ഒരു പോസ്റ്റിന് ആറ് ലക്ഷം വരെ; മുഖം രക്ഷിക്കാന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരെ വിലക്കെടുത്ത് പരിശീലനം നല്‍കി ഇസ്രഈല്‍; വിക്കി ലീക്ക്‌സ് റിപ്പോര്‍ട്ട്
World
ഒരു പോസ്റ്റിന് ആറ് ലക്ഷം വരെ; മുഖം രക്ഷിക്കാന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാരെ വിലക്കെടുത്ത് പരിശീലനം നല്‍കി ഇസ്രഈല്‍; വിക്കി ലീക്ക്‌സ് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th October 2025, 5:40 pm

ടെല്‍ അവീവ്: ഗസയിലെ വംശഹത്യയില്‍ ലോകമെമ്പാടുനിന്നും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ഇസ്രഈല്‍. ലോകം എതിരെ നില്‍ക്കുമ്പോഴും ഇസ്രഈലിന്റെ പ്രതിഛായ രക്ഷിക്കാന്‍ സോഷ്യല്‍മീഡിയയില്‍ വലിയ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതൊന്നും യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും വലിയ രീതിയിലുള്ള ഫണ്ടിങ്ങും ഗൂഢാലോചനയും പിന്നിലുണ്ടെന്നും തെളിയിക്കുന്ന രേഖകള്‍ പുറത്തുവിട്ടിരിക്കുകയാണ് വിക്കി ലീക്ക്‌സ്.

ഇസ്രഈലിനെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനും ഇസ്രഈല്‍ വിരുദ്ധ പോസ്റ്റുകളെ ആക്രമിക്കാനുമായി പ്രത്യേക ബജറ്റ് തന്നെ നെതന്യാഹു സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്.

ഇസ്രഈല്‍ സോഷ്യല്‍മീഡിയ വഴി പ്രതിഛായ മിനുക്കാന്‍ യു.എസ് ഇന്‍ഫ്‌ളുവന്‍സര്‍മാരെ വിലക്കെടുത്തിരിക്കുകയാണെന്ന് വിക്കി ലീക്ക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ആരംഭിച്ച പ്രത്യേക പദ്ധതി പ്രകാരം ഇസ്രഈലിനെ അനുകൂലിക്കുന്ന ഓരോ പോസ്റ്റിനും 7000 യു.എസ് ഡോളറിന് (ഏകദേശം 6.15 ലക്ഷം രൂപ) മുകളിലുള്ള തുക നല്‍കുന്നുണ്ട്. പ്രമുഖ ഇന്‍ഫ്‌ളുവന്‍സര്‍മാരെ വിലക്കെടുക്കുകയും പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്.

ഗസയിലെ വംശഹത്യ ഐക്യരാഷ്ട്ര സഭയും സ്ഥിരീകരിച്ചതോടെ ലോകത്തിന് മുന്നില്‍ ഇസ്രഈലിന്റെ മുഖം മൂടി അഴിഞ്ഞുവീണിരുന്നു. പരോക്ഷമായി പിന്തുണ നല്‍കിയിരുന്ന പല യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും പരസ്യമായി ഇസ്രഈലിനെ തള്ളിപ്പറഞ്ഞു. ഇസ്രഈലിന്റെ പ്രവര്‍ത്തികള്‍ക്കെല്ലാം നെടുംതൂണായ യു.എസില്‍ നിന്നുതന്നെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുഖം രക്ഷിക്കാന്‍ ഇസ്രഈല്‍ തുനിഞ്ഞിറങ്ങിയത്.

വിദേശ രാജ്യങ്ങളില്‍ തങ്ങളുടെ പ്രതിഛായ മിനുക്കാനുള്ള പദ്ധതികള്‍ക്കായി നിലവില്‍ വകയിരുത്തിയിരിക്കുന്ന ബജറ്റ് 20 ഇരട്ടിയോളം ഉയര്‍ത്തി ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സാര്‍ തീരുമാനമെടുത്തുവെന്ന് വിക്കി ലീക്ക്‌സ് വിശദീകരിക്കുന്നു. 150 മില്യണ്‍ ഡോളറാണ് പ്രൊപഗാണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിരിക്കുന്നത്.

ഇത്രവലിയ തുക ചെലവഴിക്കുമ്പോള്‍ അത് ഫലപ്രദമാകണമെന്ന ദൃഢനിശ്ചയവുമുള്ളതുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഡിജിറ്റല്‍ ക്യാമ്പയിന്‍ സ്ട്രാറ്റജിസ്റ്റായ ബ്രാഡ് പാര്‍സ്‌കെയിലിനെ തന്നെ ഇസ്രഈല്‍ വിലയ്‌ക്കെടുത്തു.

പാര്‍സ്‌കെയിലിന് പ്രതിമാസം 1.5 മില്യണ്‍ ഡോളര്‍ നല്‍കിയാണ് ഇസ്രഈല്‍ സേവനം ഉപയോഗപ്പെടുത്തുന്നതെന്ന് വിക്കി ലീക്ക്‌സ് വെളിപ്പെടുത്തി. ഇസ്രഈല്‍ അനുകൂല സന്ദേശങ്ങളും ചിത്രങ്ങളും സൃഷ്ടിക്കുന്നതിനുള്ള ചുമതലയാണ് പാര്‍സ്‌കെയിലിന് നല്‍കിയിരിക്കുന്നത്.

