ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ലയെ തടഞ്ഞ് ഇസ്രഈല്‍; ഗ്രെറ്റ തെന്‍ബെര്‍ഗ് അടക്കമുള്ളവര്‍ അറസ്റ്റില്‍
World
ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ലയെ തടഞ്ഞ് ഇസ്രഈല്‍; ഗ്രെറ്റ തെന്‍ബെര്‍ഗ് അടക്കമുള്ളവര്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd October 2025, 7:41 am

ജെറുസലേം: ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുകയെന്ന ലക്ഷ്യവുമായി യാത്ര തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ലയെ തടഞ്ഞ് ഇസ്രഈല്‍ സേന. ഗസയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് സേന കപ്പല്‍ തടഞ്ഞെതെന്നാണ് വിവരം.

ഇസ്രഈല്‍ നാവിക സേന കപ്പലില്‍ പ്രവേശിച്ചെന്നും തത്സമയ ആശയവിനിമയം വിച്ഛേദിച്ചെന്നും ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ല സ്ഥിരീകരിച്ചു. ഗ്രെറ്റ തെന്‍ബെര്‍ഗ് അടക്കമുള്ള സഹായസംഘത്തെ സൈന്യം കസ്റ്റഡിലെടുത്തുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് കപ്പലുകള്‍ തടഞ്ഞുവെന്ന് ഗ്ലോബല്‍ സുമുദ് ഫ്ളോട്ടില്ല സ്ഥിരീകരിച്ചു. അല്‍മ, സിറിയസ്, അഡാര എന്നീ കപ്പലുകളെ ഇസ്രഈല്‍ സേന തടഞ്ഞതെന്ന് സുമുദ് ഫ്ളോട്ടില്ല പ്രസ്താവനയില്‍ പറഞ്ഞു. നിരായുധരായ മനുഷ്യസ്‌നേഹികള്‍ക്കെതിരെയുള്ള നിയമവിരുദ്ധ ആക്രമണമെന്നാണ് ഇതിനെ അവര്‍ വിശേഷിപ്പിച്ചത്. ഇസ്രഈല്‍ സേന കപ്പലില്‍ കയറുന്നതിന്റെ വീഡിയോകള്‍ സുമുദ് ഫ്ളോട്ടില്ല എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.

സുമുദ് ഫ്ളോട്ടില്ലയെ തടഞ്ഞതായും ഇസ്രഈല്‍ തീരത്തേക്ക് മാറ്റിയതായും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗ്രെറ്റയും കൂടെയുള്ളവരും സുരക്ഷിതരാണെന്നും അവര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഗസയിലെ ഇസ്രഈലിന്റെ നിയമവിരുദ്ധമായ ഉപരോധം അവസാനിപ്പിക്കുക, മാനുഷിക സഹായം എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല സ്‌പെയ്‌നിലെ ബാഴ്‌സലോണയില്‍ നിന്നും യാത്ര ആരംഭിച്ചത്. 44 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതിലധികം ചെറുകപ്പലുകളുടെ കൂട്ടമാണ് ഫ്‌ളോട്ടില്ല.

കഴിഞ്ഞ ദിവസം ഇസ്രഈലിന്റെ ‘ഹൈ റിസ്‌ക് ഏരിയ’യില്‍ പ്രവേശിച്ചതായി ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ല അറിയിച്ചിരുന്നു.

നേരത്തെയും കപ്പലിനെ ഇസ്രഈല്‍ ആക്രമിച്ചിരുന്നു. ഗ്രീസിന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ചും ടുണീഷ്യന്‍ തീരത്ത് വെച്ചും കപ്പലിനെതിരെ ഇസ്രഈല്‍ ഡ്രോണാക്രമണം നടന്നിരുന്നു.

Content Highlight: Israel forces intercepted Global Sumud Flottila and Detained Greta Thunberg, other activists