തടങ്കലിലുള്ള ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൗട്ടിയ്ക്ക് നേരെ ഇസ്രഈല്‍ മന്ത്രിയുടെ ഭീഷണി
World
തടങ്കലിലുള്ള ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൗട്ടിയ്ക്ക് നേരെ ഇസ്രഈല്‍ മന്ത്രിയുടെ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th August 2025, 1:29 pm

ടെല്‍ അവീവ്: 2002 മുതല്‍ ഇസ്രഈല്‍ തടങ്കലിലുള്ള പ്രമുഖ ഫലസ്തീന്‍ നേതാവ് മര്‍വാന്‍ ബര്‍ഗൗട്ടിയ്ക്ക് നേരെ ഇസ്രഈലി സുരക്ഷാ മന്ത്രി ബെന്‍ ഗ്വിറിന്റെ ഭീഷണി.

ഇസ്രഈല്‍ ഒരിക്കലും പരാജയപ്പെടുകയില്ലെന്ന് പറഞ്ഞുകൊണ്ടാണ് ബെന്‍ ഗ്വിര്‍ ബാര്‍ഗൗട്ടിയെ ഭീഷണിപ്പെടുത്തിയത്. ഡ്രോപ്പ് സൈറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാ ഗാര്‍ഡുകളുടെയും ക്യാമറകളുടെയും സാന്നിധ്യത്തിലാണ് ഇസ്രഈലി മന്ത്രി ബാര്‍ഗൗട്ടിനെ ഭീഷണിപ്പെടുത്തിയത്.

‘ഇസ്രഈല്‍ ജനതയെ പ്രതിസന്ധിയിലാക്കുന്നവരെയും രാജ്യത്തെ കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്നവരെയും ഞങ്ങള്‍ വെറുതെ വിടില്ല,’ ബാര്‍ഗൗട്ടിനെ ഭീഷണിപ്പെടുത്തുന്നതിനിടെ ബെന്‍ ഗ്വിര്‍ പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് ഡ്രോപ്പ് സൈറ്റ് പുറത്തുവിട്ടിരിക്കുന്നത്.

ബെന്‍ ഗ്വിറിന്റെ ഭീഷണി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിരവധി ആളുകള്‍ ഫലസ്തീന്‍ തടവുകാരുടെ ജീവനില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. ബെന്‍ ഗ്വിറിന്റെ നടപടി എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

ബര്‍ഗൗട്ടിയ്ക്ക് സുരക്ഷയൊരുക്കാന്‍ ഫലസ്തീനികളും അന്താരാഷ്ട്ര സ്ഥാപനങ്ങളും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഫലസ്തീന്‍ തടവുകാര്‍ക്കും മുന്‍ തടവുകാര്‍ക്കും വേണ്ടിയുള്ള കമ്മീഷന്റെ തലവന്‍ റൈദ് അബു അല്‍-ഹമ്മൂസ് പറഞ്ഞു.

ബര്‍ഗൗട്ടിയുടെ സുരക്ഷയില്‍ അദ്ദേഹത്തിന്റെ കുടുംബവും ആശങ്ക അറിയിച്ചു. പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ടതില്‍ നിന്ന് ബര്‍ഗൗട്ടി അങ്ങേയറ്റം ക്ഷീണിതനാണെന്നാണ് മനസിലാക്കുന്നതെന്ന് ഫലസ്തീന്‍ നേതാവിന്റെ പങ്കാളി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

രണ്ടാം ഇന്‍തിഫാദയുടെ തുടക്കത്തില്‍ ഫലസ്തീനിലെ പ്രതിഷേധങ്ങള്‍ക്കും നയതന്ത്രത്തിനും നേതൃത്വം നല്‍കിയിരുന്ന വ്യക്തിയാണ് മാര്‍വാന്‍ ബര്‍ഗൗട്ടി. ഇതിനിടെയുണ്ടായ ഒരു ഏറ്റുമുട്ടലില്‍ ഇസ്രഈല്‍ ബന്ധമുള്ള അഞ്ച് പേര്‍ കൊല്ലപ്പെടുകയും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ബര്‍ഗൗട്ടിയാണെന്ന് ഇസ്രഈല്‍ ആരോപിക്കുകയും ചെയ്തിരുന്നു.

2002ല്‍ റാമല്ലയില്‍ വെച്ചാണ് ബര്‍ഗൗട്ടി ഇസ്രഈല്‍ സേനയുടെ കസ്റ്റഡിയിലാകുന്നത്. തുടര്‍ന്ന് കൊലപാതകക്കുറ്റം ചുമത്തി ബര്‍ഗൗട്ടിയെ ഇസ്രഈല്‍ വിചാരണ ചെയ്യുകയും അഞ്ച് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ ചുമത്തിയെ കുറ്റങ്ങളില്‍ വാദം നടത്താനുള്ള ബര്‍ഗൗട്ടിയുടെ അവകാശവും ഇസ്രഈല്‍ നിഷേധിച്ചിരുന്നു.

എന്നാല്‍ തനിക്കെതിരെ ഇസ്രഈല്‍ ചുമത്തിയ മുഴുവന്‍ ആരോപണങ്ങളും ബര്‍ഗൗട്ടി നിഷേധിക്കുകയാണ് ഉണ്ടായത്. ജയിലില്‍ തടവില്‍ കഴിയുമ്പോഴും ഫലസ്തീന്‍ ജനതയില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന നേതാവ് കൂടിയാണ് മര്‍വാന്‍ ബര്‍ഗൗട്ടി.

നിലവിലെ ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനെക്കാളും ഹമാസ് നേതാക്കളെക്കാളും ജനപ്രീതിയുള്ള നേതാവുമാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ബര്‍ഗൗട്ടിയുടെ മോചനം ഫലസ്തീന്‍ അതോറിറ്റിയിലെ ചില നേതാക്കളില്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

2024 മെയ് മാസത്തില്‍ ഇതിനെ സാധൂകരിക്കുന്ന വിധം ഫലസ്തീന്‍ അതോറിറ്റിയിലെ ഏതാനും നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇസ്രഈലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹുസൈന്‍ അല്‍-ഷൈഖ് അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ സമയം ബര്‍ഗൗട്ടിയുടെ മോചനത്തിന് അനുകൂലമല്ലെന്നാണ് ഫലസ്തീന്‍ അതോറിറ്റി നേതാക്കള്‍ പറഞ്ഞത്.

Content Highlight: Israeli minister Ben Gvir threatens detained Palestinian leader Marwan Barghouti