പൗരന്മാരോട് തോക്കെടുക്കാന്‍ ആഹ്വാനം ചെയ്ത് നഫ്താലി ബെന്നറ്റ്; ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു
World News
പൗരന്മാരോട് തോക്കെടുക്കാന്‍ ആഹ്വാനം ചെയ്ത് നഫ്താലി ബെന്നറ്റ്; ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st March 2022, 1:35 pm

ടെല്‍ അവീവ്: രാജ്യത്തെ പൗരന്മാരോട് തോക്കെടുക്കാന്‍ ആഹ്വാനം ചെയ്ത് ഇസ്രഈല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. തോക്കുപയോഗിക്കാന്‍ ലൈസന്‍സ് ഉള്ളവരും സ്വന്തമായി തോക്കുള്ളവരും അതുമായി പൊതുനിരത്തിലിറങ്ങണമെന്നാണ് ബെന്നറ്റ് പറഞ്ഞത്.

ടെല്‍ അവീവ് തീവ്ര ജൂത പ്രദേശത്ത് അഞ്ച് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

”സമാധാനത്തിന്റെ ഒരു പിരീഡിന് ശേഷം ഇപ്പോള്‍ വീണ്ടും, നമ്മളെ നശിപ്പിക്കാനും വേദനിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ അക്രമം തുടങ്ങിയിരിക്കുകയാണ്,” ബുധനാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ബെന്നറ്റ് പറഞ്ഞു.

സൈന്യത്തിനും പൊലീസിനും ശക്തി പകരാന്‍ കൂടുതല്‍ വൊളണ്ടിയര്‍മാര്‍ മുന്നോട്ട് വരണമെന്നും പുതിയ ‘ബോര്‍ഡര്‍ പൊലീസ് ബ്രിഗേഡ്’ എസ്റ്റാബ്ലിഷ് ചെയ്യാനാണ് ലക്ഷ്യമെന്നും ബെന്നറ്റ് വ്യക്തമാക്കി.

നിലവില്‍ കൊവിഡ് പോസിറ്റീവായി ക്വാറന്റീനില്‍ കഴിയുകയാണ് ബെന്നറ്റ്.

”ഇസ്രഈല്‍ പൗരന്മാരില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത്, ശ്രദ്ധയും ഉത്തരവാദിത്തവും. ആര്‍ക്കൊക്കെയാണോ തോക്കുപയോഗിക്കാന്‍ ലൈസന്‍സുള്ളത്, ഇതാണ് നിങ്ങള്‍ക്ക് തോക്കുപയോഗിക്കാന്‍ പറ്റിയ സമയം,” ഇസ്രഈല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ റെയ്ഡില്‍ ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു.

ചുരുങ്ങിയത് രണ്ട് ഫലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായും ഡസനിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച രാവിലെയായിരുന്നു ഇസ്രഈലി സുരക്ഷാ സേനയുടെ റെയ്ഡ്. ഫലസ്തീനിയന്‍ ആരോഗ്യവകുപ്പാണ് വിവരം പുറത്തുവിട്ടത്.

ഇതിന് പിന്നാലെയായിരുന്നു ഇസ്രഈല്‍ പൗരന്മാരോട് തോക്കെടുക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള നഫ്താലി ബെന്നറ്റിന്റെ പ്രസ്താവന.

Content Highlight: Israel PM Naftali Bennett urges citizens to carry guns, Palestinians killed in Israeli army raid