ഫലസ്തീന്‍ സിവിലിയന്മാരെ സംരക്ഷിക്കാന്‍ ഇസ്രഈലിന് ഒരു പദ്ധതിയുമില്ല: ബ്ലിങ്കെന്
World
ഫലസ്തീന്‍ സിവിലിയന്മാരെ സംരക്ഷിക്കാന്‍ ഇസ്രഈലിന് ഒരു പദ്ധതിയുമില്ല: ബ്ലിങ്കെന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th May 2024, 5:04 pm

വാഷിങ്ടണ്‍: റഫയിലെ 1.4 മില്യണ്‍ ഫലസ്തീന്‍ സിവിലിയന്മാരെ സംരക്ഷിക്കാന്‍ ഇസ്രഈലിന് പദ്ധതി ഇല്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. തെക്കന്‍ ഗസ നഗരത്തിലെ എല്ലാ ഹമാസ് പ്രവര്‍ത്തകരെയും കൊല്ലുന്നതില്‍ ഇസ്രഈല്‍ പരാജയപ്പെട്ടാല്‍ അത് വലിയൊരു ആക്രമണത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍.ബി.സിയുടെ മീറ്റ് ദ പ്രസിലായിരുന്നു ബ്ലിങ്കെന്‍ തന്റെ അഭിപ്രായം പറഞ്ഞത്.

‘ സായുധരായ അനേകം ഹമാസ് പ്രവര്‍ത്തകര്‍ അവശേഷിക്കുന്നു എന്നത് ഇനിയും വലിയൊരു യുദ്ധം കാത്തിരിക്കുന്നു എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിക്കും ‘ ബ്ലിങ്കെന്‍ പറഞ്ഞു.

റഫയില്‍ വന്‍തോതില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുമെന്ന ഭയത്താല്‍ ഇസ്രഈലിലേക്കുള്ള ആയുധങ്ങളുടെ കയറ്റുമതി താത്ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനവും യു.എസ് നല്‍കിയ ആയുധങ്ങള്‍ ഇസ്രഈല്‍ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണെന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടിനെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

‘കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിവര്‍ക്കുണ്ടായ നാശനഷ്ടങ്ങളുടെ ആകെത്തുക കണക്കിലെടുക്കുമ്പോള്‍, ഇസ്രഈല്‍ നീതിക്ക് നിരക്കാത്ത രീതിയിലാണ് പ്രവര്‍ത്തിച്ചതെന്ന് വിലയിരുത്താം,’
ബ്ലിങ്കെന്‍ പറഞ്ഞു.

റഫ ആക്രമിക്കാന്‍ ഇസ്രഈലിന് ആയുധങ്ങള്‍ തന്റെ ഭരണകൂടം നല്‍കില്ലെന്ന് സി.എന്‍.എന്നിന് കഴിഞ്ഞ ആഴ്ച നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം, ബൈഡന്റെ തീരുമാനത്തെ യു.എസ്-ഇസ്രഈലി ബന്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം തീരുമാനം’ എന്നാണ് വിശേഷിപ്പിച്ചത്.

ഒക്ടോബര്‍ 7-ന് ശേഷമാണ് ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചത്. ഇസ്രഈല്‍ ഗസയില്‍ നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരാണ് മരിച്ചത്. ഇസ്രഈലിന്റെ ആക്രമണത്തില്‍ മാത്രം ഇതുവരെ 35,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

Content highlight: Israel lacks ‘credible plan’ to safeguard Rafa civilians: Blinken