്ങളും ഇസ്രഈല്‍ കഴിഞ്ഞ ദിവസം തടഞ്ഞിരിന്നു.

വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ടത്തിനായുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത ഹമാസ് പലതവണ ആവര്‍ത്തിച്ചപ്പോള്‍, ആദ്യ ഘട്ടം കൂടുതല്‍ ദിവസത്തേക്ക് നീട്ടി കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രഈല്‍ ശ്രമിച്ചത്. യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണം എന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ബന്ദികളാക്കിയ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുകയും ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തുകൊണ്ട്, കരാറിന്റെ രണ്ടാം ഘട്ടം മുന്നോട്ട് പോകണമെന്നാണ് ഹമാസ് ആഗ്രഹിക്കുന്നത്.

എന്നാല്‍ പിന്നീട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആണ് രണ്ടാംഘട്ടത്തിലെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചക്കുകയും ഇസ്രഈല്‍ ഈ നിര്‍ദേശം അനുകൂലിക്കുകയും ചെയ്‌തെങ്കിലും ഹമാസ് നിബന്ധനകള്‍ സ്വീകരിച്ചില്ല.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ആയിരുന്നു രണ്ടാംഘട്ടത്തിലെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.

Content Highlight: Israel prepares to cut off electricity supply to Gaza amid peace talks