12 ദിവസത്തെ യുദ്ധം ഇസ്രഈലിന് നഷ്ടം 1.67 ലക്ഷം കോടി രൂപ; നഷ്ടക്കണക്കുകൾ പുറത്ത് വിട്ട് ഇസ്രഈൽ
World News
12 ദിവസത്തെ യുദ്ധം ഇസ്രഈലിന് നഷ്ടം 1.67 ലക്ഷം കോടി രൂപ; നഷ്ടക്കണക്കുകൾ പുറത്ത് വിട്ട് ഇസ്രഈൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th June 2025, 8:17 am

ടെൽഅവീവ്: ഇറാനെതിരായ 12 ദിവസത്തെ ആക്രമണത്തിൽ ഇസ്രഈലിന്  1.67 ലക്ഷം കോടി രൂപയുടെ  (20 ബില്യൺ ഡോളറിന്റെ)  നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്.

സൈനിക ചെലവുകൾ, മിസൈൽ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ, യുദ്ധം ബാധിച്ച വ്യക്തികൾക്കും ബിസിനസുകൾക്കുമുള്ള നഷ്ടപരിഹാരം, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ഇസ്രഈലി പത്രമായ യെദിയോത്ത് അഹ്‌റോനോത്തിന്റെ റിപ്പോർട്ട് പ്രകാരം ഭരണകൂടത്തിന്റെ ട്രഷറിക്ക് ഇതിനകം 22 ബില്യൺ ഷെക്കലിന്റെ (6.46 ബില്യൺ ഡോളർ) നാശനഷ്ടമുണ്ടായിട്ടുണ്ട്.

അതേസമയം, യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് 10 ബില്യൺ, പിന്നീട് 30 ബില്യൺ ഷെക്കൽ എന്നിങ്ങനെയുള്ള മുൻ അഭ്യർത്ഥനകൾക്ക് പിന്നാലെ ഇസ്രഈൽ സൈന്യം തങ്ങളുടെ ആയുധ ശേഖരം നിറയ്ക്കുന്നതിനും, കൂടുതൽ ഇന്റർസെപ്റ്ററുകളും യുദ്ധോപകരണങ്ങളും വാങ്ങുന്നതിനും, കരുതൽ സേനയെ നിലനിർത്തുന്നതിനുമായി 40 ബില്യൺ ഷെക്കൽ (11.7 ബില്യൺ ഡോളർ) അധിക ധനസഹായം അഭ്യര്ഥിച്ചിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രഈലിൽ കുറഞ്ഞത് 0.2 ശതമാനം സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്നാണ് നിലവിൽ വരുന്ന പ്രവചനങ്ങൾ.

ഇറാന്റെ ആക്രമണങ്ങളിൽ ഏകദേശം 40,000ത്തിലധികം വീടുകളും ബിസിനസുകളും തകർന്നെന്നാണ് കണക്ക്. 10,600ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ടൈംസ് ഓഫ് ഇസ്രഈലാണ് ഇക്കാര്യം പുറത്തുവിടുന്നത്. തെരുവുകളും കെട്ടിടങ്ങളും തകർന്നതിനാൽ പലരുടെയും ഉപജീവനം പ്രതിസന്ധിയിലായി

മാത്രമല്ല ഇറാനെതിരായ ആക്രമണ പ്രവർത്തനങ്ങൾക്കും ടെഹ്‌റാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രതിരോധ നടപടികൾക്കുമായി ഭരണകൂടത്തിന്റെ മന്ത്രിസഭ ഏകദേശം അഞ്ച് ബില്യൺ ഡോളർ ചെലവഴിച്ചതായി ഇസ്രഈലി ബിസിനസ് ദിനപത്രമായ കാൽക്കലിസ്റ്റ് റിപ്പോർട്ട് ചെയ്തു. . അതായത് പ്രതിദിനം 725 മില്യൺ ഡോളർ.

ഇറാന്റെ ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രഈലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെക്കേണ്ടിവന്നിരുന്നു. ഇസ്രഈലിലെ ഏറ്റവും വലിയ വിമാനത്താവളമായാ ഗുരിയോണിൽ പ്രതിദിനം 300 ഓളം വിമാനങ്ങളും 35,000 യാത്രക്കാരും എത്താറുണ്ട്. വിമാനത്താവളം അടച്ചിട്ടത് സാമ്പത്തിക നഷ്ടം വർധിപ്പിക്കുമെന്ന് കണക്കുക്കൂട്ടുകയാണ് സാമ്പത്തിക വിദഗ്ദ്ധർ.

അതേസമയം, ഇസ്രഈലിന്റെ ദേശീയ വിമാനക്കമ്പനിയായ എൽ അൽ, ആക്രമണ സാധ്യത മുന്നിൽ കണ്ട് വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു. ഇത് ആറ് മില്യൺ ഡോളർ നഷ്ടമുണ്ടാക്കിയതായി റിപ്പോർട്ടുണ്ട്.

സൈനിക സംഘർഷം മൂലം സാമ്പത്തിക വിപണികൾ തകർന്നു. ഇസ്രായേലിന്റെ വജ്ര വ്യാപാര കേന്ദ്രത്തിൽ ഒരു ഇറാനിയൻ മിസൈൽ പതിച്ചതായി റിപ്പോർട്ടുണ്ട്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ എട്ട് ശതമാനത്തോളം വരുന്ന മേഖലയാണ് ഇസ്രഈലിന്റെ വജ്ര വ്യാപാര മേഖല.

ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

നഷ്ടപരിഹാരത്തിന് മാത്രം കുറഞ്ഞത് അഞ്ച് ബില്യൺ ഷെക്കൽ (1.5 ബില്യൺ ഡോളർ) ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇറാനിയൻ മിസൈൽ ആക്രമണങ്ങളിൽ നിന്നുള്ള ഭൗതിക നാശനഷ്ടങ്ങൾ ഇതിനകം അഞ്ച് ബില്യൺ ഷെക്കൽ (1.5 ബില്യൺ ഡോളർ) കവിഞ്ഞതായി തിങ്കളാഴ്ച ദി മാർക്കർ സ്ഥിരീകരിച്ചു.

യുദ്ധം നീട്ടിക്കൊണ്ടുപോകുന്നത് ഇസ്രഈലിന്റെ പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ തകർച്ചയുടെ വക്കിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

വസ്തു നികുതി കണക്കുകൾ പ്രകാരം,ഇറാന്റെ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ കാരണം ഏകദേശം 15,000 ഇസ്രഈലി കുടിയേറ്റക്കാർ അവരുടെ യൂണിറ്റുകൾ ഒഴിയാൻ നിർബന്ധിതരായി. പലരും അധിനിവേശ പ്രദേശങ്ങളിലുടനീളമുള്ള ഹോട്ടലുകളിലേക്ക് താമസം മാറി.

ഇറാന്റെ ആക്രമണത്തിൽ തകർന്ന ഇസ്രഈൽ കെട്ടിടം

അവരുടെ ഹോട്ടൽ താമസത്തിന്റെ ചെലവ് നിലവിൽ ഏകദേശം 100 ദശലക്ഷം ഷെക്കൽ (29 ദശലക്ഷം ഡോളർ) ആയി കണക്കാക്കപ്പെടുന്നു. തകർന്ന കെട്ടിടങ്ങൾ പുനർനിർമിക്കുന്നത് വരെ, നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഭരണകൂടം ദീർഘകാലം വാടക നൽകേണ്ടിവരും.

വലതുപക്ഷ പത്രമായ ഇസ്രായേൽ ഹയോം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ഇതുവരെ 41,000ത്തിലധികം ക്ലെയിമുകൾ ഭരണകൂടത്തിന്റെ നഷ്ടപരിഹാര ഫണ്ടിലേക്ക് സമർപ്പിക്കപ്പെട്ടിട്ടുണ്ട്. അത് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിൽ ഏകദേശം 33,000 എണ്ണം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും 8,000ത്തിലധികം എണ്ണം വാഹനങ്ങൾ, സ്വത്ത്, ഉപകരണങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതാണെന്നും കണ്ടെത്തി. ഭൂരിഭാഗം ക്ലെയിമുകളും ടെൽ അവീവിലെ താമസക്കാരാണ് സമർപ്പിച്ചത്.

യുദ്ധച്ചെലവുകൾ ലഘൂകരിക്കുന്നതിനും സൈനിക ധനസഹായം നൽകുന്നതിനും സഹായമായോ അല്ലെങ്കിൽ ഗ്യാരണ്ടീഡ് വായ്പകളായോ വാഷിങ്ങ്ടണിനോട് കൂടുതൽ സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതിനെക്കുറിച്ച് ഇസ്രഈൽ ആലോചിക്കുന്നതായി ധനകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജൂൺ 13ന്, ഇറാനെതിരെ ഇസ്രഈൽ ഒരു പ്രകോപനവുമില്ലാതെ ആക്രമണം അഴിച്ചുവിട്ടു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ സാധാരണ പൗരന്മാർക്കൊപ്പം മുതിർന്ന സൈനിക കമാൻഡർമാരെയും ശാസ്ത്രജ്ഞരെയും ഇസ്രഈൽ കൊലപ്പെടുത്തി.

ഇതിനുള്ള തിരിച്ചടിയായി ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചു. അവ ഇസ്രഈലിന്റെ തന്ത്രപ്രധാനമായ നിരവധി സ്ഥലങ്ങളിൽ പതിച്ചുവെന്ന് ഇസ്രാഈലി മാധ്യമങ്ങൾ തന്നെ സ്ഥിരീകരിച്ചു.

ഇറാനിയൻ പ്രതികാര ആക്രമണങ്ങളിൽ 29 മരണങ്ങളും 3,238 പേർക്ക് പരിക്കേറ്റതായും ഇസ്രഈൽ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കനത്ത നഷ്ടങ്ങൾ വരുത്തിവെക്കുകയും ഇറാന്റെ ആണവ നിലയങ്ങൾ നശിപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തതിനെത്തുടർന്ന്, യു.എസ് നിർദേശിച്ച വെടിനിർത്തൽ ഏകപക്ഷീയമായി അംഗീകരിക്കാൻ ഇസ്രഈൽ നിർബന്ധിതരാകുകയായിരുന്നു.

 

 

 

 

 

 

 

 

Content Highlight: Israel faces $12 billion in losses after 12-day war with Iran