റേച്ചല്‍ കോറിയെ കൊന്നപോലെ ഗ്രെറ്റയെ കൊല്ലാനാകുന്ന സാഹചര്യമല്ല ഇന്ന് ഇസ്രഈലിനുള്ളത്: അരുന്ധതി ബി
Kerala
റേച്ചല്‍ കോറിയെ കൊന്നപോലെ ഗ്രെറ്റയെ കൊല്ലാനാകുന്ന സാഹചര്യമല്ല ഇന്ന് ഇസ്രഈലിനുള്ളത്: അരുന്ധതി ബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th October 2025, 9:26 pm

കൊച്ചി: റേച്ചല്‍ കോറിയെ കൊലപ്പെടുത്തിയ അതേ ലാഘവത്തില്‍ ഗ്രെറ്റ തെന്‍ബെര്‍ഗിനെ കൊല്ലാന്‍ കഴിയുന്ന സാഹചര്യമല്ല ഇന്ന് ഇസ്രഈലിനുള്ളതെന്ന് സാമൂഹിക പ്രവര്‍ത്തക ബി. അരുന്ധതി.

പതിനായിരങ്ങള്‍ക്ക് ജീവന്‍ ബലി കൊടുക്കേണ്ടി വന്നെങ്കിലും ഇസ്രഈലെന്ന കൊളോണിയല്‍ ഭീകരവാദി രാജ്യം ലോകത്തിന് മുന്നില്‍ വെളിപ്പെട്ട് നില്‍ക്കുന്ന കാലമാണിതെന്നും അരുന്ധതി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അരുന്ധതിയുടെ പ്രതികരണം.

‘2003ന്റെ കഥ 2025ന്റേയും’ എന്ന് കുറിച്ചുകൊണ്ടാണ് അരുന്ധതിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഫലസ്തീന്‍ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനായി പ്രവര്‍ത്തിച്ച റേച്ചല്‍ കോറി 2003ലാണ് രക്തസാക്ഷിയായത്. ഇതേ വര്‍ഷമാണ് ലോകത്തിന്റെ മറ്റൊരു കോണില്‍ ഗ്രെറ്റ തെന്‍ബെര്‍ഗ് ജനിച്ചതെന്നും അരുന്ധതി ചൂണ്ടിക്കാട്ടി.

കുറിപ്പില്‍, ഗ്രെറ്റയുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ ചെറിയൊരു പങ്ക് ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്ന നമ്മുടെയെല്ലാം മനസാക്ഷിക്കുണ്ടെന്നും അരുന്ധതി പറയുന്നുണ്ട്. ഒരു കുഞ്ഞു പോലും പട്ടിണി കിടക്കാത്ത ലോകം സ്വപ്നം കണ്ട റേച്ചലിനെയും അരുന്ധതി ഓര്‍മിപ്പിച്ചു.

വെള്ളക്കാരിയായ ഒരു അമേരിക്കന്‍ പെണ്‍കുട്ടി ലോകപൗരയായി ചിന്തിച്ചത് കൊണ്ടാവാം മുതിര്‍ന്നപ്പോള്‍ അവള്‍ ഫലസ്തീന്‍ അവകാശ പോരാട്ടത്തിലേക്ക് അണിചേര്‍ന്നതെന്നും അരുന്ധതി കുറിച്ചു.

2003 മാര്‍ച്ച് ഒന്നിന് തന്റെ ഡയറി കുറിപ്പില്‍ റേച്ചല്‍ കോറി എഴുതിയ ‘ഗസയിലേത് രാഷ്ട്രീയ പ്രശ്‌നമല്ല, അതിജീവന പ്രശ്‌നമാണ്’ എന്ന വാചകവും അരുന്ധതി ഓര്‍ത്തെടുത്തു. ഇസ്രഈല്‍ എന്ന അധിനിവേശ രാജ്യം റേച്ചല്‍ കോറിയെ ബുള്‍ഡോസര്‍ കയറ്റി അക്ഷരാര്‍ത്ഥത്തില്‍ കൊന്നുകളയുകയായിരുന്നുവെന്നും ബി. അരുന്ധതി പറഞ്ഞു.

നിലവില്‍ ഗ്രെറ്റ തെന്‍ബെര്‍ഗ് ഉള്‍പ്പെടെയുള്ള 170ലധികം ഫ്‌ലോട്ടില്ല ആക്റ്റിവിസ്റ്റുകളെ ഇസ്രഈല്‍ നാടുകടത്തിയിട്ടുണ്ട്. ഇതോടെ ഇസ്രഈലില്‍ നിന്ന് നാടുകടത്തപ്പെട്ട ഫ്‌ലോട്ടില്ല പോരാളികളുടെ എണ്ണം 341 ആയി.

നാടുകടത്തപ്പെട്ടവരില്‍ ജര്‍മനി, പോളണ്ട്, സ്വീഡന്‍, ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പൗരന്മാരുണ്ടെന്ന് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Israel is not in a position today to kill Greta like it killed Rachel Corrie: Arundhathi B.