ഇന്‍ഫ്‌ളുവന്‍സര്‍മാരെ വിലക്കെടുക്കാനായി മാത്രം ഇസ്രഈല്‍ 9,00000 യു.എസ് ഡോളര്‍ വകയിരുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പകുതിയിലേറെ പണം ചെലവഴിക്കുന്നത് ഇന്‍ഫ്‌ളുവന്‍സര്‍മാരെ തെരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കാനും വേണ്ടി മാത്രമാണ്. ഒരു ഡസനിലേറെ ഇന്‍ഫ്‌ളുവന്‍സര്‍മാരെ തെരഞ്ഞെടുത്തിട്ടുമുണ്ട്. ഇസ്രഈലിനെ വാഴ്ത്തുന്ന കണ്ടന്റുകള്‍ പ്രസിദ്ധീകരിക്കുകയാണ് ഇവരെ ഏല്‍പ്പിച്ചിരിക്കുന്ന ചുമതല.

ആധുനിക കാലത്തെ യുദ്ധത്തിന് ആധുനിക കാലത്തെ ആയുധമെന്നാണ് സോഷ്യല്‍മീഡിയയിലെ പ്രോപഗാണ്ട പ്രവര്‍ത്തനത്തെ നെതന്യാഹു വിലയിരുത്തുന്നത്. ഈയടുത്ത് ന്യൂയോര്‍ക്കിലെത്തിയ നെതന്യാഹു അവിടെയുള്ള ജൂത ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി സംസാരിച്ചിരുന്നു. അവരോട് ആഹ്വാനം ചെയ്തതും പുതിയ കാലത്തെ ആയുധമായ സോഷ്യല്‍മീഡിയയെ ഇസ്രഈലിന് അനുകൂലമായി ഉപയോഗിക്കാന്‍ ശ്രമിക്കേണ്ടതിനെ കുറിച്ചാണ്.

‘ഇന്ന് നാം യുദ്ധം നടത്തുന്നത് യുദ്ധഭൂമിയിലല്ല, പ്രധാനമായും സോഷ്യല്‍ മീഡിയയിലാണ്. അതിനായി വേണ്ട ആയുധങ്ങളുമായി നമ്മള്‍ പോരാടേണ്ടതുണ്ട്,’ നെതന്യാഹു പറയുന്നതിന്റെ വീഡിയോയും വിക്കി ലീക്ക്‌സ് പുറത്തുവിട്ടിട്ടുണ്ട്.

പ്രോപഗാണ്ട പ്രചാരണത്തിനായി പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കേണ്ട സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ കുറിച്ചും നെതന്യാഹു വിശദീകരിക്കുന്നുണ്ട്. ‘ടിക് ടോക്കി’നെയാണ് നെതന്യാഹു ഒന്നാംസ്ഥാനത്ത് നിര്‍ത്തുന്നത്. രണ്ടാമതായി ശ്രദ്ധിക്കേണ്ടത് ‘എക്‌സ്’ അക്കൗണ്ടുകളിലാണെന്നും നെതന്യാഹു പറയുന്നു. ഇന്‍ഫ്‌ളുവന്‍സര്‍മാരിലൂടെയാണ് ഇസ്രഈല്‍ പോരാടേണ്ടതെന്നും നെതന്യാഹു ന്യൂയോര്‍ക്കിലെ പരിപാടിയില്‍ പറയുന്നു.

ഇസ്രഈല്‍ സര്‍ക്കാരിന് വേണ്ടി ‘ഹാവാസ് മീഡിയ ഗ്രൂപ്പ്’ ആണ് പ്രത്യേക ഇസ്രഈല്‍ പ്രചാരണ പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യു.എസ്. ഫോറിന്‍ ഏജന്റ്‌സ് റജിസ്‌ട്രേഷന്‍ ആക്റ്റ് (FARA) പ്രകാരം 2025 സെപ്റ്റംബറില്‍ ബ്രിഡ്ജസ് പാര്‍ട്‌ണേഴ്‌സ് എല്‍.എല്‍.സി വഴി ‘ഹാവാസ് മീഡിയ ഗ്രൂപ്പ്’ രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കി.

ഇസ്രഈലിന് വേണ്ടിയുള്ള ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും പ്രത്യേക പോസ്റ്റുകളുടെ ആദ്യകോപ്പി തയ്യാറാക്കുന്നതിനും ഇസ്രഈലി കണ്ടന്റ് ക്രിയേറ്റര്‍മാരുമായി കൊളാബ് ചെയ്യാനുമെല്ലാം പ്രതിഫലം നല്‍കുന്നുണ്ടെന്ന് ബ്രിഡ്ജസ് പാര്‍ട്‌ണേഴ്‌സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Content Highlight: Up to 6 lakhs per post; Israel hired and trained social media influencers to save face; WikiLeaks report