24 മണിക്കൂറിനുള്ളിൽ ഇസ്രഈൽ കൊന്നൊടുക്കിയത് 100 ഫലസ്തീനികളെ
World News
24 മണിക്കൂറിനുള്ളിൽ ഇസ്രഈൽ കൊന്നൊടുക്കിയത് 100 ഫലസ്തീനികളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th June 2025, 10:57 am

ഗസ: ഇസ്രഈൽ ആക്രമണത്തിൽ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടത് 100 പേർ. ബുധനാഴ്ച പുലർച്ചെ മുതൽ ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 100 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

വിവിധയിടങ്ങളിലായി നടത്തിയ ആക്രമണങ്ങളിലാണ് 100 മരണങ്ങൾ ഉണ്ടായത്. ഗസ നഗരത്തിലെ ഷെയ്ഖ് റദ്‌വാൻ പരിസരത്ത് നിർബന്ധിതമായി കുടിയിറക്കപ്പെട്ട ഫലസ്തീനികളെ പാർപ്പിക്കുന്ന അമർ ഇബ്‌നു അൽ-ആസ് സ്‌കൂളിൽ ഇസ്രഈൽ ബോംബാക്രമണം നടത്തി. ഈ ആക്രമണത്തിൽ അഞ്ചിലധികം പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കിഴക്കൻ ഗസ നഗരത്തിലെ ഷെജയ്യ പരിസരത്ത് നടന്ന രണ്ട് ആക്രമണങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 17 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും നിരവധി പേർക്ക് പരിക്കേറ്റുവെന്നും ഒരു മെഡിക്കൽ വൃത്തം അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

മധ്യ ഗാസയിലെ നെറ്റ്സാരിം പ്രദേശത്ത് മാനുഷിക സഹായം സ്വീകരിക്കാൻ ശ്രമിക്കുന്നതിനിടെ ഇസ്രായേലി വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ പറഞ്ഞു.

അതേസമയം ഇന്ന് പുലർച്ചെ ഇസ്രഈൽ നടത്തിയ അക്രമണങ്ങളിൽ ഗസയിൽ 14 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

കൊല്ലപ്പെട്ടവരിൽ മൂന്നുപേർ, പട്ടിണി കിടക്കുന്നവർക്കും സഹായം ആവശ്യമുള്ളവർക്കും വേണ്ടിയുള്ള ‘കിൽ സോണുകൾ’ എന്നറിയപ്പെടുന്ന വിതരണ കേന്ദ്രങ്ങളിൽ മാനുഷിക ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നതിനായി കാത്തിരുന്നവരായിരുന്നു.

അതേസമയം ഇറാൻ-ഇസ്രഈൽ സംഘർഷം നിലനിന്നിരുന്ന സാഹചര്യത്തിൽ ഗസയിലെ മാനുഷിക പ്രതിസന്ധി മറക്കരുതെന്ന് ലിയോ പതിനാലാമൻ മാർപാപ്പ കഴിഞ്ഞ ആഴ്ച ലോകത്തോട് പറഞ്ഞിരുന്നു. ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു മാർപ്പാപ്പയുടെ ആഹ്വാനം. പിന്നീട് ഇസ്രഈൽ-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഗസയിൽ ഇസ്രഈൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്.

 

Content Highlight: Israel kills 100 Palestinians since dawn on Wednesday