ടെല്‍ അവീവ്: ഇന്ത്യയില്‍ ശേഷിക്കുന്ന ജൂതന്‍മാരെ അധിനിവേശ ഫലസ്തീനില്‍ പുനരധിവസിപ്പിക്കാനുള്ള നീക്കങ്ങളാരംഭിച്ച് ഇസ്രഈല്‍.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലുള്ള ബ്‌നൈ മെനാഷെ (Bnei Menashe) എന്നറിയപ്പെടുന്ന ജൂതവിഭാഗത്തെയാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എത്തിക്കാനുള്ള നിര്‍ദേശത്തിനാണ് ഇസ്രഈല്‍ അംഗീകാരം നല്‍കിയത്. ഇത്തരത്തില്‍ 5,800 ജൂതന്‍മാരെയാണ് ഇസ്രഈല്‍ കൊണ്ടുവരാനൊരുങ്ങുന്നത്.
‘ഈ ചരിത്രപരമായ തീരുമാനത്തോടെ 2030 ആകുമ്പോഴേക്കും ഏകദേശം 5,800 ആളുകളെ ഇസ്രഈലിലേക്ക് കൊണ്ടുവരും. 2026ല്‍ അംഗീകാരം ലഭിച്ച 1,200 ആളുകളും ഇതില്‍ ഉള്‍പ്പെടുന്നു,’ ഇസ്രഈലിന്റെ ജൂത ഏജന്‍സി പറഞ്ഞു.
ഇതാദ്യമായാണ് പ്രീ ഇമിഗ്രേഷനുള്ള എല്ലാ നടപടികള്‍ക്കും ജൂത ഏജന്‍സി മുന്‍കൈയെടുക്കുന്നത്. ചീഫ് റബ്ബിനേറ്റ് ഒഫ് ഇസ്രഈല്‍, കണ്‍വേര്‍ഷന്‍ അതോറിറ്റി, പോപ്പുലേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ അതോറിറ്റി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ കൊണ്ടുവരാനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്. ഇവരെയെത്തിക്കാനുള്ള വിമാനമടക്കമുള്ള നടപടികള്‍ ഇവര്‍ ചേര്‍ന്നാണ് നടത്തുന്നത്.
ഇന്ത്യയില്‍ നിന്നുള്ള ജൂതന്‍മാരെ കൊണ്ടുവരുന്നതിനുള്ള വിമാന യാത്ര, മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ക്ലാസുകള്‍, ഹീബ്രു ഭാഷ പഠിക്കുന്നതിനായുള്ള പ്രത്യേക ക്ലാസുകള്‍, മറ്റ് ആനുകൂല്യങ്ങളും ചെലവുകളും എന്നിവയുള്‍പ്പടെ 90 മില്യണ്‍ ഷെക്കല്‍ അഥവാ 27 മില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഇമിഗ്രേഷന്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ വകുപ്പ് മന്ത്രി ഒഫില്‍ സോഫര്‍ ഈ കണക്ക് മന്ത്രിസഭയില്‍ അവതരിപ്പിച്ചു. റബ്ബികളുടെ ഒരു സംഘം വൈകാതെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
‘ഒരു പതിറ്റാണ്ടിനുള്ളില്‍ ഇസ്രഈല്‍ അയച്ചതില്‍ ഏറ്റവും വലിയ പ്രതിനിധി സംഘമായിരിക്കും ഇത്. ഇസ്രഈലില്‍ ഫസ്റ്റ് ഡിഗ്രി ബന്ധുത്വമുള്ള ബ്‌നൈ മെനാഷെ വിഭാഗത്തില്‍ പെട്ട 3,000 ആളുകളുമായി ഈ പ്രതിനിധി സംഘം സംസാരിക്കും,’ പ്രഖ്യാപനത്തില്‍ പറയുന്നു.
ചീഫ് റബ്ബിനേറ്റ്, കണ്‍വേര്‍ഷന്‍ അതോറിറ്റി, അലിയാ (കുടിയേറ്റം) ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രാലയം, പോപ്പുലേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായും ജൂത ഏജന്‍സി കൈകോര്‍ക്കുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇവരെ അധിനിവേശ ഫലസ്തീന്‍ മേഖലയുടെ വടക്കന്‍ മേഖലയായ ഗലീലിയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലെബനനെതിരെയായ ഇസ്രഈലിന്റെ ആക്രമണം ഈ പ്രദേശത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സമീപവര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് കുടിയേറ്റക്കാര്‍ ഈ പ്രദേശം വിട്ടുപോയിട്ടുണ്ട്.
ബ്‌നൈ മെനാഷെ വിഭാഗത്തിന്റെ ജൂയിഷ്‌നെസ് (ജൂതത്വം/ജൂതപാരമ്പര്യം) വളരെ കാലമായി ചര്‍ച്ചകളുടെ ഭാഗമാണ്. 2005ല്‍ സെഫാര്‍ഡി വിഭാഗത്തിന്റെ ചീഫ് റബ്ബിയായ ഷ്‌ലോമോ അമാര്‍ ഇവരെ ഇസ്രഈലിന്റെ പിന്‍ഗാമികളായി അംഗീകരിച്ചു.
ഏകദേശം 2,700 വര്‍ഷങ്ങള്‍ക്ക് മുമ്പ് അസീറികള്‍ നാടുകടത്തിയ പത്ത് ഗോത്രവിഭാഗത്തില്‍ ഒന്നാണ് മെനാഷെ വിഭാഗമെന്നാണ് കരുതുന്നത്. നിലവില്‍ ഈ വിഭാഗത്തിലെ ഏകദേശം 2,500 ആളുകള്‍ ഇസ്രഈലില്‍ താമസിക്കുന്നുണ്ട്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇവര്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ഭാഗമാണ്.
Content Highlight: Israel has begun efforts to bring back and resettle the remaining Jews in India.