അമേരിക്കയുടെ നിലനില്‍പ്പിന് കാരണം ഇസ്രഈല്‍: ട്രംപിനെ പരസ്യമായി തള്ളി യു.എസ് അംബാസഡര്‍
World News
അമേരിക്കയുടെ നിലനില്‍പ്പിന് കാരണം ഇസ്രഈല്‍: ട്രംപിനെ പരസ്യമായി തള്ളി യു.എസ് അംബാസഡര്‍
ആദര്‍ശ് എം.കെ.
Thursday, 18th June 2026, 10:14 am

 

വാഷിങ്ടണ്‍: അമേരിക്കയുടെ നിലനില്‍പ്പിന് കാരണം ഇസ്രഈലാണെന്ന പ്രസ്താവനയുമായി ഇസ്രഈലിലെ യു.എസ് അംബാസഡര്‍ മൈക്ക് ഹക്കബി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടുകളെ പരസ്യമായി തള്ളുന്നതാണ് ഹക്കിബിയുടെ പരമാര്‍ശം.

ഇസ്രഈലില്ലെങ്കില്‍ അമേരിക്ക എന്ന രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ലെന്നും, അമേരിക്കയുടെ നിലനില്‍പ്പിന് ഇസ്രഈലിനോട് കടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഹക്കബിയുടെ പക്ഷം.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്‌ലഹേമിന് സമീപം നടന്ന, ഇസ്രഈല്‍ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനത്തിലാണ് മൈക്ക് ഹക്കബി നിലപാട് വ്യക്തമാക്കിയത്.

‘ഇസ്രായേലില്ലെങ്കില്‍, ആ ജൂത അടിത്തറയില്ലെങ്കില്‍ അമേരിക്ക എന്ന രാജ്യം ഉണ്ടാകുമായിരുന്നില്ല. നമ്മുടെ നിലനില്‍പ്പിന് ഈ മണ്ണില്‍ (ഇസ്രഈലില്‍) സംഭവിച്ച കാര്യങ്ങളോടാണ് നാം കടപ്പെട്ടിരിക്കുന്നത്,’ മൈക്ക് ഹക്കിബി പറഞ്ഞു.

താന്‍ അമേരിക്കയുടെ ഔദ്യോഗിക അംബാസഡര്‍ മാത്രമല്ലെന്നും, മറിച്ച് അമേരിക്കന്‍ ജനതയ്ക്ക് മുന്നില്‍ ഇസ്രഈല്‍ ഭരണകൂടത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു പ്രതിനിധി കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി-7 ഉച്ചകോടിയ്ക്കിടെയുള്ള ട്രംപിന്റെ പ്രസ്താവനകളെയാണ് ഹക്കിബി പൂര്‍ണമായും തള്ളിയിരിക്കുന്നത്.

താന്‍ അധികാരത്തില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇസ്രഈല്‍ എന്ന രാജ്യം തന്നെ ഇല്ലാതാകുമായിരുന്നു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം.

ഇറാനെതിരെ താന്‍ സ്വീകരിച്ച ശക്തമായ നയങ്ങളാണ് ഇസ്രഈലിനെ രക്ഷിച്ചതെന്നും, മറ്റൊരു അമേരിക്കന്‍ പ്രസിഡന്റും അവര്‍ക്കായി ഇത്രയധികം കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും ട്രംപ് വാദിച്ചിരുന്നു.

അമേരിക്കയും ഇറാനും തമ്മില്‍ സമാധാന നീക്കങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഭരണകൂടത്തിലെ ഈ ആഭ്യന്തര ഭിന്നത പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിനോട് ഇസ്രഈലിന് കടുത്ത എതിര്‍പ്പാണുള്ളതെന്നാണ് സൂചനകള്‍. ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികളെ ട്രംപ് പരസ്യമായി വിമര്‍ശിച്ചിരുന്നു. കൂടാതെ, ആ മേഖലയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സിറിയ മുന്‍കൈ എടുക്കണമെന്ന നിര്‍ദേശവും ട്രംപ് മുന്നോട്ടുവെച്ചിട്ടുണ്ട്.

 

Content highlight: Israel is the reason for America’s existence: US ambassador publicly rejects Trump

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.